മൂവാറ്റുപുഴ: ബാങ്കുകളുടെ പണം എടിഎം കൗണ്ടറില്‍ നിക്ഷേപിച്ച ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് തട്ടിയെടുത്ത യുവാവിനെ പട്ടിമറ്റം സിഐ മനോജ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം ഞാറല്ലൂര്‍ തുരുത്തി പറമ്പില്‍ മിഥുന്‍ വര്‍ഗീസ്(24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 4-ന് പട്ടിമറ്റം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിലെ പണമടയ്‌ക്കാന്‍ കൊണ്ടുപോയ 10ലക്ഷം രൂപ ബൈക്കിലെത്തിയ അക്രമിസംഘം തട്ടിയെടുത്തുവെന്ന കേസിലെ പരാതിക്കാരനാണിയാള്‍. ഈ കേസിലും ഇയാള്‍ സംശയത്തിന്റെ നിഴലിലാണ്. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ബിവറേജ്‌സ് കോര്‍പ്പറേഷന്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യവെയാണ് പ്രതി പുതിയ തട്ടിപ്പുവിവരം വെളിപ്പെടുത്തിയത്.
എറണാകുളം പാലാരിവട്ടത്തെ സെക്യൂര്‍ വാല്യൂ ഇന്‍ഡ്യ ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരനാണ് മിഥുന്‍. ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ പണം ബാങ്കില്‍ നിക്ഷേപിക്കുന്ന ഏജന്‍സിയാണ് ഈ കമ്പനി. മിഥുന്റെ കീഴില്‍ ബാങ്കുള്‍പ്പെടെ 20സ്ഥാപനങ്ങളുടെ പണം നിക്ഷേപിക്കുന്ന ചുമതലായണുള്ളത്. ഫെഡറല്‍ ബാങ്കിന്റെ വാളകം കടയിരുപ്പ്, കിഴക്കമ്പലം, പട്ടിമറ്റം എടിഎമ്മുകളില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണം നിക്ഷേപിച്ച ശേഷം തെളിവായി രസീത് കമ്പനിയില്‍ ഏല്‍പ്പിക്കും. ഇതനുസരിച്ച് ഏജന്‍സി ഏല്‍പ്പിച്ച പണം എടിഎമ്മില്‍ നിക്ഷേപിച്ചതായി ഉറപ്പ് വരുത്തും. ചുമതലപ്പെടുത്തിയ മിഥുനും സഹായിയിയും ഓരോ എടിഎമ്മിന്റേയും രഹസ്യ കോഡുകള്‍ പരസ്പരം കൈമാറാതെയാണ് പണം നിക്ഷേപിക്കുന്നത്.
എന്നാല്‍ മിഥുന്‍ സഹായിയില്‍ നിന്നും എടിഎമ്മിന്റെ രഹസ്യ കോഡ് മനസ്സിലാക്കി സ്വന്തം കോഡും രഹസ്യ കോഡും ഉപയോഗിച്ചായിരുന്നു പണം പിന്‍വലിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 31വരെ ബാങ്കുകളുടെ ഓഡിറ്റിംഗില്‍ വിവിധ എടിഎമ്മുകളിലെ പണം സംബന്ധിച്ചുള്ള രേഖകള്‍ കൃത്യമായി പോയിരുന്നു.
ഇതിന് ശേഷം ജൂലൈ 5 വരെയുള്ള കാലത്താണ് പണം തട്ടിയെടുത്തത്. മൂവാറ്റുപുഴ, വാളകം എടിഎമ്മില്‍ നിന്ന് 1,35,000/-രൂപയും, കടയിരുപ്പ് എഞ്ചിനീയര്‍ കോളേജ് കൗണ്ടറില്‍ എടിഎമ്മില്‍ നിന്ന് 3ലക്ഷത്തോളം രൂപയും പട്ടിമറ്റം, കിഴക്കമ്പലം എടിഎമ്മുകളില്‍ നിന്നായി 7,50,000/-രൂപയോളം തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ പണം തട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തതോടെയാണ് ബാങ്കിലെ തിരുമറി തെളിഞ്ഞത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട്, മൂവാറ്റുപുഴ, പുത്തന്‍കുരിശ് സ്റ്റേഷനുകളിലും കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്‌ഐ ശശിന്ദ്രന്‍ അറിയിച്ചു. പിസിമാരായ ഇക്ബാല്‍, വിനില്‍കുമാര്‍, ഷിബു എന്നിവരും അന്വേഷണത്തിന് നേതൃത്വം കൊടുത്തു.
















