ഡെന്‍വെര്‍: പുതിയ പരിശീലകന് ലൂയിസ് വാന്‍ഗാലിന്റെ കീഴില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയഗാഥ തുടരുന്നു. വെയ്ന്‍ റൂണി ഇരട്ടഗോളുകളോടെ മിന്നിയപ്പോള്‍, അമേരിക്ക ആതിഥ്യം വഹിക്കുന്ന സൗഹൃദ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇറ്റാലിയന്‍ ടീം റോമയ്ക്കെതിരെ മാന്‍.യു ജയംകണ്ടു. ഗ്രൂപ്പ് എയില്‍ 3-2 എന്ന സ്കോറിനാണ് അവര്‍ റോമയെ മറികടന്നത്.
കളിയുടെ തുടക്കത്തിലും ഒടുക്കത്തിലും റോമ പുലര്‍ത്തിയ ആധിപത്യത്തെ അതിജീവിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം നേടിയെടുക്കുകയായിരുന്നു. 36-ാം മിനിറ്റില്‍ യുവാന്‍ മാറ്റയുടെ പാസ് തകര്‍പ്പനൊരു ലോങ് റേഞ്ചിലൂടെ റൂണി ലക്ഷ്യത്തിലെത്തിച്ചു (1-0). രണ്ടു മിനിറ്റുകള്‍ക്കുശേഷം മാറ്റയ്ക്ക് റൂണി ഗോളവസരം ഒരുക്കി നല്കി (2-0). ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാനി വെല്‍ബെക്കിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗോളാക്കി റൂണി ഡബിളും തികച്ചു (3-0). എങ്കിലും 75-ാം മിനിറ്റില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മൈതാനമധ്യത്തു നിന്ന് മിറാലം ജാനിക്ക് ഉഗ്രന്‍ ഒരു ലോബിലൂടെ റോമയ്ക്ക് വേണ്ടി ഒരു ഗോള്‍ മടക്കി (3-1). 89-ാം മിനിറ്റില്‍ ഫ്രാന്‍സെസ്കോ ടോട്ടിയുടെ പെനാല്‍റ്റി ഗോളും റോമയുടെ പരാജയഭാരം കുറച്ചു (3-2).
ഇതേ ഗ്രൂപ്പില്‍ ഇന്റര്‍ മിലാന് റയല്‍ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു (3-2). നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് തുല്യംനിന്നു. 10-ാം മിനിറ്റില്‍ ഗാരെത് ബെയ്ല് റയലിന് മേല്‍ക്കൈ നല്കിയപ്പോള് മൗറോ ഇക്കാര്‍ഡി പെനാല്‍റ്റി സ്ട്രൈക്ക് വഴി ഇന്ററിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ വിജയിയെ നിശ്ചയിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: