451. ജ്ഞാനവിഗ്രഹഃ
“ജ്ഞാനമേവ പരംബ്രഹ്മ ജ്ഞാനം ബന്ധായ ചേഷ്യതേ
ജ്ഞാനാത്മകമിദം വിശ്വം ന ജ്ഞാനാദ് വിദ്യതേ പരം” എന്നു വിഷ്ണുപുരാണം. ഇതുപ്രകാരം ജ്ഞാനം തന്നെയാണ് പരമായ ബ്രഹ്മം. ജ്ഞാനം തന്നെയാണ് വിശ്വവും. വിശ്വത്തിലെ ജീവികളുടെയും വസ്തുക്കളുടെയും പരസ്പരബന്ധവും ജ്ഞാനം തന്നെയാണ്. ജ്ഞാനത്തില്‍ നിന്നന്യമായി മറ്റൊന്നുമില്ല.
ഭഗവദ്ഗീതയിലെ ജ്ഞാന വിജ്ഞാനയോഗം എന്നു പ്രസിദ്ധമായ ഏഴാം അധ്യായത്തില്‍ ഭഗവാന്‍ പറയുന്നു.
“മത്തഃപരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വമിദം പ്രോതം സൂത്രേ മണിഗണാ ഇവ” (അല്ലയോ അര്‍ജ്ജുനാ, എന്നില്‍നിന്നു വേറായി ഒന്നും തന്നെയില്ല. ഇതെല്ലാം ചരടില്‍ മണികളെന്നപോലെ എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു (ഭ.ഗീ. 7-7).
വിഗ്രഹം എന്ന പദത്തിനു വിസ്താരമെന്നും അര്‍ത്ഥമുണ്ട്. ജ്ഞാനത്തിന്റെ വിസ്താരം രൂപമായവന്‍ ജ്ഞാന വിഗ്രഹന്‍. ഈ വിശ്വം ജ്ഞാനാത്മകമാണെന്നു മുമ്പു പറഞ്ഞു. ജ്ഞാനത്തിന്റെ ഏറ്റവും വിസ്തൃതമായ രൂപമായതുകൊണ്ടാണ് വിഷ്ണുസഹസ്രനാമത്തിലെ ആദ്യനാമമായി വിശ്വം എന്ന പദം സ്വീകരിച്ചത്. അനന്തമായ ജ്ഞാനവിസ്തൃതിയായി ഗുരുവായൂരപ്പനെ നാമം സ്തുക്കുന്നു എന്നു വ്യാഖ്യാനിക്കാം.
ശ്ലോകം 98. ഝര്‍ദ്ധരാപന്നിവാരകഃ ഝണഝണി തനൂപുരഃ
ടങ്കടീക പ്രണമിതഃ ഠക്കുരോ ദംഭനാശകഃ
452.ഝര്‍ഝമാപന്നിവാരകഃ നദിയിലെ ജലംപോലെ സ്വാഭാവികമായി ഒഴുകിയെത്തുന്ന ആപത്തുകളെ നിവാരണം ചെയ്ത് തന്റെ ഭക്തരെ രക്ഷിക്കുന്നവന്‍. മനുഷ്യന്‍ ജനിക്കുന്നതു മുതല്‍ മരിക്കുന്നതുവരെ നിരന്തരമായി ആപത്തുകള്‍ അവനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവയില്‍ ചിലതൊക്കെ നാം മുമ്പു ചര്‍ച്ച ചെയ്തിരുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















