ഫോര്‍ട്ടാലെസ: ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. ഗ്രൂപ്പ് ജേതാക്കളും നിലവിലെ റണ്ണേഴ്സപ്പുമായ ഹോളണ്ടും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും കരുത്തരായ മെക്സിക്കോയും തമ്മിലാണ് ഇന്നത്തെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം.
ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഹോളണ്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് തുടങ്ങിയ ഹോളണ്ട് രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കും തകര്‍ത്താണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ ഹോളണ്ട് എതിര് വലയില്‍ നിക്ഷേപിച്ചപ്പോള്‍ മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. ഗ്രൂപ്പ് എയില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മെക്സിക്കോ അവസാന 16-ല്‍ ഇടംപിടിച്ചത്. ആദ്യമത്സരത്തില്‍ കാമറൂണിനെ 1-0ന് പരാജയപ്പെടുത്ത മെക്സിക്കോ രണ്ടാമത്തെ ബ്രസീലിനെ ഗോള്‍രഹിത സമനിയില്‍ തളച്ചു. അവസാന മത്സരത്തില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയത്. മെക്സിക്കോ നാല് തവണ എതിര് വല കുലുക്കിയപ്പോള്‍ ഒരെണ്ണം വഴങ്ങുകയും ചെയ്തു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പുറത്തിരുന്ന സൂപ്പര്‍താരവും ക്യാപ്റ്റനുമായ റോബിന് വാന്‍ പെഴ്സി ഇന്ന് മെക്സിക്കോക്കെതിരെ കളിക്കാനിറങ്ങും. ഗ്രൂപ്പ് മത്സരങ്ങൡ മൂന്നു ഗോളുകള്‍ വീതം നേടി തകര്‍പ്പന്‍ ഫോമിലാണ് ഓറഞ്ച് പടയുടെ ഈ മുന്നേറ്റക്കാര്‍. വാന്പെഴ്സിക്കൊപ്പം റോബനും മുന്നേറ്റനിരയില്‍ കളിക്കാനിറങ്ങുന്നതോടെ ഈ സഖ്യത്തെ തടഞ്ഞുനിര്‍ത്തുക എന്നതാണ് മെക്സിക്കന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. അസാധ്യമായ ആംഗിളില്‍ നിന്നുപോലും ഗോളടിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. അതുപോലെ തന്നെയാണ് വേഗവും. പന്ത് കാലില്‍ കിട്ടിയാല്‍ ചാട്ടൂളി കണക്കെയാണ് ഇരുവരും എതിര് ബോക്സിലേക്ക് കുതിക്കുക. ഗോള്‍വലയം കാക്കാന്‍ യാസ്പര്‍ ചീല്സ്മാനും പ്രതിരോധത്തില്‍ വാലറും ഡി വ്രിജും മാര്‍ട്ടിന്‍സ് ഇന്‍ഡിയും ഡാരില്‍ യാന്മാറ്റും മധ്യനിരയില്‍ കളിമെനയാന്‍ വെസ്ലി സ്നൈഡറും ബ്ലിന്‍ഡും ഗുസ്മാനും ഡി ജോംഗും മെംഫിസ് ഡീപെ ഇറങ്ങുന്നതോടെ മെക്സിക്കോക്ക് കനത്ത പ്രതിരോധം തീര്‍ക്കേണ്ടിവരും. പ്രതിരോധം പൊളിഞ്ഞാലും ഒരു മഹാരഥനെ കീഴടക്കുക എന്ന സാഹസികമായ ദൗത്യവും ഹോളണ്ട് പോരാളികളുടെ മുന്നിലുണ്ട്. മെക്സിക്കന്‍ ഗോളി ഗ്വില്ലര്‍മോ ഒക്കാവോയെ. ബ്രസീലിനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് ഒക്കാവോ സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നത്. ഗോളെന്നുറച്ച നാല് അവസരങ്ങളാണ് ഒക്കാവോ അത്യത്ഭുതകരമായി രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ക്രൊയേഷ്യക്കെതിരെയും തകര്‍പ്പന്‍ പ്രകടനമാണ് ഒക്കാവോ നടത്തിയത്. അതുകൊണ്ടുതന്നെ ഹോളണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി ഗോളിയെ കീഴടക്കുക എന്നതാണ്. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന് ഓറഞ്ച് പടക്ക് തന്നെ നല്ലവണ്ണം അറിയുകയും ചെയ്യാം.
അതേസമയം ഒരൊറ്റ സൂപ്പര്താരങ്ങളുമില്ലാതെയാണ് മെക്സിക്കോ കുതിപ്പ് നടത്തുന്നത്. ഒത്തൊരുമയുള്ള പ്രതിരോധ-മധ്യ-മുന്നേറ്റനിരയാണ് മെക്സിക്കോയുടെ കരുത്ത്. എതിര് മുന്നേറ്റങ്ങളെ മധ്യനിരയില്‍ വച്ചുതന്നെ തടയാനുള്ള കഴിവ് മെക്സിക്കോക്ക് ഗുണം ചെയ്യും. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസ് ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടി മികച്ച ഫോമില്‍ തിരിച്ചെത്തി എന്നതാണ് അവരുടെ ആശ്വാസം. ഒപ്പം സൂപ്പര്‍താരമായ ജിയോവാനി ഡോസ് സാന്റോസും കാമറൂണിനെതിരായ മത്സരത്തില്‍ വിജയഗോള്‍ നേടിയ ഒറിബേ പെറാല്ട്ടയും മികച്ച പ്രകടനം നടത്തുന്നുണ്ട്. പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ്, ഫ്രാന്‍സിസ്കോ റോഡ്രിഗസ്, ഹെക്ടര്‍ മോറേനോ, മിഗ്വേല്‍ ലയൂണും മധ്യനിരയില്‍ ഹെക്ടര്‍ ഹെരേര, ഹോസെ യുവാന്‍ വാസ്ക്വേസ, ആന്ദ്രേ ഗ്വാര്‍ഡാഡോ, മാര്‍ക്കോ ഫാബിയാന്‍ തുടങ്ങിയവരും അണിനിരക്കുന്നതോടെ പൊതുവേ അത്ര കരുത്തരല്ലാത്ത ഡച്ച് പ്രതിരോധത്തിന് പിടിപ്പിതു പണിയാകുമെന്ന് ഉറപ്പ്.
മുന്‍പ് ആറ് തവണയാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്നെണ്ണം ഹോളണ്ടും രണ്ടെണ്ണം മെക്സിക്കോയും വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍ കലാശിച്ചു. എന്നാല്‍ അവസാനം കളിച്ച നാല് മത്സരത്തില്‍ മൂന്നെണ്ണത്തിലും വിജയം ഹോളണ്ടിനൊപ്പം നിന്നു. ഒരെണ്ണം സമനിലയിലാവുകയും ചെയ്തു. 1988ലെ ലോകകപ്പിലാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. അന്ന് 2-0ന് പിന്നിട്ടുനിന്ന മെക്സിക്കോ അവസാന 15 മിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടി സമനില സ്വന്തമാക്കി. എന്തായാലും ഇന്ന് വിജയിച്ചാല്‍ മാത്രമേ ഇരുടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നതിനാല്‍ ആവേശപ്പോരാട്ടത്തിനായിരിക്കും സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: