ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഏറ്റവും തിരക്കേറിയ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നുഴഞ്ഞുകയറിയ പാക് താലിബാന് (തെഹ്രിക് ഇ താലിബാന്) ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28ആയി. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ എട്ടുപേരും നാലു തൊഴിലാളികളും ഉള്‍പ്പെടെ 18 പേരെയാണ് ഭീകരര്‍ കൊന്നത്. 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പത്ത് ഭീകരരെയും സൈന്യം വധിച്ചു. പരിക്കേറ്റ ഇരുപത്തിയാറുപേര്‍ ചികിത്സയിലാണ്. യാത്രക്കാരിലാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് കടുത്ത ആശങ്ക ഉടലെടുത്തിട്ടുണ്ട്.
ഞായറാഴ്ച അര്‍ധരാത്രിയോട് അടുപ്പിച്ചാണ് പാക്ചരിത്രത്തിലെതന്നെ ഏറ്റവും ഭീതിജനകമായ സംഭവങ്ങളിലൊന്നിന്റെ തുടക്കം. ഗ്രനേഡുകളും റോക്കറ്റുകളും ബോംബുകളും സ്ഫോടകവസ്തുക്കള്‍ പതിച്ച കവചങ്ങളും ധരിച്ചുവന്ന ഭീകരര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. ഹജ്ജ് യാത്രികര്‍ക്കായി ഒരുക്കിയിട്ടുള്ള ടെര്‍മിനില്‍ വഴിയും അതിനോടു ചേര്‍ന്ന് ഉപയോഗിക്കാതെ കിടന്ന എന്‍ജിനീയറിങ് സെക്ഷന്‍ വഴിയുമാണ് ഭീകരര്‍ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ഭീകരരില്‍ ചിലര്‍ സൈനിക യൂണിഫോം ധരിച്ചിരുന്നു. എയര്‍പോര്‍ട്ടിനകത്ത് കടന്നയുടന്‍ ഭീകരര്‍ ബോംബുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം തുടങ്ങി. മൂന്നു ചാവേറുകള്‍ പൊട്ടിത്തെറിച്ചു. വിമാനത്താവളം പുകയും തീയും കൊണ്ടുനിറഞ്ഞു. റണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ക്കരികില്‍ വരെ തീപടര്‍ന്നു. തുടര്‍ന്ന് കമാന്‍ഡോകളുടേയും അര്‍ധസൈനികരുടേയും പോലീസിന്റെയും സഹായത്തോടെ വിമാനത്താവള സംരക്ഷണ സേന ഭീകരരെ നേരിട്ടു. അഞ്ചു മണിക്കൂറുകള്‍ക്കുശേഷം ഭീകരരെയെല്ലാം വധിച്ചെന്ന പ്രഖ്യാപനംവന്നു. എന്നാല്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വിമാനത്താവളത്തിനുള്ളില്‍ നിന്ന് വീണ്ടും വെടിയൊച്ചയും സ്ഫോടനശബ്ദങ്ങളും കേട്ടു. പിന്നാലെ ഏറ്റുമുട്ടലും പുനരാരംഭിച്ചു. സംഭവത്തെത്തുടര്‍ന്ന് കറാച്ചിയിലേക്കുള്ള വിമാനങ്ങളെ ലാഹോറിലേക്കും നബാബ്ഷായിലേക്കും വഴിതിരിച്ചുവിട്ടു. വിമാനത്താവളം അടച്ചുപൂട്ടി പൂര്‍ണ സുരക്ഷാവലയം തീര്‍ത്തു. അധികംതാമസിയാതെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന് രംഗത്തെത്തി. ഇന്നലെ രാത്രിയോടെ വിമാനത്താവളം പ്രവര്‍ത്തനത്തിനു തുറന്നു.
ഇന്ത്യയിലും സുരക്ഷ ശക്തമാക്കി
ന്യൂദല്‍ഹി: കറാച്ചി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. പരിശോധന കര്‍ശനമാക്കാനും സംശയകരമായ സാഹചര്യത്തില്‍ കാണുന്നവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തും സുരക്ഷ ബലപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ എയര്‍പോര്‍ട്ടില്‍ അധിക സേനയെ നിയോഗിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സിഐഎസ്എഫ് ഡയറക്റ്റര്‍ ജനറല്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: