ഹൈദരാബാദ്: ചെറിയ സ്കോറുകള്‍ പ്രതിരോധിക്കാനുള്ള ശേഷി ഐപിഎല്ലിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ഹൈദരാബാദ് സണ്‍ റൈസേഴ്സ് തെളിയിച്ചിട്ടുള്ളതാണ്. ഇക്കുറിയും അവര്‍ അതടിവരയിട്ടു, രാജസ്ഥാന്‍ റോയല്‍സിനെതിരെ. ബാറ്റ്സ്മാന്‍മാര്‍ക്ക് വഴിതെറ്റിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും (4 വിക്കറ്റ്) ഡെയ്‌ല് സ്റ്റെയ്നും (2)അടക്കമുള്ള ബൗളര്‍മാര്‍ വീറുകാട്ടി. ഫലമോ സണ്‍റൈസേഴ്സിന് 32 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനെ 9ന് 134 എന്ന സ്കോറില്‍ ചുരുട്ടിക്കെട്ടാന്‍ റോയല്‍സിനു സാധിച്ചു. നായകന്‍ ശിഖര്‍ ധവാനും (33) ഇര്‍ഫാന്‍ പഠാനും (21 നോട്ടൗട്ട്) മാത്രമേ സണ്‍റൈസേഴ്സിനു കാര്യമായ സംഭാവനകള്‍ നല്‍കിയുള്ളു. നാലാം ഓവറിന്റെ അവസാന പന്തില്‍ ധവാനെ പുറത്താക്കിയ വാട്സന്‍ തന്റെ അടുത്ത സ്പെല്ലിലെ ആദ്യ രണ്ടു പന്തുകളില്‍ മോയ്സസ് ഹെന്‍റിക്സിനെയും (9) കരണ്‍ ശര്‍മ്മയെയും (0) വീഴ്‌ത്തി ഹാട്രിക്ക് നേട്ടം സ്വന്തമാക്കി. എന്നാല്‍ മറുപടി തുടങ്ങിയ രാജസ്ഥാനി സംഘം 19.5 ഓവറില്‍ 102ന് ഓള്‍ ഔട്ടാകുമ്പോള്‍ വാട്സന്റെ പ്രകടനം വിഫലം.
അജിന്‍ക്യ രഹാനെയെ (0) മൂന്നാം പന്തില്‍ ഭുവനേശ്വര്‍ മടക്കിയതുമുതല്‍ റോയല്‍സിന് ശനിദശയായിരുന്നു. ഏഴാം ഓവറിനുശേഷം റോയല്‍സ് ഒരു ബൗണ്ടറി മാത്രമേ സ്കോര്‍ ചെയ്തുള്ളുവെന്നത് സണ്‍റൈസേഴ്സ് ബൗളര്‍മാരുടെ കണിശതയ്‌ക്കു തെളിവായി. എങ്കിലും കരുണ്‍ നായരും സഞ്ജു വി.സാംസണും പോരാട്ടവീര്യത്തിന്റെ ലക്ഷണം കാട്ടി. രണ്ടാം വിക്കറ്റില്‍ 27 റണ്‍സ് വന്നു. ഒടുവില്‍ കരുണിനെ (12) മടക്കി സ്റ്റെയ്ന്‍ കൂട്ടുകെട്ടുപൊളിച്ചു. ലെഗ്സ്പിന്നര്‍മാരായ കരണ്‍ ശര്‍മ്മയുടെയും അമിത് മിശ്രയുടെയും രംഗപ്രവേശം റോയല്‍സിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി.
കരണിന്റെ തിരിയാത്ത പന്തിനെ ചാടിയടിക്കാന്‍ ശ്രമിച്ച സഞ്ജു (16) ബൗള്‍ഡ്. റണ്‍റേറ്റിന്റെ സമ്മര്‍ദ്ദമില്ലാതിരുന്നിട്ടും റോയല്‍സ് ബാറ്റ്സ്മാന്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ചു. ഹെന്‍റിക്സിന്റെ പന്തില്‍ വാട്സന്‍ (11) ഡഗ് ഔട്ടിലെത്തി. പിന്നെ സ്റ്റ്യുവര്‍ട്ട് ബിന്നിയും സ്റ്റീവന്‍ സ്മിത്തും കെട്ടിയിടപ്പെട്ടു. 12 റണ്‍സെടുത്ത ബിന്നിയെ ഡേവിഡ് വാര്‍ണര്‍ റണ്ണൗട്ടാക്കി. സ്മിത്ത് (22) സ്റ്റെയ്നിനെ വണങ്ങി. രജത് ഭാട്ടിയ (4) ജയിംസ് ഫാല്‍ക്നര്‍ (4), കീന്‍ റിച്ചാര്‍ഡ്സന്‍ (1) എന്നിവരെല്ലാം ഭുവനേശ്വറിന് മുന്നില്‍ ബാറ്റു താഴ്‌ത്തിയ വേളയില്‍ റോയല്‍സ് തോല്‍വി ഉറപ്പിച്ചു.
















