കാക്കനാട്: ഇന്‍ഫോപാര്‍ക്കിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും പേരില്‍ കുറഞ്ഞ സൗകര്യത്തിന് കൂടുതല്‍ വാടക നല്‍കേണ്ടി വന്ന വാടകക്കാര്‍ കരാര്‍ കാലാവധി തീരുംമുമ്പേ കെട്ടിടമുടമയുടെയും ഇടനിലക്കാരന്റെയും ഭീഷണി മൂലം കെട്ടിടമൊഴിയാന്‍ നിര്‍ബന്ധിതരാകുന്നു. സ്മാര്‍ട്ട്സിറ്റിയുടെ പേര് പറഞ്ഞാണ് കെട്ടിടം ഒഴിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഒന്നുകില്‍ വാടക കൂട്ടുക, അല്ലെങ്കില്‍ ഒഴിയുക എന്ന ഭീഷണിയാണ് ഇവര്‍ മുഴക്കുന്നത്.
രണ്ട് വര്‍ഷത്തില്‍ കൂടുതലായി താമസിക്കുന്നവരെയാണ് ഇവര്‍ പിഴിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് വരെ ഒരു മുറി, അടുക്കള, ഹാളിനു 1500 രൂപ മുതല്‍ 2000 വരെയായിരുന്നു വാടകയെങ്കില്‍ ഇപ്പോള്‍ 3000 മുതല്‍ 6000 രൂപ വരെയെത്തി നില്ക്കുന്നു. കൂടുതല്‍ വാടക ഈടാക്കിയാല്‍ ഉടമയില്‍ നിന്നും വാടകക്കാരനില്‍ നിന്നുമായി ഇടനിലക്കാരന് ഒരു മാസത്തെ വാടക തുക പൂര്‍ണമായി കിട്ടുന്നു. കെട്ടിടമുടമയ്ക്ക് വാടക ഇരട്ടിയായി കിട്ടുന്നു.
വാടകക്കാരെ ഒഴിപ്പിക്കുന്നതിലും പുതിയ തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. തൃക്കാക്കര, വാഴക്കാല, അത്താണി, മില്ലുംപടി, കങ്ങരപ്പടി, തെങ്ങോട് എന്നിവിടങ്ങളില്‍ മൂന്നു മാസത്തെ വാടകയാണ് അഡ്വാന്‍സായി വാങ്ങുന്നത്. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടച്ചിറ, ചിറ്റേത്തുകര, നിലംപതിഞ്ഞമുകള്‍ എന്നിവിടങ്ങളില്‍ തോന്നിയ പോലെയാണ് വാടകയും അഡ്വാന്‍സും. വീട് മാറുമ്പോള്‍ ഈ തുക തിരികെ നല്‍കണം.
എന്നാല്‍ ഇപ്പോള്‍ ഇല്ലാത്ത വെള്ളക്കരത്തിന്റെയും കറന്റു ബില്ലിന്റെയും പേരില്‍ പകുതിയില്‍ കൂടുതല്‍ തുക കുറച്ചാണ് കൊടുക്കുന്നത്. ഇല്ലെങ്കില്‍ ഭീഷണി വേറെ.
ജൂണ്‍ ആദ്യ വാരം മില്ലുംപടിയിലെ ഒരു പള്ളിവക അപ്പാര്റ്റ്മെന്റില് നിന്നും മാറിയവരില്‍ അടുത്ത രണ്ടു മാസത്തേക്കുള്ള കറന്റ് ബില്ലിന്റെയും വെള്ളക്കരത്തിന്റെയും തുക സെക്രട്ടറി ഈടാക്കി. ചോദിച്ചപ്പോള്‍ ആ തുക സെക്രട്ടറി കൈയ്യില്‍ നിന്നും അഡ്വാന്‍സായി അടച്ചതാണെന്നും അത് കുറച്ചേ ബാക്കി തരികയുള്ളുവെന്നും പറഞ്ഞു. ഇക്കാര്യം പള്ളികമ്മറ്റിയില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയും പത്ത് ദിവസത്തെ വാടകയിനത്തില്‍ 1500 രൂപകൂടി എടുക്കുകയും ചെയ്തു.
തൃക്കാക്കര നഗരസഭയില്‍ കെട്ടിടനിര്‍മാണചട്ടം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള അനധികൃത കെട്ടിട നിര്‍മാണവും എക്സ്സ്റ്റന്ഷനുമാണ് നടക്കുന്നത്. തൊഴില്‍ ചെയ്യുന്ന ഇതര സംസ്ഥാനക്കാര്‍ക്കും സംസ്ഥാനത്തിനകത്തുള്ളവര്ക്കും കുറഞ്ഞ ചെലവില്‍ താമസിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തു കൊടുത്ത് കൊള്ളക്കാരായ ഇടനിലക്കാരില്‍നിന്നും അമിതവാടക ഈടാക്കുന്ന കെട്ടിടമുടമകളില്നിന്നും തുഛ ശമ്പളം വാങ്ങുന്നവരെ സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം രംഗത്തുവരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: