റിയോ ഡി ജെയിനെറോ: ഫ്രഞ്ച് പടയെ കീഴടക്കാന്‍ കഴിയാതെ ഇക്വഡോര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ഇക്വഡോറിന്റെ അന്റോണിയോ വലന്‍സിയ ചുവപ്പുകാര്‍ഡ് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. പിന്നീടുള്ള സമയം 10 പേരുമായാണ് അവര്‍ കളിച്ചത്. എന്നിട്ടും ഒരിക്കല്‍ പോലും ഇക്വഡോര്‍ വല കുലുക്കാന്‍ ബെന്‍സേമ ഉള്‍പ്പെട്ട ഫ്രഞ്ച് പോരാളികള്‍ക്ക് കഴിഞ്ഞതുമില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. അതേസമയം ഇക്വഡോറിന് വന്‍ മാര്‍ജിനില്‍ ജയിച്ചാലേ നോക്കൗണ്ട് റൗണ്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനുള്ള കാര്യമായ ശ്രമമൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായതുമില്ല. ഗ്രൂപ്പ് ഇയില്‍ മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റുമായാണ് ഫ്രാന്‍സ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഹോണ്ടുറാസിനെ തോല്‍പ്പിച്ച സ്വിറ്റ്സര്‍ലന്റ് 6 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായും നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു. 30ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന നൈജീരിയയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
ആദ്യ രണ്ട് മത്സരങ്ങളില്‍ ഗംഭീര വിജയം സ്വന്തമാക്കിയ ഫ്രാന്‍സിന്റെ സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം മറന്ന ദിവസമായിരുന്നു ഇന്നലെ. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും 21 ഷോട്ടുകള്‍ പറത്തിയിട്ടും ഒരിക്കല്‍ പോലും ഇക്വഡോര്‍ വലകുലുക്കാന്‍ ഫ്രഞ്ച് പടയാളികള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് മത്സരത്തിന്റെ നിര്‍ഭാഗ്യം. ഇതില്‍ 9 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ഇക്വഡോര്‍ ഗോളിയുടെ മികച്ച പ്രകടനമാണ് ഫ്രാന്‍സിനെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. അതേസമയം ഇക്വഡോര്‍ 12 ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. എന്നാല്‍ രണ്ടിനും ഫ്രഞ്ച് ഗോളിയെ കീഴ്പ്പെടുത്താനുള്ള കരുത്തുണ്ടായിരുന്നില്ല. സൂപ്പര്‍ താരം കരിം ബെന്‍സേമ ഇന്നലെ ഫോമിലേക്ക് ഉയരാതിരുന്നതാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. എന്നാല്‍ പോള്‍ പോഗ്ബ കളം നിറഞ്ഞുകളിച്ചു. പോഗ്ബയുടെ പല ഷോട്ടുകളും നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്.
മത്സരത്തില്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദം ചെലുത്തിയ ഫ്രാന്‍സ് നിരവധി അവസരങ്ങളാണ് തുലച്ചുകളഞ്ഞത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 15-ാം മിനിറ്റില്‍ സിസോകോയുടെ ഷോട്ട് ഇക്വഡോര്‍ ഗോളി രക്ഷപ്പെടുത്തി. അധികം കഴിയും മുന്നേ ഇക്വഡോറിന്റെ എന്നര് വലന്‍സിയയും അവസരം പാഴാക്കി. പിന്നീട് 38-ാം മിനിറ്റില്‍ ഗ്രിസ്മാന്റെ ക്രോസില്‍ നിന്ന് പോള്‍ പോഗ്ബ ഹെഡ്ഡര്‍ പായിച്ചെങ്കിലും ഇക്വഡോര്‍ ഗോളിയെ മറികടക്കാനായില്ല. 41-ാം മിനിറ്റില്‍ എന്നര് വലന്‍സിയയുടെ ഹെഡ്ഡര്‍ ഫ്രഞ്ച് ഗോളി കയ്യിലൊതുക്കി. 44-ാം മിനിറ്റില്‍ സൂപ്പര്‍താരം കരിം ബെന്‍സേമയും ഒരു അവസരം പാഴാക്കിയതോടെ ആദ്യ പകുതിയില്‍ ഗോള്‍ വിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് ഒരു അവസരം പാഴാക്കി. സഗ്നയുടെ ക്രോസ് സ്വീകരിച്ച് ഗ്രിസ്മെന്‍ വെടിയുണ്ട പായിച്ചെങ്കിലും ഇക്വഡോര്‍ ഗോളി രക്ഷപ്പെടുത്തി. 50-ാം മിനിറ്റില്‍ ഇക്വഡോറിന് തിരിച്ചടിയേറ്റ് അന്റോണിയോ വലന്‍സിയ പുറത്തായി. ഫ്രാന്‍സിന്റെ ലൂക്കാസ് ഡിഗ്നെയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് വലന്‍സിയക്ക് റഫറി ചുവപ്പുകാര്‍ഡ് കാണിച്ചത്. പിന്നീട് ഒരാളുടെ മുന്‍തൂക്കം മുതലെടുത്ത് ഫ്രഞ്ച് താരങ്ങള്‍ ആക്രമണങ്ങളുടെ തിരമാല ഉയര്‍ത്തിയെങ്കിലും ബെന്‍സേമയും പോഗ്ബയും സിസോകോയും അടക്കമുള്ളവര്‍ അവസരങ്ങള്‍ തുലച്ചു കളയുകയായിരുന്നു. ഒരാളുടെ കുറവുണ്ടായിട്ടും അവസാന മിനിറ്റുകളില്‍ ജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം തകര്‍ത്ത് ലക്ഷ്യം നേടാന്‍ കഴിയാതിരുന്നതോടെ ഇക്വഡോറിന് പുറത്തേക്കുള്ള വഴി തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: