ആറാം ലോകകിരീടം ലക്ഷ്യമിട്ട് ഫുട്ബോളിലെ ഏറ്റവും ആരാധകരുള്ള ടീമും ആതിഥേയരുമായ ബ്രസീല്‍ പരിശീലനം ആരംഭിച്ചു. തെരേസോപോളിസിലെ ഗ്രാന്‍ജ കോമറിയിലാണ് കാനറികളുടെ പരിശീലന ക്യാമ്പ്. 1987 മുതല്‍ ബ്രസീലിന്റെ ഏറ്റവും പ്രിയപ്പെട്ട പരിശീലന ക്യാംപാണ് ഗ്രാന്‍ജ കോമറിയിലേത്. മുന്‍പ് അഞ്ചു തവണ ലോകകപ്പ് നേടിയപ്പോഴും ബ്രസീല്‍ പരിശീലിച്ചിരുന്നതും ഇവിടെ തന്നെ.
അതേസമയം, ആരാധകരുടെ ആര്പ്പുവിളികള്ക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ പ്രതിഷേധ മുദ്രാവാക്യങ്ങളും കേട്ടുകൊണ്ടായിരുന്നു ബ്രസീല്‍ താരങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. റിയോ ഡി ജെയിനെറോയില്‍ പുറപ്പെടാന്‍ ഒരുങ്ങിനിന്ന ടീം ബസിന് ചുറ്റും പ്രതിഷേധക്കാരായ അധ്യാപകര്‍ തടിച്ചുകൂടി. ലോകകപ്പിനെതിരെ മുദ്രാവാക്യം മുഴക്കിയ അവര്‍ ബസില്‍ സ്റ്റിക്കറുകളും പതിച്ചു. ജനക്കൂട്ടത്തെ തള്ളിമാറ്റിയാണ് ബസിന് പോലീസ് വഴിയൊരുക്കിയത്. ടീം താമസിച്ച ഹോട്ടലിനു മുന്നിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
എന്നാല്‍ ഗ്രാന്‍ജ കോമറിയിലെ ക്യാംപിനുമുന്നില് നൂറുകണക്കിന് ആരാധകരും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് ടീമിനെ സ്വീകരിച്ചു. നിരത്തിനിരുവശവും ബ്രസീലിയന്‍ ദേശീയ പതാകകള്‍ കെട്ടിയിരുന്നു.
ബസ് കടന്നുപോയ പാതയുടെ അരുകില്‍ നിന്ന് കൈവീശിയും ആര്‍ത്തുവിളിച്ചും ആശംസകള്‍ നേര്‍ന്നും ആരാധകക്കൂട്ടം ടീമിനോട് ഐക്യദാര്‍ഢ്യം അറിയിച്ചു. ക്യാംപിനു മുന്നിലും സമരക്കാരുടെ ചെറിയ സാന്നിധ്യമുണ്ടായിരുന്നു.
അതിനിടെ, ലോകകപ്പ് തയ്യാറെടുപ്പുകളില്‍ കാലതാമസം വരുത്തിയ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡോ രംഗത്തെത്തി. ജനങ്ങള്‍ പാഠംപഠിക്കണം. എല്ലാത്തിനും കാരണം സര്‍ക്കാരാണ്. അവര്‍ തെരഞ്ഞെടുത്ത ഭരണകൂടങ്ങളാണ്. അല്ലാതെ ഫുട്ബോളും ലോകകപ്പുമൊന്നുമല്ല കുഴപ്പമുണ്ടാക്കുന്നത്, റൊണാള്‍ഡോ തുറന്നടിച്ചു.
ലാറ്റിനമേരിക്കയിലെ വികസ്വര രാജ്യമായ ബ്രസീലില്‍ സാമ്പത്തിക അസമത്വങ്ങളും ജീവിതച്ചെലവിലെ കുതിച്ചുകയറ്റവും രൂക്ഷമാണ്. ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ കോടികള്‍ മുടക്കി ഫുട്ബോള്‍ മാമാങ്കം നടത്തുന്നതിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. ലോകകപ്പ് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ട്. ബ്രസീലിയന്‍ നഗരങ്ങളിലെ ചില വീടുകളില്‍ ദേശീയ പതാക പാറുമ്പോള്‍ മറ്റുചിലവയില്‍ പ്രതിഷേധത്തിന്റെ ബാനറുകളാണ് കെട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: