ന്യൂദല്‍ഹി: ഒരുചെറിയ ഇടവേളയ്‌ക്കുശേഷം ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് ദേശീയ പതാകയ്‌ക്കു കീഴില്‍ മത്സരിക്കാന്‍ വഴിതുറന്നു.
രാജ്യത്തെ ബോക്സിങ് രംഗത്തെ ഭരണനിര്‍വഹണത്തിന് ‘ബോക്സിങ് ഇന്ത്യ’ എന്ന കൂട്ടായ്‌മയ്‌ക്ക് എഐബിഎ അവസരം നല്‍കി. ഇതോടെ ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക വിലക്കും നീങ്ങി.
കോര്‍പ്പറേറ്റ് തലവന്‍മാരും ഇന്ത്യന്‍ ബോക്സിങ്ങിന്റെ പ്രധാന സ്പോണ്‍സര്‍മാരായ മോന്നെറ്റ് ഇസ്പത് ലിമിറ്റഡിന്റെ സിഎംഡി സന്ദീപ് ജൊജോദിയയും വേള്‍ഡ് സീരിസ് ബോക്സിങ്ങിലെ മുന്‍ ഫ്രാഞ്ചൈസി ഉടമ ഉദിത് സേത്ത എന്നിവരൊക്കെ അടങ്ങുന്ന സംഘമാണ് ബോക്സിങ് ഇന്ത്യയിലെ പ്രധാന അംഗങ്ങള്‍.
ദീര്‍ഘകാലം കായിക ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്‌ട്ര ബോക്സിങ് അസോസിയേഷന്‍ പ്രസിഡന്റ് ജായ് കൗലിയുടെ പിന്തുണയോടെയാണ് ബോക്സിങ് ഇന്ത്യയുടെ രൂപീകരണം.
ഇന്റര്‍നാഷണല്‍ ബോക്സിങ് ഫെഡറേഷനില്‍ അംഗത്വം തേടി ബോക്സിങ് ഇന്ത്യ അപേക്ഷ നല്‍കിയിരുന്നു.
അപേക്ഷ പരിഗണിച്ച എഐബിഎയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി ബോക്സിങ് ഇന്ത്യയ്‌ക്ക് താത്കാലിക അംഗത്വം നല്‍കി. എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനത്തിന് എഐബിഎ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പൊതുയോഗം സംഘടിപ്പിക്കുന്നതിനും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള പദ്ധതികള്‍ സമര്‍പ്പിക്കുകയാണ് ബോക്സിങ് ഇന്ത്യയ്‌ക്കു മുന്നിലെ ആദ്യ കടമ്പ.
ഭരണസമിതി തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ 2012ല്‍ ഇന്ത്യന്‍ അമച്വര്‍ ബോക്സിങ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ പ്രതസന്ധിയിലായത്.
എഐബിഎയുടെ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാന്‍ പരാജയപ്പെട്ട സംഘടനയെ പിന്നീട് എഐബിഎ താത്കാലികമായി പുറത്താക്കി.
















