മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഗവര്‍ണര്‍മാരെ കേന്ദ്രത്തില്‍ പുതുതായി അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാര്‍ നീക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ഗവര്‍ണര്‍ ബി.എല്‍.ജോഷിയും ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്തും ഇതിനകം രാജിവച്ചു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി അനൗപചാരികമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കില്ലെന്ന നിലപാടാണ് കേരള ഗവര്‍ണര്‍ ഷീലാദീക്ഷിത്തും കേരളീയനായ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ.ശങ്കരനാരായണനും എടുത്തിട്ടുള്ളതെന്ന് അറിയുന്നു. രാജിവയ്ക്കാന്‍ വിസമ്മതിച്ചതായി പറയപ്പെടുന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണനെ യുപിഎ ഭരണകാലത്തെ അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടുമയി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ പോകുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തില്‍ മുന്‍ ലോക്സഭാ സെക്രട്ടറി ജനറലും പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനുമായ സുഭാഷ് സി.കശ്യപ് പ്രമുഖ പത്രപ്രവര്‍ത്തക മാനവി കപൂറിന് നല്കിയ അഭിമുഖം.
എന്താണ് ഒരു ഗവര്‍ണറുടെ ചുമതല?
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ താല്പ്പര്യത്തേക്കാളുപരി മുഴുവന്‍ രാഷ്ട്രത്തിന്റെയും താല്‍പ്പര്യങ്ങളെയാണ് അദ്ദേഹം പരിരക്ഷിക്കേണ്ടത്. ഇക്കാര്യത്തില്‍ ഒരു താല്‍പ്പര്യ സംഘട്ടനം ഉണ്ടായാല്‍ രാജ്യതാല്‍പ്പര്യമാണ് ഗവര്‍ണര്‍ പരിഗണിക്കേണ്ടത്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു നിയമസഭ മേറ്റ്ന്തെങ്കിലും സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതികൂലമായി ബാധിക്കുന്ന ഒരു ബില്‍ പാസ്സാക്കിയെന്നിരിക്കട്ടെ. ഗവര്‍ണര്‍ അതില്‍ ഒപ്പുവെയ്ക്കാന്‍ പാടില്ല. പകരം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ചുമതലയാണ്. ഇക്കാരണങ്ങളാലൊക്കെ ഗവര്‍ണറുടെ ഓഫീസ് അനാവശ്യമാണെന്ന് കരുതുന്നവരോട് ഞാന്‍ യോജിക്കുന്നില്ല.
കേന്ദ്രത്തിലെ ഭരണകക്ഷിയില്പ്പെടുന്നയാളല്ല ഗവര്‍ണറെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
ഗവര്‍ണര്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രതിനിധിയല്ല. അദ്ദഹം കേന്ദ്രത്തിന്റെ സംസ്ഥാനത്തെ പ്രതിനിധിയാണ്. ഇതുകൊണ്ടാണ് ഗവര്‍ണറെ രാഷ്ട്രപതി നിയമിക്കുന്നത്. കേന്ദ്രത്തിലെ പ്രതിപക്ഷമായ പാര്‍ട്ടി സംസ്ഥാന ഭരണകക്ഷിയാവാം. ഗവര്‍ണര്‍ ഇവരില്പ്പെടുന്നയാളുമാവാം. എന്നാല്‍ സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭൂരിപക്ഷമുള്ള പാര്‍ട്ടി പറയുന്നതനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.
ഇപ്പോഴത്തെ വിവാദത്തെക്കുറിച്ചാണെങ്കില് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. ഒരു ഗവര്‍ണറും ആഭ്യന്തര സെക്രട്ടറിയും സംസാരിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട കാര്യങ്ങള്‍ മാത്രമേയുള്ളൂ. ഒന്നുകില്‍ നിര്‍ദ്ദേശം സ്വീകരിച്ച് ഗവര്‍ണര്‍ക്ക് മാന്യമായി രാജിവയ്ക്കാം. അല്ലെങ്കില്‍ ഔദ്യോഗിക നിര്‍ദ്ദേശം വേണമെന്ന് ആവശ്യപ്പെടാം.
പദവിയില്‍ തുടരുന്നതില്‍ കേന്ദ്രത്തിന് താല്‍പ്പര്യമില്ലെന്ന് അറിയുന്ന നിമിഷം രാജിവച്ചൊഴിയുകയാണ് ഗവര്‍ണര്‍ പദവിയുടെ മാന്യതയ്ക്ക് ചേരുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ നിയോഗിച്ചത്, എന്തിന് രാജിവയ്ക്കണം എന്നൊന്നും ഒരു ഗവര്‍ണര്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ല.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സര്‍ക്കാരുകള്‍ തങ്ങള്‍ നിയമിച്ചിട്ടില്ലാത്ത ഗവര്‍ണര്‍മാരുടെ രാജി മുന്‍കാലങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഭരണഘടനാപരമാണോ? 2010 ലെ സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ ഇങ്ങനെ ആവശ്യപ്പെടുന്നതിന് നിയമസാധുതയുണ്ടോ?
സുപ്രീംകോടതിയുടെ ഇതുസംബന്ധിച്ച വിധി ഭാഗികമായോ തെറ്റായോ ആണ് ഉദ്ധരിക്കപ്പെടുന്നത്. ഗവര്‍ണറെ മാറ്റാന്‍ കേന്ദ്രത്തിനും രാഷ്ട്രപതിക്കും അധികാരമുണ്ടെന്നു തന്നെയാണ് 2010 ലെ സുപ്രീംകോടതി വിധിയില്‍ വ്യക്തമായി പറയുന്നത്. രാഷ്ട്രപതി ആഗ്രഹിക്കുന്ന കാലത്തോളം മാത്രമേ ഒരു ഗവര്‍ണര്‍ക്ക് പദവിയില്‍ തുടരാനാവൂ എന്ന് ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. ഗവര്‍ണറെ നീക്കുന്നതില്‍ രാഷ്ട്രപതിയുടെ പ്രവൃത്തി കോടതികള്‍ ഉത്തമവിശ്വാസത്തോടെ അംഗീകരിക്കേണ്ടതുണ്ട് എന്നാണ് സുപ്രീംകോടതി പറഞ്ഞത്.
തന്നെ നീക്കുന്നതിന്റെ കാരണം എന്തെന്ന് ആരായാനും അത് തന്നെ അറിയിച്ചിരിക്കണമെന്ന് പറയാനും ഒരു ഗവര്‍ണര്‍ക്കും ഒരുതരത്തിലുള്ള അവകാശവുമില്ലെന്നതാണ് രണ്ടാമത്തെ കാര്യം. ഗവര്‍ണറെ നീക്കുന്നതിനുള്ള കാരണം ഫയലില്‍ കാണിച്ചിരിക്കണം എന്നുമാത്രം. എന്നാല്‍ തെറ്റായ കാരണങ്ങളാലാണ് തന്നെ നീക്കുന്നതെന്ന് ഒരു ഗവര്‍ണര്‍ക്ക് തോന്നുന്നതെങ്കില്‍ സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് കോടതിയെ സമീപിക്കാവുന്നതാണ്. അതേസമയം പദവിയില്‍നിന്ന് നീക്കം ചെയ്യപ്പെട്ട ഗവര്‍ണര്‍ക്കു മാത്രമേ ഇപ്രകാരം കോടതിയെ സമീപിക്കാനാവൂ. ഇത്തരം കാര്യങ്ങള്‍ കോടതി അപൂര്‍വമായേ പരിഗണിക്കൂ.
ഗവര്‍ണറോട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്? ഭരണകക്ഷിയുടെ താല്‍പ്പര്യമനുസരിച്ച് രാജിവയ്ക്കുന്നില്ലെങ്കില്‍ ഒരു ഗവര്‍ണറെ നീക്കാനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?
രാജ്യത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രപതിക്ക് മാത്രമാണ് ഗവര്‍ണറോട് രാജിവയ്ക്കണമെന്ന് പറയാനുളള അധികാരം. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ ഗവര്‍ണറെ നീക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം സംബന്ധിച്ച് യാതൊരു തര്‍ക്കത്തിനും സാധ്യതയില്ല.
ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. ഒരു ഗവര്‍ണറെ നീക്കണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ശുപാര്‍ശ രാഷ്ട്രപതി മടക്കി അയക്കുന്നുവെന്നിരിക്കട്ടെ, അപ്പോള്‍ എന്തുസംഭവിക്കും?
മന്ത്രിസഭയുടെ ഒരു ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മടക്കി അയയ്ക്കാം. എന്നാല്‍ സാധാരണ ഗതിയില്‍ ഈ ശുപാര്‍ശ മന്ത്രിസഭ രണ്ടാമതും അയച്ചാല്‍ അത് രാഷ്ട്രപതിക്ക് അംഗീകരിക്കേണ്ടി വരും. മന്ത്രിസഭയുമായി ആലോചിക്കാതെയാണ് പ്രധാനമന്ത്രി ഇത്തരം ശുപാര്‍ശകള്‍ നല്കുന്നതെങ്കില് രാഷ്ട്രപതിക്ക് അംഗീകരിക്കാതിരിക്കാം. ഭരണഘടനയില്‍ രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പറയുന്നിടത്ത് ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആവശ്യം രാഷ്ട്രപതി വി.വി.ഗിരി നിരസിച്ചതാണ് ഇവിടെ വരുന്ന ഒരു പ്രശ്നം. എന്നാല്‍ വിഷയം മന്ത്രിസഭയ്ക്ക് മുമ്പാകെ വച്ചശേഷം തന്നെ സമീപിക്കാനാണ് വി.വി.ഗിരി അന്ന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: