വേറെന്തിനെക്കുറിച്ചും, ഭൗതികശാസ്ത്രങ്ങളുടെ മഹാദ്ഭുതങ്ങളെക്കുറിച്ചുപോലും ചിന്തിക്കുന്ന ഓരോ നിമിഷവും അത്രയും പാഴ് വേലയാണ്. ആ ചിന്തയില്‍ നിന്നകറ്റുന്നതെല്ലാം വ്യര്‍ത്ഥമാണ്. ഒരു ദേവന്റെ ദിവ്യദൃഷ്ടിയുണ്ടായാലും ശരി, ഒരു തിര്യക്കിന്റെ അജ്ഞതയുണ്ടായാലും ശരി, ജീവിതം അനിത്യമാണ്. പഴന്തുണി ചുറ്റി ഏഴകളിലേഴയായാലും ശരി, ലോകത്തിലേക്ക് ഏറ്റവും വലിയ കുബേരനായാലും ശരി, ജീവിതം അനിത്യമാണ്. പടിഞ്ഞാറന്‍ രാജ്യത്തൊരു വന്‍നഗരത്തിലെ വലിയൊരു തെരുവില്‍ കണ്ടവരുടെ കാല്‍ച്ചവുട്ടേറ്റു കഴിയുന്ന മനുഷ്യനായാലും ശരി, അനേകലക്ഷം മാലോകരെ അടക്കിവാഴുന്ന മുടിചൂടിയ മന്നനായാലും ശരി, ജീവിതം അനിത്യമാണ്. ആരോഗദൃഢഗാത്രനായാലും ശരി, രോഗഗ്രസ്തനായാലും ശരി, വജ്രകഠിനമായ ഹൃദയമുള്ളവനായാലും ശരി, ജീവിതം അനിത്യമാണ്.
-സ്വാമി വിവേകാനന്ദന്‍
















