കൊച്ചി: നികുതി പരിഷ്കരണ നിയമത്തിലെ അവ്യക്ത പരിഹരിക്കണമെന്ന്് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇരുപത്തിയഞ്ച് ശതമാനം മുതല്‍ 150 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചാണ് വസ്തു നികുതി പരിഷ്കരണത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വന്‍ തുകയാണ് ജനങ്ങളില്‍ നിന്നും നികുതി ഇനത്തില്‍ ഈടാക്കുന്നതെന്ന് പ്രതിപക്ഷാഗം അഡ്വ. അനില്‍കുമാര്‍ ആരോപിച്ചു. പഴയ സര്‍ക്കാര്‍ ഉത്തരവ് വെട്ടി തിരുത്തിയാണ് നികുതി പരിഷ്കരണം നടത്തിയിരിക്കുന്നത്. 750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്ക് 20 ശതമാനവും 1500 ചതുരശ്ര അടിക്ക് പത്ത് ശതമാനവും നികതി ഇളവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്നു. എന്നാല്‍ പുതിയ നികുതി പരിഷ്കരണ ഉത്തരവ് ഇറങ്ങിയപ്പോള്‍ ഇവ നീക്കം ചെയ്തയായും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. നികുതി പരിഷ്കരണ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നതു വരെ നികുതി പിരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനം വന്ന ശേഷം മാത്രമേ നികുതി സംബന്ധമായ കാര്യങ്ങള്‍ പരിഗണിക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് എ.ജെ. ജേക്കബ് ആവശ്യപ്പെട്ടു. നികുതി പരിഷ്കരണ കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി ജെ വിനോദ് പറഞ്ഞു. നികുതി ഏര്‍പ്പെടുത്തിയതില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നികുതിദായകര്‍ പൂരിപ്പിച്ചു നല്കിയ ഫോം പരിശോധിക്കുന്നതിനുള്ള നടപടി ഇതുവരെ ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുനികുതി വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും ഇവ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും കൗണ്‍സിലര്‍ സി.എ. ഷക്കീര്‍ ആവശ്യപ്പെട്ടു. ഷോപ്പിംഗ് മാളുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്നും സാധാരണക്കാരെ നികുതി വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കണമെന്നും കെ.വി. മനോജ് പറഞ്ഞു.
നികുതി പരിഷ്കരണത്തില്‍ വ്യക്തത ഉണ്ടാകുന്നതു വരെ നികുതി പിരിക്കുന്നതിനുള്ള നീക്കം താത്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് മേയര്‍ ടോണി ചമ്മിണി അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ വ്യക്തതയില്ലായ്മയാണ് ഇതിന് കാരണം. പ്രശ്ന പരിഹാരത്തിനായി വരുന്ന തിങ്കളാഴ്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേരുമെന്നും മേയര്‍ അറിയിച്ചു. നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്് സമര്‍പ്പിക്കാനിരിക്കുന്ന ഡ്രാഫ്റ്റ് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ശേഷം നികുതി പരിഷ്കരണത്തിലെ സങ്കീര്‍ണ്ണതകളും പോരായ്മകളും പരിഹരിച്ച് ആവശ്യമെങ്കില്‍ വീണ്ടും കൗണ്‍സില്‍ ചര്‍ച്ച ചെയ്യാം. ജനങ്ങള്‍ക്ക് ബുദ്ധുമുട്ടുണ്ടാക്കാത്ത രീതില്‍ നികുതി പരിഷ്കരണ നടപടികള്‍ നടപ്പിലാക്കുമെന്നും വ്യക്തമാക്കി.
കലൂര്‍ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെടണമെന്ന് ഡിവിഷന് കൗണ്‍സിലര്‍ ഗ്രേസി ജോസഫ് മേയറോട് ആവശ്യപ്പെട്ടു. ജിസിഡിഎയുടെ ജീര്ണാവസ്ഥയിലിരിക്കുന്ന മാര്‍ക്കറ്റിലേക്ക് കലൂര്‍ മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കലൂര്‍ അറവുശാലയുടെ പ്രശ്ന പരിഹാരത്തിനും മാലിന്യ ശേഖരണത്തിനായുള്ള പെട്ടി ഓട്ടോ അഴിമതി വിജലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ശ്യാമള എസ് പ്രഭു, സുനില്‍ കുമാര്‍ കെ, തമ്പി സുബ്രഹ്മണ്യം, വി എ ശ്രീജിത്ത്, മുംതാസ് ടീച്ചര്‍, സജിനി ജയചന്ദ്രന്, എം.പി. മഹേഷ്കുമാര്‍, പി.ആര്.റനീഷ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: