ആദിമൂല ശക്തിയില്‍ പ്രകടമാകുന്ന അവിടുത്തെ മൂന്ന് ഭാവങ്ങളാണ് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവ. ഈശ്വരന്റെ വൈഭവങ്ങള്‍ ഈ ലോകത്ത് പ്രകടമാകുന്നത് ഈ മൂന്ന് ഭാവങ്ങളിലൂടെയാണ്. പ്രപഞ്ചത്തില്‍ എല്ലാറ്റിനും അടിസ്ഥാനവേദി ഒരുക്കുന്നത് സരസ്വതിയാണ്. പ്രപഞ്ച സൃഷ്ടിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള അടിത്തറ ഒരുക്കുകയാണ് ഇതിന്റെ ഉദ്ദേശം. അതിനുള്ള ജ്ഞാനവും ഉണര്‍വും ബോധവും പ്രകടമാകുന്ന ഭാവം കൂടിയാണ് മഹാസരസ്വതി. ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരണത്തിനുള്ള യാത്രയില്‍ ആവശ്യമായ സമസ്ത ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്ന ഈശ്വരഭാവത്തെ മഹാലക്ഷ്മിയെന്ന് പറയും. അങ്ങനെ ജീവിത യാത്ര തുടരവെ ജന്മോദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ വ്യാകുലത കാണിക്കുന്ന ജീവന്‍മാരിലെ തമസ്സിന്റെ ആവരണങ്ങളെ ഭേദിച്ച് ധര്‍മത്തിന്റെ വഴി തുറന്നുകൊടുക്കുന്ന ശക്തിയാണ് മഹാകാളി. ഈ മൂന്നുഭാവങ്ങള്‍ക്ക് ഉപരി ഈശ്വരന് മറ്റൊരുഭാവം കൂടിയുണ്ട്. അതിനെ മഹേശ്വരി എന്ന് പറയും. നമ്മുടെ ജീവബോധത്തെ താഴ്ന്ന മണ്ഡലങ്ങളില്‍നിന്നും ഉയര്‍ത്തി ഊര്‍ദ്ധ്വലോകങ്ങളിലേക്ക് എത്തിക്കുന്ന ഈശ്വരഭാവമാണ് അത്.
ശരീരപ്രാണമനസ്സുകളുടെ തലങ്ങളില്‍നിന്നും മോചനം നേടാതെ ഒരു മനുഷ്യജീവന്റെ ആത്മാനേ്വഷണം പൂര്‍ണമാക്കാന്‍ സാധിക്കില്ല. പക്വമതികളായ ജീവന്‍മാരെ ശരീരപ്രാണമനസ്സുകളുടെ പിടിയില്‍നിന്നും കരകയറ്റി നിത്യമായ സത്യത്തോട് അടുപ്പിക്കാന്‍വേണ്ടി ആവിര്‍ഭവിക്കുന്ന ശക്തിവിശേഷണമാണ് മഹേശ്വരി.
-തഥാതന്‍















