ഒന്നര നൂറ്റാണ്ടിന് മുമ്പ് വെള്ളക്കാരനാണ് ഇന്ത്യയില്‍ തീവണ്ടി സംവിധാനം തുടങ്ങിയത്. ഇന്ന് നമ്മുടെ രാജ്യത്തിന്റെ അഭിമാനസ്ഥാപനമായി റെയില്‍വെ നിലനില്‍ക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലുതും തിരക്കേറിയതുമായ റെയില്‍വെ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. പതിനാറ് ലക്ഷത്തിലധികം ജോലിക്കാരുള്ള, വര്‍ഷം 5000 കോടി ആളുകള്‍ സഞ്ചരിക്കുന്ന, 650 ദശലക്ഷം ടണ്‍ ചരക്കുനീക്കം നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് 63940 കിലോമീറ്റര്‍ പാതയുമുണ്ട്. ഇത് രാജ്യത്തിന്റെ നേട്ടം തന്നെയാണ്. സഞ്ചാരത്തിന് ഇത്രമാത്രം ജനങ്ങള്‍ ആശ്രയിക്കുന്ന മറ്റ് പൊതു സംവിധാനമില്ല. അതേ സമയം ഇന്ന് നമ്മള് ഊറ്റം കൊള്ളുന്ന ഇന്ത്യന്‍ റെയില്‍വേ പ്രതിമാസം 900 കോടി രൂപയുടെ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത്. 28000 കോടി രൂപയുടെ കടവുംപേറിയാണ് റെയില്‍വേ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു ദശകമായി റെയില്‍വേയെ കറവപ്പശുവായി കണക്കാക്കിയതല്ലാതെ റെയില്‍വേയുടെ നിലവാരം മെച്ചപ്പെടുത്താനോ വരുമാനം കൂട്ടാനോ ആശംസിക്കുന്നതുപോലെ ‘ശുഭയാത്ര’ ഉറപ്പുനല്കാനുള്ള സൗകര്യമൊരുക്കാനോ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയില്‍ ചലിച്ചുകൊണ്ടിരുന്ന റെയില്‍വേ അപകടങ്ങളുടെ കണക്കും പെരുപ്പിച്ചു. അപകടം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പുകളെല്ലാം പാഴ്വാക്കുമാത്രമായിരുന്നു. ഇതിനൊരു മാറ്റം വരുത്താന്‍ സമഗ്ര പദ്ധതിയാണ് ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യം സഖ്യം ആവിഷ്ക്കരിച്ചിരുന്നത്. അധികാരത്തിലേറി ദിവസങ്ങള്‍ക്കകം ജനപ്രിയമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്തു.
കേന്ദ്രമന്ത്രിമാരുടെ എണ്ണം കുറച്ചുകൊണ്ട് ചെലവുകുറയ്ക്കുന്നതിനായി എടുത്ത തീരുമാനം ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. മന്ത്രിമാരുടെ ഓഫീസ് ഡ്യൂട്ടിയില്‍ ഉദ്യോഗസ്ഥരുടെ നീണ്ട പട്ടികയാണ് കഴിഞ്ഞ മാസം വരെ ഉണ്ടായിരുന്നതെങ്കില്‍ പരിമിതമായ ജീവനക്കാരെ മാത്രമേ നിശ്ചയിക്കാവൂ എന്നും തീരുമാനിച്ചു. മന്ത്രിമാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും കുറവുവരുത്തി. മന്ത്രിമാരുടെ ജോലിസമയവും കൂട്ടി. ജനങ്ങളുടെ ആവലാതികള്‍ തീര്‍ക്കാന്‍ മുമ്പില്ലാത്തവിധം ക്രമീകരണങ്ങളുണ്ടാക്കി. അപേക്ഷ ലഭിച്ച് രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കണം. ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ ഇക്കാലയളവില്‍ ചെയ്യണം.
പറ്റാത്തതാണെങ്കില്‍ അതിനും തീരുമാനം ഉണ്ടാകണം. പ്രധാനമന്ത്രിയുടെ ഈ നിര്‍ദ്ദേശവും ജനങ്ങളുടെ തൃപ്തിക്ക് വഴിവച്ചിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ അവിഹിതമായ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കേണ്ടതില്ലെന്നും അതിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് തന്നോട് നേരിട്ട് പറയാമെന്നും അറിയിച്ച് പ്രധാനമന്ത്രി ജനങ്ങളോടായി മറ്റൊരു കാര്യം കൂടി പറഞ്ഞു. “പുറത്തു നിന്ന് നിരീക്ഷിച്ചതിലും ഭീകരമാണ് അകത്തെ സ്ഥിതി. ഖജനാവ് കാലിയാണ്. എല്ലാം കൊള്ളയടിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കടുത്ത നടപടിക്ക് നിര്‍ബന്ധിതമായിരിക്കുകയാണ്. നടപടിയുടെ പേരില്‍ തന്നോട് അപ്രിയമുണ്ടായേക്കാം. അസുഖം ബാധിച്ച കുട്ടിക്ക് അമ്മ കയ്പേറിയ മരുന്ന് നല്‍കാറില്ലെ. അത് കുട്ടിയുടെ രോഗം മാറാനാണ്”.
‘നഞ്ച് വാങ്ങിത്തിന്നാന് പോലും നയാപൈസയില്ലെന്ന്’ പറഞ്ഞ അവസ്ഥ മാറ്റാനാണ് റെയില്‍വേ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്ന് വ്യക്തമാണ്. യുപിഎ സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തിയിട്ടാണ് ഭരണം വിട്ടത്. ബിജെപി ആഗ്രഹിക്കുന്നതുപോലെ ബൃഹത്തായ പദ്ധതികള്‍ യാത്രക്കാര്‍ക്ക് വേണ്ടിയാണ്. അതിവേഗ റെയില്‍ ഇടനാഴി, ബുള്ളറ്റ് ട്രെയിനുകള്‍, രാജ്യാന്തര നിലവാരമുള്ള ബോഗികളും റെയില്‍വേ സ്റ്റേഷനുമെല്ലാം പദ്ധതിയിലുള്ളതാണ്. ഇന്ന് വണ്ടികളുടെ നില ഏറെ ശോചനീയമാണ്. പൊട്ടിപ്പൊളിഞ്ഞ ബോഗികളാണ് മിക്ക വണ്ടികള്ക്കുമുള്ളത്. പാളങ്ങളും സ്റ്റേഷനുകളും വര്‍ദ്ധിപ്പിക്കുകയും നവീകരിക്കുകയും വേണം. കേരളത്തിനാണ് റെയില്‍വെ നിരക്ക് വര്‍ദ്ധന തിരിച്ചടിയാവുക എന്ന് പറയുന്നവരുണ്ട്.
കുറെയൊക്കെ അതില്‍ ശരിയുമുണ്ട്. അതേ സമയം കേരളത്തിലോടുന്ന വണ്ടികളുടെ സ്ഥിതിയെന്താണ് ? എങ്ങും വേണ്ടാത്ത ബോഗികളാണ് കേരളത്തിലേക്കയക്കുന്നത്. അതൊന്നു മാറ്റിക്കിട്ടാന്‍ എത്ര മുറവിളികളുയര്‍ന്നിട്ടും ഗൗനിക്കാനാളുണ്ടായിരുന്നില്ല. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായില്ല. കേരളത്തിന്റെ റെയില്‍മേഖലയ്ക്ക് ചലവമുണ്ടായത് വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വെ ചുമതലയില്‍ ഒ. രാജഗോപാല്‍ ഇരുന്നപ്പോള്‍ മാത്രമാണ്. വാക്കുപാലിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. റെയില്‍വേ മേഖല സമഗ്രമായി പുനരുദ്ധരിക്കണം.
നവീകരിക്കണം. അതിന് ആദ്യം വേണ്ടത് ഇച്ഛാശക്തി മാത്രമല്ല പണവും വേണം. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ കഴിയൂ. റെയില്‍വേയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കിയവരാണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനക്ക് ഉത്തരവാദികള്‍. അവര്‍ തന്നെ നിരക്ക് കൂട്ടിയതിനെതിരെ ശബ്ദിക്കുന്നത് വിരോധാഭാസമാണ്. ഇപ്പോള്‍ നിരക്ക് കൂട്ടിയ സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിക്കാനും സഹായിക്കാനും ബദല്‍ സംവിധാനങ്ങളും സൃഷ്ടിക്കും. ധനമന്ത്രിയടക്കം അത് ഉറപ്പുനല്‍കിയിട്ടുമുണ്ട്. നമുക്കത് വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: