“എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല”എന്നു പറഞ്ഞ മരുമകന്റെ മട്ടും ഭാവവും സിപിഎം കയ്യൊഴിക്കാന്‍ തയ്യാറില്ല എന്നിതാ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
‘ഇഎംഎസ്സിന്റെ ലോകം’ എന്ന പേരില്‍ സിപിഎം മലപ്പുറം ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെമിനാറിലെ പ്രകാശ് കാരാട്ടിന്റെ പ്രസംഗം ഇതിനു തെളിവാണ്. “ഇടതുപക്ഷത്തിനല്ലാതെ രാജ്യത്തെ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തിക്കെതിരെ നിലകൊള്ളാന്‍ കഴിയില്ല” എന്നാണ് കാരാട്ടിന്റ ഉല്‍ബോധനം. മുസ്ലീം-കൃസ്ത്യന്‍ വര്‍ഗ്ഗീയതകളെ സിപിഎം എതിര്‍ക്കാനല്ല, അവയെ പുല്കാനാണ് താല്‍പ്പര്യപ്പെടുന്നത് എന്നര്‍ത്ഥം. വര്‍ഗ്ഗീയതയെ കോലുകൊണ്ടുപോലും തൊടില്ല എന്ന 1987 ലെ ഇഎംഎസ്സിന്റെ നിലപാടും ബദല്രേഖാവിവാദവും എം.വി. രാഘവന്റെ പുറത്തുപോക്കും എല്ലാമിതാ വെറും പ്രഹസനമായിരിക്കുന്നു.
അതില്‍ അത്ഭുതത്തിന് അവകാശമില്ലെന്ന് സിപിഎമ്മിന്റെ ചരിത്രമറിയുന്ന ആരും പറയും. നെഹറു ‘ചത്തകുതിര’യെന്നു വിശേഷിപ്പിച്ച മുസ്ലീംലീഗിന് ജീവന് വെപ്പിച്ചതും സി.എച്ച്. മുഹമ്മദ് കോയയെ സ്പീക്കറാക്കിയതും സിപിഎം ആയിരുന്നുവല്ലോ. മലപ്പുറം ജില്ലയെന്ന മുസ്ലീം ഭൂരിപക്ഷ ജില്ല രൂപീകരിച്ചതും കോഴിക്കോട് സര്‍വ്വകലാശാല മലപ്പുറം ജില്ലയുടെ പരിധിയില്‍ സ്ഥാപിച്ചതും മറ്റാരുമായിരുന്നില്ല. ശബരിമല തീവെപ്പുസംഭവത്തിന്റെ അന്വേഷണറിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് 1956 ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ്സ് സര്‍ക്കാര്‍ കൃസ്ത്യന്‍ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കാന്‍ ആ റിപ്പോര്‍ട്ട് വെളിച്ചം കാണിക്കാതിരുന്നതും മറന്നുകൂടാ. പി.ജെ.ജോസഫിന്റെ കേരളാ കോണ്‍ഗ്രസ്സ് കഷണത്തെ ഒക്കത്തെടുത്തുനടന്ന സിപിഎമ്മിന്റെ പഴയകാലവും മറന്നുകൂടാ. ഇവര്‍ക്ക് എന്നും ഹിന്ദുവിരുദ്ധ നിലപാടേ ഉണ്ടായിരുന്നിട്ടുള്ളു.
അണികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ആ വിഭാഗത്തിലെതന്നെ പിന്നാക്കക്കാരും ആയിട്ടുള്ള സിപിഎമ്മിന്റെ ഈ നിലപാടിനു പിന്നിലെ മനഃശ്ശാസ്ത്രം പരിശോധിക്കപ്പെടേണ്ടതുണ്ട്. അത് അടിമമനഃസ്ഥിതിയില്നിന്ന് ഉരുവംകൊണ്ടതാണ്. അടിയാള മനോഭാവത്തില്‍ നിന്നും പാദസേവക സ്വഭാവത്തില്‍നിന്നും സിപിഎം മോചനം നേടുകയായിരുന്നില്ല, മറിച്ച് ആ ജീര്‍ണ്ണതയെ അവലംബിച്ചുകൊണ്ട് അഷ്ടിക്ക് വകയന്വേഷിക്കുകയായിരുന്നു അവര്‍ എന്നു വ്യക്തം. ഇന്ന് മാടമ്പികളും യജമാനന്മാരുമുള്ളത് മുസ്ലീം-കൃസ്ത്യന്‍ വര്ഗ്ഗീയതകളിലാണ്. പണ്ട് കൂടാളി ‘എശ്മാനെ’യും കരക്കാട്ടിടം നായനാരെയും അവരുടെ ആട്ടും തുപ്പും സഹിച്ച് അടിമകളെപ്പോലെ സേവിച്ചവരുടെ പിന്മുറക്കാരെക്കൊണ്ട് സിപിഎം പുതിയ തങ്ങന്മാരുടെയും ബിഷപ്പുമാരുടെയും പാദസേവ ചെയ്യിക്കാന്‍ മുതിരുന്നു എന്നു മാത്രം.
സിപിഎമ്മിന്റെയും കാരാട്ടിന്റെയും ‘അങ്ങാടിയില്‍ തോറ്റതിന്റെ’ കലിപ്പ് മുസ്ലീം-കൃസ്ത്യന്‍ വര്‍ഗ്ഗീയതകളുടെ വിലപേശാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയേയുള്ളു. ഹിന്ദുത്വ ശക്തി വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നത് വിലപേശിക്കൊണ്ടല്ല, കനത്തവില സ്വയം നല്‍കിക്കൊണ്ടാണ്. ആത്മശക്തിയിലൂന്നിയ ആ വളര്‍ച്ച കണ്ട് ‘പേടിയുള്ളവരെല്ലാം എന്റെ ചുറ്റും നിന്നുകൊള്ളുവിന്‍’എന്ന് പണ്ടൊരു പേടിത്തൊണ്ടന്‍ വിളിച്ചു പറഞ്ഞതുപോലെയാണ് ഇപ്പോഴത്തെ ഈ സിപിഎം നേതൃത്വത്തിന്റെ ജല്പ്പനങ്ങള്.
സി.എം.കൃഷ്ണനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: