ഝാര്‍ഖണ്ഡില്‍നിന്നും കേരളത്തിലേക്ക് കുട്ടികളെ കടത്തിയത് മനുഷ്യക്കടത്താണെന്ന് കേന്ദ്രവും ബാലാവകാശ കമ്മീഷനും അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ ഇതേപ്പറ്റി അന്വേഷണം നടത്താന്‍ കേന്ദ്രം ഉത്തരവിറക്കി യിരിക്കുകയാണ്. ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ ഇടനിലക്കാര്‍ കടത്തിക്കൊണ്ടുവന്നത് യാതൊരു രേഖകളും ഇല്ലാതെയായിരുന്നു എന്നുമാത്രമല്ല, ഇടനിലക്കാര്‍ ഇതിനും പണം കൈപ്പറ്റിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ അനാഥാലയങ്ങളിലേക്കാണ് ഈ കുട്ടികളെ കൊണ്ടുവന്നത്. ആദിവാസി ഊരുകളില്‍നിന്നും മലപ്പുറത്തെ അനാഥാലയത്തിലെത്തിച്ച കുട്ടികള്‍ ഒളിച്ചോടി രക്ഷപ്പെട്ട ശേഷം വെളിപ്പെടുത്തിയതും അവരെ ബാലവേലയ്ക്കാണ് കടത്തിക്കൊണ്ടുവന്നത് എന്നായിരുന്നല്ലോ. ഇന്നത്തെ കേരള/ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും കച്ചവടമൂല്യമുള്ള വസ്തുക്കള്‍ കുട്ടികളായി മാറുകയാണ്. അച്ഛനമ്മമാര്‍ കുട്ടികളെ വിലപേശി വില്‍ക്കുന്നതും ഇടനിലക്കാര്‍ ഇവരെ കേരളത്തിലെ ചില അനാഥാലയങ്ങളിലെത്തിക്കുന്നതും ബാലവേലയ്ക്ക് മാത്രമല്ല, മതംമാറ്റത്തിനും കൂടിയാണെന്ന വസ്തുതയും നിലനില്ക്കുന്നു. മലപ്പുറം വെട്ടത്തൂരിലെ അന്‍വാറുള്‍ അനാഥാലയത്തിലേക്കും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നൂറുകണക്കിന് കുട്ടികളെയാണത്രെ എത്തിക്കുന്നത്. 123 കുട്ടികള്‍ മതിയായ രേഖകളില്ലാത്തവരാണെന്ന് കണ്ടെത്തി പോലീസിന് റിപ്പോര്‍ട്ട് ചെയ്തത് നാട്ടുകാരായിരുന്നു. ഈ മനുഷ്യക്കടത്തില്‍ പോലീസ് നിസ്സംഗരായിരുന്നു. നാട്ടുകാരുടെ ഇടപെടലില്‍ ഇവരെ സര്‍ക്കാര്‍ അനാഥാലയത്തിലേയ്ക്കും മാറ്റി.
കുട്ടികള്‍ വില്‍പ്പന ചരക്കാണെന്നും തമിഴ്നാട്ടില്‍നിന്നും മറ്റും ഇവരെ കടത്തിയിരുന്നത് കുറഞ്ഞ വേതനത്തിന് വീട്ടുവേല്യ്ക്ക് നിര്‍ത്താനായിരുന്നു എന്നും തെളിഞ്ഞ വസ്തുതകളാണ്. എന്നാല്‍ ഇപ്പോള്‍ ഝാര്‍ഖണ്ഡില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്കുള്ള വന്‍തോതിലുള്ള കുട്ടി കടത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത അക്ഷന്തവ്യമാണ്. യൂനിസെഫ് നിര്‍ദ്ദേശമനുസരിച്ച് ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ വേണ്ടി 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് കുറ്റകരമാണ്. ജസ്റ്റിസ് വര്‍മ കമ്മീഷന് നിര്‍ദ്ദേശമനുസരിച്ച് മനുഷ്യക്കടത്തിനെതിരെ കൂടുതല്‍ വ്യക്തമായ വിശകലനം ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ബാല-ശിശു ക്ഷേമമന്ത്രി മനേകഗാന്ധിയും ഈ മനുഷ്യക്കടത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
ചെയില്‍ഡ് ലേബര്‍ ആക്ട്, ജൂവൈനല്‍ ജസ്റ്റിസ് ആക്ട്, ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് തുടങ്ങി നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും കുട്ടികളുടെ പീഡനവും വ്യാപാരവും ലൈംഗിക പീഡനവും ബാലവേലയും ബാല ഭിക്ഷാടനവും അനിയന്ത്രിതമായി തുടരുന്നത് അടിവരയിടുന്നത് സര്‍ക്കാര്‍ അനാസ്ഥയ്ക്കുതന്നെയാണ്. കുട്ടികളേയും സ്ത്രീകളേയും കടത്തിക്കൊണ്ട് പോകുന്നത് കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യമായി മാറ്റേണ്ടതാണ്. ഹിന്ദുയുവാക്കളെ മതംമാറ്റി യെമനിലേയ്ക്ക് കടത്തിയ സംഭവം ഐബി ഒന്നരമാസം മുമ്പ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അന്ന് അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. കൊച്ചി കേന്ദ്രമാക്കി ഹിന്ദുയുവാക്കളെ മതംമാറ്റി ഭീകരക്യാമ്പുകളിലേയ്ക്കയയ്ക്കുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.
കുട്ടികള്‍ കേരളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും തീര്‍ത്തും അരക്ഷിതരാണ്. എന്‍സിആര്‍ബി റിപ്പോര്‍ട്ടനുസരിച്ച് ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ വീതം ഇന്ത്യയില്‍ കാണാതാവുന്നു. പത്ത് ലക്ഷത്തോളം കുട്ടികളെ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കായി കടത്തിക്കൊണ്ടുപോകുന്നു. ഝാര്‍ഖണ്ഡിലെ മാതാപിതാക്കള്‍ തന്റെ കുട്ടികളെ വില്‍ക്കുകയായിരുന്നു. ഝാര്‍ഖണ്ഡില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാണ്. മലപ്പുറം അനാഥാലയത്തില്‍നിന്നും ഓടി രക്ഷപ്പെട്ട കുട്ടികള്‍ ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത് മുതിര്‍ന്ന കുട്ടികള്‍ തങ്ങളെ ഉപദ്രവിച്ചെന്നും അനാഥാലയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നുമാണ്. കേരളത്തിലെ അനാഥാലയങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനാഥമാണ്. ആദിവാസി കുട്ടികള്‍ ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത് ജോണ്സണ് എന്ന പാതിരി നിരന്തരം ഊരിലെത്തി രക്ഷിതാക്കള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് തങ്ങളെ അനാഥാലയത്തിലെത്തിക്കുന്നതെ ന്നാണത്രെ. സമൂഹവും സര്‍ക്കാരും രക്ഷിതാക്കള്‍പോലും കുട്ടികളോടുള്ള കടമ നിറവേറ്റുന്നതില്‍ പരാജയമാണ്. കുട്ടികള്‍ ക്രൂരമായ ലൈംഗിക അരാജകത്വത്തിനും ശരീരം വികൃതമാക്കി ഭിക്ഷാടനത്തിനും ഉപയോഗിക്കപ്പെടുന്നു. തെരുവ് നായ്ക്കളോട് ദയവുകാട്ടുന്ന മനേക ഗാന്ധി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അവരുടെ ജീവിതാവകാശമായ വിദ്യാഭ്യാസം, ഭക്ഷണം, പാര്‍പ്പിടം എന്നിവ ഉറപ്പുവരുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: