മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ചാമ്പ്യനെ അറിയാന്‍ ഇനിയും കാത്തിരിക്കണം. നിനച്ചിരിക്കാത്ത ഫലങ്ങള്‍ ലീഗ് ജേതാക്കളെ നിര്‍ണയിക്കുന്ന ദൗത്യം അവസാന മത്സരങ്ങളുടെ ചുമലില്‍വച്ചു. 37-ാം റൗണ്ടില്‍ അത്ലറ്റിക്കോ മാഡ്രിഡ് മലാഗയുമായും (1-1) ബാഴ്സലോണ എല്‍ഷെയുമായും (0-0) സമനിലയില്‍ കുടുങ്ങി.
കിരീടപ്പോരാട്ടത്തില്‍ നിന്ന് ഇതിനകം പുറത്തായ റയല്‍ മാഡ്രിഡിനെ സെല്‍റ്റാ വിഗോ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചു. 89 പോയിന്റുമായി അത്ലറ്റിക്കോ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. 86 പോയിന്റുള്ള ബാഴ്സ രണ്ടാമത്. റയല്‍ (84 പോയിന്റ്) മൂന്നാം സ്ഥാനത്ത്. അവസാന റൗണ്ടില്‍ അത്ലറ്റിക്കോയും ബാഴ്സയും നേര്‍ക്കുനേര്‍ വരും. അത്ലറ്റിക്കോയ്‌ക്ക് കിരീടമുയര്‍ത്താന്‍ സമനില മാത്രം മതി. എന്നാല്‍ ബാഴ്സയ്‌ക്ക് ജയം അനിവാര്യം.
മലാഗയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ അവസരങ്ങള്‍ തുലച്ച അത്ലറ്റിക്കോ സമനില ചോദിച്ചുവാങ്ങുകയായിരുന്നു. തുറുപ്പുചീട്ട് ഡീഗോ കോസ്റ്റയുടെ അഭാവത്തില്‍ അവരുടെ നീക്കങ്ങള്‍ക്ക് പൂര്‍ണത ലഭിച്ചില്ല. ഡേവിഡ് വിയയും കോക്കയുമൊക്കെ കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. കൗണ്ടര്‍ അറ്റാക്കുകളിലൂടെ മലാഗ നിരന്തരം അത്ലറ്റിക്കോ പ്രതിരോധത്തെ അലോസരപ്പെടുത്തിക്കൊണ്ടുമിരുന്നു. 65-ാം മിനിറ്റില്‍ സാമുവേലിലൂടെയാണ് മലാഗ മുന്നില്‍ക്കയറിയത്.
ഒരു ലോങ്ങ് ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ടോബി അല്‍ഡെര്‍വെയേഡിനു പറ്റിയ പിഴവ് മുതലെടുത്തത് സാമുവേല്‍ പന്ത് അത്ലറ്റിക്കോയുടെ വലയിലേക്ക് ഹെഡ്ഡ് ചെയ്തു (1-0). എന്നാല്‍ 9 മിനിറ്റുകള്‍ക്കുശേഷം അല്‍ഡെര്‍വെയേഡ് ടീമിന്റെ സമനില ഗോള്‍ കുറിച്ച് പ്രായശ്ചിത്തം ചെയ്തു (1-1). അവസാന നിമിഷങ്ങളില്‍ മലാഗ പത്തുപേരായി ചുരുങ്ങിയെങ്കിലും അത്ലറ്റിക്കോയ്‌ക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല.
എല്‍ഷെയ്‌ക്കെതിരെ ബാഴ്സയുടെ വന്‍ തോക്കുകള്‍ തീര്‍ത്തം നിശബ്ദമായിപ്പോയി. ആന്ദ്രെ ഇനിയേസ്റ്റയുടെ വോളിയും ലയണല്‍ മെസിയുടെ ഫ്രീ കിക്കുമൊക്കെ നിര്‍വീര്യമാക്കിയ എല്‍ഷെ ഗോളി മാനു ഹെരേര ബാഴ്സയുടെ ജയമോഹത്തെ തല്ലിക്കെടുത്തിക്കളഞ്ഞു.
റയലിനെതിരെ സെല്‍റ്റാ വിഗോയുടെ രണ്ടു ഗോളുകളും ബ്രസീലിയന്‍ സ്ട്രൈക്കര്‍ ചാള്‍സ് കുറിച്ചു. 43, 63 മിനിറ്റുകളിലാണ് ചാള്‍സ് വെടിപൊട്ടിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാത്ത റയല്‍ നിരയ്‌ക്ക് നിലവാരം കാക്കാനായില്ല. ഗരാത് ബെയ്‌ല് പരക്കാരനായി വന്നെങ്കിലും ടീമിന്റെ ജാതകം മാറ്റിക്കുറിക്കുന്നതിനു പാകത്തില്‍ പന്തു തട്ടിയതുമില്ല.
















