നാമം 413: ഏകമൂര്‍ത്തി: അതില്‍ ശ്രദ്ധ ഉറയ്‌ക്കുമ്പോള്‍ നിങ്ങളുടെ മനോഗതിയ്‌ക്കിണങ്ങുന്ന കൈശോരവേഷമോ നരസിംഹവേഷമോ ശിവന്റെയോ ബ്രഹ്മാവിന്റെയോ രൂപമോ ഒക്കെ ആ തേജസ്സിനുള്ളില്‍ തെളിയും. നാരായണീയം മുഴുവന്‍ ഭക്തിയോടെ രചിച്ച നാരായണീയ കര്‍ത്താവിന്റെ മനസ്സില്‍ തെളിഞ്ഞ രൂപമാണ് നൂറാം ദശകത്തിലെ പത്തുശ്ലോകങ്ങളില്‍ അദ്ദേഹം വാക്കുകള്‍ കൊണ്ടു വരച്ചുകാട്ടിയത്. ഭഗവാന്‍ ബ്രഹ്മചൈത്യമാണ്. ഒരു മൂര്‍ത്തിയും ഇല്ലാതിരിക്കെത്തന്നെ ഏകമൂര്‍ത്തിയും ബഹുമൂര്‍ത്തിയുമാണ്. സ്ത്രീയും പുരുഷനുമല്ലാതിരിക്കെത്തന്നെ ലക്ഷ്മിയും വിഷ്ണുവും ഉമയും മഹേശ്വരനും സരസ്വതിയും ബ്രഹ്മാവും എല്ലാം ഉള്ളടങ്ങിയ ഏക മൂര്‍ത്തിയുമാണ്.
414: ഈതിബാധ വിനാശകം: ഈതികളെയും ബാധകളെയും നശിപ്പിക്കുന്നവന്‍, ഈതികളുടെ ബാധയെ നശിപ്പിക്കുന്നവന്‍. നാടിനെ പൊതുവെ ബാധിക്കുന്ന അതിവൃഷ്ടി, അനാവൃഷ്ടി, ശലഭങ്ങള്‍, എലി തുടങ്ങിയവയുടെ ആക്രമണം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം, തീപിടിത്തം തുടങ്ങിയവയാണ് ഈതികള്‍. രോഗം, ദുഃഖം, തടവിലാക്കല്‍, വിരോധം, പിശാച്, ഭൂതം തുടങ്ങിയ ദുര്‍ദേവതകളുടെ ഉപദ്രവം തുടങ്ങിയവ ബാധകള്‍. സ്വസ്ഥത നശിപ്പിക്കുന്ന എല്ലാത്തിനെയും ചേര്‍ത്ത് ഈതിബാധകള്‍ എന്നുപറയാം. ഭഗവാന്റെ നാമമോ രൂപമോ ലീലകളോ സ്മരിക്കുന്ന നിമിഷത്തില്‍ ഈതിബാധകള്‍ നശിക്കും.
ഡോ. ബി.സി.ബാലകൃഷ്ണന്‍
(തുടരും)
















