രാജ്യം ഗാന്ധി, ദീനദയാല്‍ജി, ലോഹ്യ എന്നിവരുയര്‍ത്തിയ ദര്‍ശനങ്ങളില്‍നിന്നും ഊര്‍ജ്ജം വലിച്ചെടുത്തുകൊണ്ടുള്ള പുനര്‍ നിര്‍മ്മിതിക്ക് തയ്യാറെടുക്കുകയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തില്‍ നരേന്ദ്രമോദി ഊന്നിപ്പറഞ്ഞ വാക്കുകളും അര്‍ത്ഥവത്തായ പ്രയോഗങ്ങളും ചരിത്രപ്രാധാന്യമുള്ളവയാണ്. പാവങ്ങളുടെ ക്ഷേമം മുഖ്യലക്ഷ്യമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി 2022 ല്‍ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വെള്ളവും വെളിച്ചവും, കക്കൂസും, വീടും, ഭക്ഷണവും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. പാഴ്വാക്കുകളുടെ ഒഴുക്കും സ്വര്‍ണ്ണം പൂശിയ വാഗ്ദാനങ്ങളുയര്ത്തിയ മായാജാലങ്ങളും കണ്ടുമടുത്ത് കബളിപ്പിക്കപ്പെട്ട ഒരു ജനതയുടെ മുമ്പില്‍ വാക്കും പ്രവൃത്തിയും ഒന്നായിരിക്കുമെന്ന് ബോദ്ധ്യപ്പെടുത്താന്‍ വെമ്പല്‍കൊള്ളുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
കേവലം അഞ്ച് കൊല്ലത്തെ അധികാരത്തിന്റെ ലഹരിയില്‍ അഭിരമിച്ച് ആളാകാന്‍ കൊതിയുള്ള രാഷ്ട്രീയനേതാവല്ല നരേന്ദ്രമോദി. ചെറുപ്രായത്തില്‍ പശിയടക്കാന്‍ പണിപ്പെട്ട നാളുകളുടെ തീഷ്ണമായ ജീവിതാനുഭവം അദ്ദേഹത്തിനുണ്ട്. ക്ലേശകരമായ ബാല്യത്തിലും അന്യര്‍ക്കുവേണ്ടി തപിച്ച ആത്മീയതയിലൂന്നിയ മനസ്സിനുടമയായിരുന്നു മോദി. നാടിനുവേണ്ടി സ്വയം സമര്‍പ്പിച്ച ആദര്‍ശത്തിന്റെ ഉദാത്ത മാതൃകയാണദ്ദേഹം. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മനുഷ്യനിര്‍മ്മിതി പ്രക്രിയയാല്‍ വാര്‍ത്തെടുക്കപ്പെട്ട ജീവിതമെന്ന നിലയില്‍ തലമുറകള്‍ക്ക് സാധനാപാഠമാകേണ്ട കര്മ്മയോഗിയാണദ്ദേഹം. സംഘശാഖയിലൂടെ തന്റെ ഹൃദയത്തില്‍ സന്നിവേശിപ്പിച്ച രാഷ്ട്ര നിര്‍മ്മാണ പ്രതിജ്ഞാബദ്ധതയുടെ ആവര്‍ത്തിച്ചുള്ള വിളംമ്പരമാണ് ഇന്ദ്രപ്രസ്ഥത്തിലെ പ്രധാനമന്ത്രി കസേരയില്‍നിന്നും നമുക്കിപ്പോള്‍ കാണാനും കേള്‍ക്കാനും കഴിയുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പോരായ്മകളുടെപേരില് വിലാപകാവ്യങ്ങള്‍ ചമയ്ക്കുന്ന പല പ്രധാനമന്ത്രിമാരെയും നാം കണ്ടിട്ടുണ്ട്. നരേന്ദ്രമോദി ഇവിടെയും വ്യതിരിക്തനാണ്. ഭാരതം പ്രകൃതി വിഭവങ്ങളാല്‍ സമൃദ്ധമാണെന്നും ജനസേവനത്തിന് തനിക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്തി നാടിന്റെ വികസനവും സദ്ഭരണവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. 2019 ല്‍ അതിന്റെ കണക്കായിരിക്കും താന്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയെന്നും പുതിയ പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ നാടിന്റെ ആത്മവിശ്വാസം കൊടുമുടിയോളമാണുയര്ന്നത്. ലോകമെങ്ങും എടുക്കാച്ചരക്കായി മാറികൊണ്ടിരുന്ന ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം 15 ശതമാനത്തോളം ഉയര്‍ന്നതും സെന്‍സെക്സ് വളര്‍ന്നതുമൊക്കെ ഈ ആത്മവിശ്വാസത്തിന്റെ പരിണത ഫലമാണ്.
യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നരേന്ദ്രമോദിയുടെ ജൈത്രയാത്രയില്‍ സാര്‍ക്ക് രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കിയത് വന്‍ നേട്ടം തന്നെയാണ്. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തില്‍ പുത്തന്സരണികള് വെട്ടിത്തുറന്നതും നന്മയുടെയും വിജയത്തിന്റെയും പ്രകാശമായി ലോകം അംഗീകരിച്ചിട്ടുണ്ട്. സാമ്പത്തികരംഗത്ത് പുത്തന്‍ ഉണര്‍വ് എങ്ങും എവിടെയും ഇപ്പോള്‍ ദൃശ്യമാണ്. 100 നഗരങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അതേ സമയം ഗ്രാമീണ ഉന്നമനത്തിനും സ്വയംപര്യാപ്തതയ്ക്കുംവേണ്ടി സമസ്തശക്തിയും സമാഹരിച്ച് പ്രയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുതരുന്നു. തടിച്ചു കൊഴുക്കുന്ന നഗരങ്ങളും ശുഷ്കമാകുന്ന നഗരങ്ങളും തമ്മിലുള്ള ശീതസമരങ്ങളും സംഘര്‍ഷവും രാജ്യത്തിനെന്നും കീറാമുട്ടിയായിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുടെ നഗര-ഗ്രാമ സമീകൃത വികസനശ്രമം ശ്ലാഘിക്കപ്പെടേണ്ടതായി കരുതപ്പെടുന്നു. നമ്മുടെ സമ്പത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗം കടത്തിക്കൊണ്ടുപോയി കള്ളപ്പണമായി അന്യനാട്ടില്‍ സൂക്ഷിച്ചിട്ടുള്ളവരുടെ ഊരും ഉത്ഭവവും കണ്ടെത്തി ആ കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള ധീരമായ കാല്‍വെയ്പ്പ് നരേന്ദ്രമോദി തുടങ്ങികഴിഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ തുടക്കം കേമമായെന്ന് എതിരാളികള്‍പോലും കൈയടിച്ച് അംഗീകരിക്കുന്ന അവസ്ഥയാണ് ഇപ്പോഴൂള്ളത്.
നയപ്രഖ്യാപന ചര്‍ച്ചയുടെ സമാപന പ്രസംഗത്തില്‍ പ്രധാനമന്ത്രി ‘ഗാന്ധിജി, ദീനദയാല്‍ ഉപാദ്ധ്യായ, റാം മനോഹര്‍ ലോഹ്യ’ എന്നിവരുടെ കാഴ്ചപ്പാടുകള്‍ പിന്തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ദീര്‍ഘദൃഷ്ടിയോടുകൂടിയുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണ്. നെഹ്റുവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മഹത്തായ സംഭാവനകളെ സ്നേഹാദരപൂര്‍വ്വം സ്മരിക്കാന്‍ ബിജെപിക്ക് വിമുഖതയൊന്നുമില്ല. പക്ഷേ ത്യാഗത്തിന്റെ മൊത്തകുത്തക ഒരു കുടുംബം സ്വന്തമാക്കുകയും അത് ഊതിവീര്‍പ്പിച്ച് കോണ്‍ഗ്രസ് വില്‍പ്പനച്ചരക്കാക്കുകയും ചെയ്യുന്നതിനോട് ദേശസ്നേഹികള്‍ക്ക് യോജിക്കാനാവില്ല. ആസൂത്രണ- സാമ്പത്തിക-കാഷ്മീര്‍ പ്രശ്നകാര്യങ്ങളില് നെഹ്റു സ്വീകരിച്ച നിലപാടുകളോടും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ഗാന്ധിജിയെ വിസ്മരിച്ചും ചതിച്ചും നെഹ്റുവിയന്‍ ഭരണം സോവ്യറ്റ് മോഡല്‍ ആസൂത്രണവും അമേരിക്കന്‍ മോഡല്‍ കൂട്ടുകൃഷിയുമൊക്കെ അടിച്ചേല്‍പ്പിച്ചതിനെ ഭാരതീയ ജനസംഘം ആദ്യഘട്ടത്തില്‍തന്നെ ശക്തമായി എതിര്‍ത്തിട്ടുള്ളതാണ്. ഇതിന്റെ പേരില്‍ ആര്‍എസ്എസ്സും ജനസംഘവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ബിജെപിയുടെ നയവും വ്യത്യസ്തമല്ല.
നെഹ്റുവിയന്‍ കോണ്‍ഗ്രസ് നയം അമ്പേ പരാജയപ്പെട്ട മേഖലയാണ് ഇന്ത്യന്‍ സാമ്പത്തികരംഗം. ഗാന്ധിജി താന്‍ രൂപം കൊടുത്ത ധര്മ്മാധിഷ്ഠിത രാജ്യവും തനിമയുള്ള സദ്വേശി അര്ത്ഥവ്യവസ്ഥയും നെഹ്റുവിനെന്നും അപ്രിയങ്ങളായിരുന്നു. ഗ്രാമസ്വരാജിനുവേണ്ടിയുള്ള പ്രാഥമിക ഭരണഘടനാ ഭേദഗതികൊണ്ടുവന്ന രാജീവ്ഗാന്ധി നെഹ്റുവിന്റെ മരണശേഷം 20 കൊല്ലം കഴിഞ്ഞാണ് അതിനു മുതിര്‍ന്നതെന്നോര്‍ക്കണം. 18-12-1991 ല്‍ ധനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ നടത്തിയ 193 ചട്ടക്രമ പ്രസ്താവനയില്‍ 42 കൊല്ലം കോണ്‍ഗ്രസ് പിന്തുടര്‍ന്ന സാമ്പത്തികനയം തികഞ്ഞ പരാജയമായിരുന്നുവെന്ന് സമ്മതിച്ചിട്ടുള്ളതാണ്. വിദ്യാഭ്യാസകാര്യത്തിലും ഗാന്ധിജിയുടെ ‘വാര്‍ദ്ധാവിദ്യാഭ്യാസ പദ്ധതി കൊന്നുകുഴിച്ചുമൂടിയ മഹാപാപത്തിന്’ ഭരണകൂടത്തെ വിമര്‍ശിച്ച് ശപിച്ചത് രാഷ്ട്രപതി ഡോ:സക്കീര്‍ ഹുസൈന് തന്നെയായിരുന്നു. മതേതരത്വമെന്നാല്‍ മതനിരാസമാണെന്നുള്ള തലതിരിഞ്ഞ വ്യാഖ്യാനം രാജ്യത്തിന് നല്കിയതും നെഹ്റൂജിയായിരുന്നു. സോമനാഥ ക്ഷേത്രപ്രശ്നത്തില്‍ രാഷ്ട്രപതി ഡോ: രാജേന്ദ്രപ്രസാദ് നെഹ്റുജീയെ വിമര്‍ശിച്ചതും ഭാരതീയ തനിമയേയും ദേശീയതയേയും ആദ്യപ്രധാനമന്ത്രി ഇകഴ്ത്തി കെട്ടാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതുകൊണ്ടായിരുന്നു. ഇതൊന്നും ഫലപ്രദമായി ചര്‍ച്ചചെയ്യപ്പെടാതെപോയ സമൂഹമാണ് നമ്മുടേത്.
ഭാരതീയ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തില്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനു ശ്രമിച്ച ഗാന്ധിജി-ദീനദയാല്‍ജി-ഡോ:ലോഹ്യ എന്നിവരെ നെഞ്ചിലേറ്റുകവഴി ഭാരതീയ ദേശീയതയുടെ അടിവേരുകള്‍ ഉറപ്പിക്കാനാണ് നരേന്ദ്രമോദി ശ്രമിച്ചിട്ടുള്ളത്. വ്യക്തിയുടെ സര്‍വ്വതോമുഖമായ വികാസവും അതിനായുള്ള നിരന്തര അന്വേഷണവും ഭാരതീയ പൈതൃകത്തിലൂന്നിയ നിഷ്ഠയാണ്. പ്രപഞ്ച രഹസ്യവും ചൈതന്യവും വ്യക്തി ജീവിതരഹസ്യവും കണ്ടെത്താനും അതുവഴി ജീവിത സാക്ഷാത്കാരം നേടാനും അനവരതം പ്രയത്നം ചെയ്തവരാണ് നമ്മുടെ പൂര്‍വ്വികര്‍. ഭൗതികതയും ആത്മീയതയും സമവായപ്പെടുത്തിക്കൊണ്ടുള്ള പരസ്പരപൂരകമായി പ്രയാണത്തിന്റെ ചരിത്രമാണ് ഭാരതത്തിനുള്ളത്. കമ്യൂണിസവും ക്യാപിറ്റലിസവും ഇതിന്റെ എതിര്‍ദിശയിലാണെപ്പോഴും നിലയുറപ്പിച്ച് കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ അവകള്‍ പരാജയപ്പെട്ട പ്രത്യയശാസ്ത്രങ്ങളായി ഇപ്പോള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പ്രസ്തുത പരാജയം സൃഷ്ടിച്ച ശൂന്യത ലോകത്തിനു മുമ്പില്‍ ഇല്ലാതാക്കാന്‍ മോഡിജി വാഴ്ത്തിയ ഈ മൂന്നു മഹാത്മാക്കളുടെ ആശയ സംഹിതകളുടെ സംയോജനത്തിനു കഴിയും. 21-ാം നൂറ്റാണ്ടില്‍ മാനവരാശിക്ക് തത്വശാസ്ത്ര മേഖലയില്‍ ഭാരതീയ ബദലായി ഇവരുടെ താത്വിക സമന്വയം രൂപപ്പെട്ട് വരേണ്ടിയിരിക്കുന്നു. ലോകക്രമത്തിനുള്ള മികച്ച സംഭാവനയായി ഗാന്ധിജി-ദീനദയാല്‍-ലോഹ്യ എന്നിവരുടെ വിചാരധാരകള്‍ മാറുകവഴി ഭാരതം ലോകത്തിന് വഴികാട്ടിയായിത്തീരുന്നതാണ്.
കുറച്ചു കൊല്ലം മുന്‍പ് ഗാന്ധി-ദീനദയാല്‍-ലോഹ്യ എന്നൊരു പുസ്തകം തയ്യാറാക്കാന്‍ ഈ ലേഖകന്‍ ഇറങ്ങിപ്പുറപ്പെടുകയും അതിപ്പോഴും പൂര്‍ത്തീകരിക്കാനായി കാത്തുകിടക്കുകയുമാണ്. പരമേശ്വര്‍ജി, അരങ്ങില്‍ ശ്രീധരന്, വീരേന്ദ്രകുമാര്‍ എന്നിവരുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആ ഉദ്യമത്തിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരമൊരു ശ്രമം കാലിക പ്രസക്തിയുള്ളതാണോ എന്ന ചോദ്യം എന്നെ അലട്ടിയിരുന്നു. 1977 ലെ ജനതാ പാര്‍ട്ടി വഴി നടത്തിയ പരീക്ഷണത്തിന്റെ അടിവേരുകള്‍ ആഴ്ന്നിറങ്ങിയിരുന്നത് ഈ മുന്ന് മഹത്വ്യക്തികളുടെ ദര്ശനങ്ങളിലായിരുന്നു. എന്നാല്‍ അന്നത് പരാജയപ്പെട്ടു. ലോക്നായക് ജയപ്രകാശ് നാരായണന്റെ അഴിമതിവിരുദ്ധ സമരങ്ങളും സമ്പൂര്‍ണ്ണ വിപ്ലവാഹ്വാനവുമൊക്കെ ഉദയം ചെയ്തതും പ്രസ്തുത സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. പക്ഷേ അതും പ്രായോഗിക തലത്തില്‍ വേണ്ടത്ര വിജയിച്ചില്ല. അന്നത്തെ പരാജയങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്.
പരമ പൂജനീയ ഗുരുജിയും പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയും ദാര്‍ശനിക മാതൃകകളായി നരേന്ദ്രമോദിക്ക് വഴികാട്ടികളാണ്. മഹാത്മാഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥാനത്ത് സ്വന്തം ഹൃദയം സമര്‍പ്പിച്ച് എളിമയുടെ തെളിമയുമായി അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം അധികാരമേറ്റെടുത്തിട്ടുള്ളത്. ഒരു മതവിശ്വാസിയായി നിലകൊള്ളാന്‍ റാം മനോഹര്‍ ലോഹ്യ ആഗ്രഹിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഭാരതീയ ആത്മീയതയെ വാഴ്ത്തിപ്പറയാന്‍ ഒരിക്കലും മടികാട്ടിയിട്ടില്ല. നരേന്ദ്രമോദി അദ്ദേഹത്തെയും സാംശീകരിക്കുന്നു. ഭാരതത്തിന്റെ ദേശീയതയില്‍ അകമഴിഞ്ഞ് ആഴ്ന്നിറങ്ങി ആയതില്‍ സായൂജ്യം കണ്ടെത്തിയ മൂന്ന് മഹാത്മാക്കളേയാണ് നരേന്ദ്രമോദി പാര്‍ലമെന്റിലെ തന്റെ കന്നി പ്രസംഗംവഴി ഉയര്‍ത്തികാട്ടിയിട്ടുള്ളത്. ഇതൊരു ചരിത്ര നിയോഗവും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ ശംഖൊലിനാദവുമായി നമുക്ക് അഭിമാനപൂര്‍വ്വം സ്വീകരിക്കാവുന്നതാണ്.
നമ്മുടെ നാടിന് ചേര്‍ന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ഘടനയെകുറിച്ചുള്ള സ്വതന്ത്രവും തീഷ്ണവും സമര്പ്പണത്തോടുകൂടിയുമുള്ള അന്വേഷണമാണ് ഈ മൂന്ന് മഹത്തുക്കളും തങ്ങളുടെ ജീവിതംവഴി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത്. ബുദ്ധിപരമോ സാങ്കേതികമോ തത്വശാസ്ത്രപരമോ ആയ കേവല അക്കാദമിക്ക് അന്വേഷണമല്ല ഇവര്‍ നടത്തിയത്. നാടിനെ കണ്ടെത്താനും ജനമനസ്സുകളെ വിലയിരുത്താനും ചരിത്രത്തിലെ വിവിധ ഏടുകള്‍ പഠിക്കാനും ഇതിനൊക്കെ അപ്പുറം പ്രയോഗിക അനുഭവത്തിലൂടെ സ്വായത്തമാക്കിയ അറിവുകളെ വിന്യസിച്ചുമാണ് ഇവരുടെ ദര്‍ശനങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ലോകസമൂഹത്തില്‍ കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഇവരുടെ ദര്‍ശനങ്ങള്‍ പരിഗണിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. ക്രാന്തദര്‍ശിയായ നരേന്ദ്രമോദി തന്നിലര്‍പ്പിതമായ ചരിത്ര ദൗത്യം നിറവേറ്റപ്പെടാനായി അശ്രാന്തപരിശ്രമം നടത്തുമ്പോള്‍ മാനബിന്ദുക്കളായി തത്വശാസ്ത്രരംഗത്ത് ഗാന്ധിജിയേയും, ദീനദയാല്ജീയേയും, ഡോ. ലോഹ്യയേയും കുടിയിരുത്തുകവഴി ഒരു പുത്തന്‍ സരണിയാണ് വെട്ടിത്തുറന്നിട്ടുള്ളത്. രാജനൈതിക അര്ത്ഥശാസ്ത്രരംഗത്ത് ഈ സരണിയുടെ പ്രസക്തിയും ആവശ്യകതയും കൂടുതല്‍ ആഴത്തിലും ഗൗരവത്തിലും ഇനിയെങ്കിലും ചര്‍ച്ചചെയ്യപ്പെടുകയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: