448. ജയന്തഃ – ജയിക്കുന്നവന്, ജയിപ്പിക്കുന്നവന്‍ ഗുരുവായൂരപ്പന് അപരാജിതനാണ്. ആര്‍ക്കും ഭഗവാനെ തോല്‍പ്പിക്കാനാവില്ല. ഭക്തരുടെ നേര്‍ക്കുള്ള വാത്സല്യം കൊണ്ട് ചിലപ്പോള്‍ തോറ്റതായി അഭിനയിക്കും. തന്റെ ഭക്തര്‍ തോല്‍ക്കാതെ എപ്പോഴും ഭഗവാന് ശ്രദ്ധിക്കും. കുരുക്ഷേത്രത്തില്‍ നടന്ന കൗരവപാണ്ഡവയുദ്ധത്തില് താന്‍ ആയുധം തൊടുകയില്ല എന്ന് ഭഗവാന് പ്രതിജ്ഞ എടുത്തിരുന്നു. ഇതറിഞ്ഞ ഭീഷ്മപിതാമഹന് ഭഗവാനെക്കൊണ്ട് ആയുധം എടുപ്പിക്കും എന്ന് പ്രതിജ്ഞ ചെയ്തു. യുദ്ധഭൂമിയില്‍ ഭീഷ്മരെ കൊല്ലാനെന്ന മട്ടില്‍ ആയുധമേന്തി ഭഗവാന് ഓടിയടുക്കുന്നുണ്ട്. തന്റെ ശപഥം പരാജയപ്പെട്ടാലും തന്റെ ഭക്തന്റെ ശപഥം നിറവേറണമെന്ന കാരുണ്യമാണ് ഭഗവാനെ അതിനു പ്രേരിപ്പിച്ചത്.
ജയന്തഃ എന്ന പദത്തിന് ശിവന്, സ്കന്ദന്, ചന്ദ്രന് എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഈ ദേവന്മാരെല്ലാം ഗുരുവായൂരപ്പന്റെ മൂര്ത്തിഭേദങ്ങളാണ്. ലോകസംഗ്രഹത്തിനായി ഭഗവാന് സ്വീകരിച്ച രൂപങ്ങള്‍.
449. വിജയഃ – വിശേഷണം ജയിക്കുന്നവന്.ജയഃ ജയന്തുഃ എന്ന രണ്ടു നാമങ്ങളുടെയും അര്‍ത്ഥം ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഉദ്ദേശിച്ചകാര്യം ചെയ്തുതീര്‍ക്കല്‍, മറ്റുള്ളവരെ കീഴ്പ്പെടുത്തല് എന്നിങ്ങനെ മൂന്നു നാമങ്ങളെയും വ്യാഖ്യാനിക്കാം. ഇവയെക്കാളൊക്കെ പ്രധാനം ഇന്ദ്രിയവാസനകളെയും അവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആഗ്രഹങ്ങളെയും അവ ഉണ്ടാക്കുന്ന കാമക്രോധാദികളായ വികാരങ്ങളെ തോല്പ്പിക്കുന്നതാണ്. ഏതു തോതുവച്ചളന്നാലും ഗുരുവായൂരപ്പന് വിജയനാണ്. ഉപാസകരായ തന്റെ ഭക്തര്‍ക്ക് ബാഹ്യലോകത്തോടുള്ള മത്സരത്തിലും ആന്തരമായ വാസനകളോടും വികാരങ്ങളോടുകൂടിയുള്ള മത്സരത്തിലും വിജയം നല്കി അനുഗ്രഹിക്കുന്നവനുമാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: