ഇന്ത്യ ഭരിക്കുവാന്‍ അവകാശപ്പെട്ടവര്‍ തങ്ങളാണെന്ന് കോണ്‍ഗ്രസുകാര്‍ ഇതുവരെ ധരിച്ചുവച്ചിരുന്നു. അത് മുലപ്പാലുപോലെ ബാലപാഠം തൊട്ട് സ്വാതന്ത്ര്യനന്തര ഭാരതത്തിലെ ഭരണകര്‍ത്താക്കള്‍ ജനങ്ങളെ തലമുറകളായി പഠിപ്പിക്കുകയും ജനങ്ങളിലേറെപ്പേരും ഈ വിഡ്ഢിത്തം വിശ്വസിക്കുകയും ചെയ്തു. ഭരണാധിപന്മാരുടെ തണല്‍പറ്റി വളര്‍ന്ന ചരിത്രകാരന്മാര് അത്തരത്തില്‍ ഒരു ധാരണ ജനതയുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുവാനുമാണ് ശ്രമിച്ചത്.
കോണ്‍ഗ്രസുകാര്‍ ഭരിക്കാത്ത ഇന്ത്യയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ വിഭാഗം ജനങ്ങളില്‍ ഭീതി വളര്‍ത്തിയെടുക്കുന്നതിനും ഇവര്‍ മനസ്സുവച്ചു. അധികാരത്തില്‍നിന്നും താഴെ ഇറങ്ങേണ്ടിവന്ന ഇടവേളകളിലെല്ലാം ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതിന് പകരം സമൂഹത്തെ കലുഷിതമാക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രദ്ധ പതിപ്പിച്ചത്.
സ്വന്തം അധികാരം നിലനിര്‍ത്താന്‍ അടിയന്തരാവസ്ഥ കൊണ്ടുവന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍ വന്ന ജനതാ ഗവണ്മെന്റിനെ താഴെയിറക്കാന്‍ സിക്കുകാരെ ആയുധം അണിയിച്ചത് ഇതേ തന്ത്രമായിരുന്നു. എന്നാലിപ്പോള്‍ കേട്ടുമടുത്ത പല്ലവികളുടെ ചെടിപ്പ് ഉള്ളില്‍ ഒതുക്കിയ ഇന്ത്യന്‍ ജനത വംശാധിപത്യത്തിന്റെ ജല്പ്പനങ്ങളെയെല്ലാം പഞ്ഞിപോലെ പറപ്പിച്ച് കോണ്‍ഗ്രസിനെതിരെ കൂട്ടമായി വോട്ടുചെയ്തിരിക്കുന്നു. നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുകയും ചെയ്തിരിക്കുന്നു.
അഞ്ചുവര്‍ഷം മുഴുവന്‍ ഭരിക്കാനാണ് ബഹുഭൂരിപക്ഷം വരുന്ന ജനത നരേന്ദ്ര മോദിയ്ക്ക് അധികാരം നല്‍കിയിട്ടുള്ളത്. ഈ സന്ദര്‍ഭത്തിലും കോണ്‍ഗ്രസുപാര്‍ട്ടി എത്രയും പെട്ടെന്ന് അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് സോണിയയും കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. ഒന്ന് നിവര്‍ന്നുനിന്ന് രണ്ടു മുദ്രാവാക്യം പോലും ഉച്ചത്തില്‍ വിളിക്കാന്‍ കഴിയാത്ത വിധം നടുവൊടിഞ്ഞു നിലംപതിച്ച ഒരു പ്രസ്ഥാനത്തിന് ഇത്ര പെട്ടെന്ന് അതിന് എങ്ങനെ കഴിയുമെന്ന് ആരും ചോദിച്ചുപോകുന്നത് അസാധാരണമല്ല. ഏതു വീഴ്ചയിലും സ്വപ്നം കാണാനുള്ള അവകാശം ആര്‍ക്കുമുണ്ട്. കാരണം നേരായ മാര്‍ഗ്ഗം വളരെ അകലെയാണെന്നും അത് അനന്തമാണെന്നും അവര്‍ക്കറിയാം.
ഇനിയുള്ള ഏക പ്രതീക്ഷ പരമ്പരാഗതമായി കോണ്‍ഗ്രസിനോട് കൂറുപുലര്‍ത്തുന്ന ബ്യൂറോക്രാറ്റുകള്‍ ഇടയന്മാരായി ഭരണയന്ത്രത്തിന്റെ ഫോര്‍മാന്മാരായി ഭരണകക്ഷിയില്‍ ഒളിഞ്ഞുകയറുന്ന പദ്ധതിയാണ്. പഴയ ഒളിക്യാമറ പദ്ധതി ഇനിയും വിലപ്പോകുകയില്ലെന്നുറപ്പാണ്.
ഇനിയെങ്കിലും പാവപ്പെട്ട മുസല്‍മാനും ക്രിസ്ത്യാനിയും ഹിന്ദുവും കഴിയാവുന്നത്ര ഐക്യത്തോടെ അവരവരുടെ ജീവിതം കരുപ്പിടിപ്പിക്കട്ടെ. അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ തീപ്പൊരി ഇടാതിരിക്കട്ടെ! കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ മുഴുവന്‍ ജനദ്രോഹങ്ങളുടെ പട്ടിക നിരത്തുന്നില്ല. അഴിമതിയും പിടിച്ചുപറിയും ഉള്‍പ്പടെ, മുപ്പതുനാള് കഴിഞ്ഞ് അഗതികള്‍ക്ക് അവരുടെ കയ്യില്‍ കിട്ടുന്ന പിച്ചക്കാശിനുവേണ്ടി മാസത്തിലൊരിക്കല്‍ ലക്ഷങ്ങളുടെ തിരിമറി നടക്കുന്ന ബാങ്ക് യജമാനന്മാരുടെ മുന്നില്‍ കയറ്റിയിറക്കി അവരുടെ ചവിട്ടും തൊഴിയും കൊള്ളുന്ന നിര്‍ദ്ധനരെ ഈ മണ്ണില്‍നിന്നു തന്നെ ഒഴിവാക്കാനുള്ള സോണിയ-ചിദംബരം ദുഷ്ടബുദ്ധിയും വധേരയുടെ മണ്ണുകച്ചവടത്തിനും യോഹന്നാന് പാപ്പച്ചന് പങ്കുകച്ചവടക്കാരുടെ അറയ്ക്കുന്ന താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി ആകാശക്കോട്ട കെട്ടി ഭഗവാന് പാര്‍ത്ഥസാരഥിയെ സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കുന്നതുള്പ്പെടെയുള്ള മ്ലേച്ഛമനസ്സുകളുടെ പാപക്കറകളും കഴുകിക്കളയാന്‍ കൂട്ടപ്രാര്‍ത്ഥന നടത്തി മനഃശുദ്ധി വരുത്തുവാനുള്ള ബോധോദയമാണ് കോണ്ഗ്രസുകാര്ക്കുണ്ടാകേണ്ടത്.
ഒരു ജന്മം മുഴുവനും രാമരാജ്യത്തിനും സ്വദേശി പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പുണ്യാത്മാവിന്റെ വിലാസത്തില്‍ പരദേശി നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിട്ട് എഐസിസി ആസ്ഥാനത്ത് ഗംഗാജലം തളിച്ച് ശുദ്ധമാക്കാന്‍ കഴിഞ്ഞാല്‍ അത് മഹാത്മജിക്ക് കോണ്‍ഗ്രസുകാര്‍ നല്കുന്ന ഏറ്റവും വലിയ ആദരവായിരിക്കും.
ആര്.വി.ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: