ലണ്ടന്‍: പ്രതിരോധനിരയിലെ കരുത്തന്‍ റിയോ ഫെര്‍ഡിനന്റ് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ഈ സീസണോടെ തന്റെ പ്രിയ ടീമുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് ഫെര്‍ഡിനന്റ് വ്യക്തമാക്കി. ജൂലൈയില്‍ വിരാമമാകുന്ന കരാര്‍ പുതുക്കേണ്ടെന്നാണ് ഫെര്‍ഡിനന്റിന്റെ തീരുമാനം.
കഴിഞ്ഞ കുറെ മാസങ്ങളായി കരിയറിനെ സംബന്ധിച്ച് ആഴത്തില്‍ ചിന്തിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമെന്നു ഞാന്‍ കരുതുന്ന മാന്‍.യുവിനുവേണ്ടി 12 വര്‍ഷം പന്തുതട്ടി. ഇനി മാറ്റത്തിനുള്ള സമയമായി, ഫെര്‍ഡിനന്റ് സ്വന്തം വെബ്സൈറ്റില്‍ കുറിച്ചു. മഹാന്‍മാരായ കളിക്കാര്‍ക്കൊപ്പം പന്തുതട്ടാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. ആദ്യ പ്രിമീയര്‍ ലീഗ് നേട്ടവും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയെ തോല്‍പ്പിച്ചതുമെല്ലാം എന്നെന്നും ഓര്‍മ്മയില്‍ തങ്ങും, ഫെര്‍ഡിനന്റ് കൂട്ടിച്ചേര്‍ത്തു.
2002ല്‍ ലീഡ്സ് യുണൈറ്റഡില്‍ നിന്ന് 50 മില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് തുകയ്‌ക്കാണ് ഫെര്‍ഡിനന്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. അന്നുമുതല്‍ ടീമിന്റെ വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു അദ്ദേഹം. 454 മത്സരങ്ങളില്‍ ക്ലബ്ബിനുവേണ്ടി കളിച്ചു. ആറ് പ്രീമിയര്‍ ലീഗ്, രണ്ട് ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ,് ക്ലബ്ബ് ലോകകപ്പ് ജയങ്ങളില്‍ പങ്കാളിയായി. തുടര്‍ച്ചയായി പരിക്കുകള്‍ വേട്ടയാടിയതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിനു പുറത്താണ് ഫെര്‍ഡിനന്റ്. ഇക്കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ സതാമ്പ്റ്റനെതിരായ മാന്‍.യുവിന്റെ അവസാന മത്സരത്തില്‍ ഫെര്‍ഡിനന്റ് ഇറങ്ങിയിരുന്നു.
















