അങ്ങ് ബ്രസീലില്‍ ആവേശകരമായ ലോകകപ്പ് ഫുട്ബാള്‍ മത്സരം അരങ്ങേറുമ്പോള്‍ ഇങ്ങ് കൊച്ചുകേരളത്തിലും അതിലേറെ വീറും വാശിയും ഉള്ള മറ്റൊരു മത്സരം നടക്കുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കിടമത്സരം. ചീഫ് സെക്രട്ടറി ടീം, നാരായണ സ്വാമി ടീം, ടോം ജോസ് ടീം, ഐഎഎസ് അസോസിയേഷന് ടീം, അങ്ങിനെ പല ടീമുകള്‍ കളിക്കളത്തില്‍ ഇറങ്ങികഴിഞ്ഞു.
പ്രീ ക്വാര്‍ട്ടര്‍ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ചീഫ് സെക്രട്ടറി, ടോം ജോസ് ടീമുകള്‍ ഗോളുകള്‍ വാങ്ങിക്കഴിഞ്ഞു. മന്ത്രി തലത്തില്‍ കേരള ഭരണത്തെ ഗ്രസിച്ചിരിക്കുന്ന പുഴുക്കുത്ത് ഉദ്യോഗസ്ഥതലത്തിലും വ്യാപിച്ചു കഴിഞ്ഞു എന്ന സത്യമാണ് ഇവരുടെ തമ്മിലടിയില്‍ പ്രകടമാകുന്നത്.
ഭരണത്തില്‍ കയറിയ അന്ന് മുതല്‍ ഓരോ വിവാദത്തിലും പ്രശ്നത്തിലും പെട്ട് ഭരിക്കാന്‍ സമയമില്ലാതെ കഴിയുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അഞ്ചാം മന്ത്രി, സരിത, സോളാര്‍, സലിം രാജ്, ടിപി.വധം ഒത്തുതീര്‍പ്പ്, ആഭ്യന്തര മന്ത്രി നിയമനം, ഗ്രൂപ്പ് കളി, മദ്യനയം, ബാര്‍ അനുവദിക്കല്‍, മനുഷ്യക്കടത്ത് തുടങ്ങിയുള്ള പ്രശ്നങ്ങള്‍ മാത്രമാണ് ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍.
കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. ഉദ്യോഗസ്ഥരുടെ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് ഒരേ ഒരു കാരണം നമ്മുടെ മന്ത്രിമാര്‍ തന്നെയാണ്. തങ്ങളുടെ വ്യക്തിതാല്പ്പര്യങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കള്ളത്തരങ്ങളും അഴിമതിയും നടപ്പാക്കാനും അവ രഹസ്യമായി മൂടിവയ്ക്കാനും മന്ത്രിമാര്‍ക്ക് ഈ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സഹായം അത്യന്താപേക്ഷിതമാണ്. അതിനായി കുറെ ഉദ്യോഗസ്ഥരെ വിശ്വസ്തരായി ഇവര്‍ കയ്യിലെടുക്കുന്നു. ഇതിനായി തക്കംപാര്‍ത്തിരിക്കുന്ന കുറെ ഉദ്യോഗസ്ഥരുമുണ്ട്. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറയുന്നത് പോലെ അവസരം നന്നായി മുതലെടുത്ത് ഈ ഉദ്യോഗസ്ഥരും സ്വയം അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തുന്നു. ഇവര്‍ അധികാരവും ശക്തിയും ആര്‍ജിക്കുകയും മന്ത്രിമാരുമായുള്ള അടുപ്പം മൂലം ഇവരെ തൊടാന്‍ മേലുദ്യോഗസ്ഥര്‍ക്കോ ആര്‍ക്കും ധൈര്യമില്ലാതെയും വരുന്നു. മന്ത്രിമാരാകട്ടെ തങ്ങളുടെ അനധികൃത സമ്പാദ്യവും അഴിമതിയും പരസ്ത്രീ ഗമന വിഷയവും മറ്റും പുറത്തുവരും എന്നുള്ളതിനാല്‍ സ്വന്തം തടി രക്ഷിക്കാനായി ഇവരുടെ കുറ്റ കൃത്യങ്ങളില്‍ മൗനം പാലിക്കാനും ഇവരെ സംരക്ഷിക്കാനും നിര്‍ബന്ധിതരാകുന്നു. അവരെ നോവിക്കാത്തിടത്തോളം കാലം അവര്‍ രഹസ്യം സൂക്ഷിക്കുകയും വിശ്വസ്തത പുലര്‍ത്തുകയും ചെയ്യും.
യജമാനന്മാര് മാറുന്നതനുസരിച്ച് കളംമാറ്റിച്ചവിട്ടാനും മിടുക്കരായ കുറേപ്പേര് ഇവരുടെ കൂട്ടത്തില്‍ ഉണ്ട്. കമ്മ്യുണിസ്റ്റ് മന്ത്രിസഭ മാറി പുതിയ കോണ്‍ഗ്രസ്സ് മന്ത്രിസഭ വരുമ്പോഴും ‘വിശ്വസ്തര്‍’ എന്ന ദൗത്യം ഇവര്‍ ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ്സ് മന്ത്രി ആയാലും കമ്മ്യുണിസ്റ്റ് മന്ത്രി ആയാലും ഇവര്‍ക്ക് സ്വന്തം കാര്യം നടക്കണം. അത്തരം കുറെ ചീഫ് സെക്രട്ടറിമാരെയും ഡിജിപിമാരെയും കേരളം കണ്ടിട്ടുണ്ടല്ലോ. മലയാറ്റൂര്‍ രാമകൃഷ്ണന് തന്റെ ഐഎഎസ് അനുഭവത്തില്‍ നിന്നും എഴുതിയ ‘യന്ത്രം’ എന്ന നോവലില്‍ പറയുന്നതുപോലെ ഇവര്‍ ‘ഫ്ലോട്ട്’ ചെയ്യും. ഒഴുക്കിനനുസരിച്ച് പോയി ബിനാമി ആയി പത്തു കാശ് ഉണ്ടാക്കും. നല്ല പോസ്റ്റും പദവിയും ഇവര്‍ തട്ടിയെടുക്കും. മന്ത്രിയെ മറി കടന്ന് സ്വന്തം നിലയില്‍ കൊച്ചി മെട്രോയുടെ കാര്യങ്ങള്‍ നടത്തിയ ടോം ജോസ് എന്ന ഐഎഎസുകാരനും സ്വന്തം ഇഷ്ട്ടപ്രകാരം വിദേശത്ത് പോവുകയും മറ്റു നിയമ ലംഘനങ്ങള്‍ നടത്തുകയും ചെയ്ത ടോമിന് തച്ചങ്കരി എന്ന ഐപിഎസുകാരനും ഒരു കുഴപ്പവുമില്ലാതെ ഇന്നും സര്‍വീസില്‍ തുടരുന്നത് ചില ഉദാഹരണങ്ങള്‍ മാത്രം.
മസൂറിയില്‍ നിന്നും വന്നാലുടനെ നട്ടെല്ല് ഊരിമാറ്റി വയ്ക്കുന്നവരാണിവര്‍. ഇവരെപ്പോലെ അല്ലാത്ത, സത്യസന്ധരായ, ധര്‍മിഷ്ട്ടരായ കുറെ ഐഎഎസ് ഉദ്യോഗസ്ഥരുമുണ്ട്. മന്ത്രിമാരുടെ കൊള്ളരുതായ്മകള്‍ക്കു കൂട്ടുനില്‍ക്കാത്ത ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥര്‍. ഏതെങ്കിലും അപ്രധാന സ്ഥലങ്ങളില്‍ ആജീവനാന്തം പോസ്റ്റ് ചെയ്ത് അവരെ ഒതുക്കും. തെറ്റ് ചെയ്യാന്‍ കൂട്ടുനില്ക്കാത്തതിലുള്ള ദേഷ്യം കൊണ്ടും പാര്‍ശ്വവര്‍ത്തികള്‍ക്ക് കാശുണ്ടാക്കാനുള്ള സൗകര്യം നല്‍കുന്നതിനും വേണ്ടിയാണ് ഇവരെ പാര്ശ്വവല്ക്കരിക്കുന്നത്. കൂടാതെ ഇവരെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.
മന്ത്രി കൊടുത്ത ലിസ്റ്റ് അനുസരിച്ച് കൊച്ചി മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് നല്‍കാത്തതിന് രാജിവച്ചൊഴിയേണ്ടി വന്ന പ്രേമചന്ദ്രക്കുറുപ്പ് എന്ന ഐഎഎസുകാരന്റെ കേസില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് ഇങ്ങനെ ചോദിക്കുകയുണ്ടായി, ‘മന്ത്രിയുടെ പിഎ ആണോ ഐഎഎസ് ഉദ്യോഗസ്ഥന് ഓര്‍ഡര്‍ നല്‍കുന്നത്’. അത്രയ്ക്കും പരിതാപകരമാണ് മന്ത്രിമാരുടെ താളത്തിനൊത്ത് തുള്ളാത്ത ഉദ്യോഗസ്ഥന്റെ ഗതി.
ഇവിടെ മന്ത്രിമാരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ആശ്രിതരായ ഐഎഎസുകാരും സത്യസന്ധരായ ഐഎഎസുകാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ആദ്യത്തെ കൂട്ടര്‍ക്ക് അധികാരികളുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. രണ്ടാമത്തെ കൂട്ടര്‍ക്കാകട്ടെ ആരുമില്ല. അതിന് ഉദാഹരണമാണ് ഇത്രയും അഴിമതി ആരോപണങ്ങള്‍ ചീഫ് സെക്രടറിക്കും മറ്റുമെതിരെ വന്നിട്ടും മുഖ്യമന്ത്രി നിസ്സഹായനായി മൗനം പാലിക്കുന്നത്. ഇവിടെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രവൃത്തികള്‍ മാതൃകാപരം ആകുന്നത്. അഴിമതിയില്‍ മുങ്ങിയ മന്മോഹന് സര്‍ക്കാര്‍ മന്ത്രിമാരുടെ ഓഎസ്ഡി, പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന ആരെയും പുതിയ മന്ത്രിമാര്‍ തങ്ങളുടെ സ്റ്റാഫ് ആയി നിയമിക്കരുത് എന്ന് മോദി പറഞ്ഞു കഴിഞ്ഞു. അതുപോലെ മുന്‍ സര്‍ക്കാരിന്റെ ഏറാന്മൂളികള് ആയ അഴിമതിക്കാരും സത്യസന്ധരല്ലാത്തവരുമായ ആരെയും പ്രധാനപ്പെട്ട പദവികളില്‍ ഇരുത്തുകയില്ല എന്നും തീര്‍ച്ചയാണ്. അത്തരം ഒരു നടപടി ആണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടി അവസാനിപ്പിക്കാനും സദ്ഭരണം കാഴ്ചവയ്ക്കാനുമുള്ള ഏക മാര്‍ഗം. പക്ഷേ സ്വയം അഴിമതിയില്‍ മുങ്ങിനില്ക്കുന്ന കേരള സര്‍ക്കാരിന് അതു ചെയ്യാനുള്ള ആര്‍ജവം ഉണ്ടാകുമോ എന്നതാണ് ചോദ്യം.
എം.പി.ബിപിന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: