സ്ട്രൈക്കര്‍ വെയ്ന്‍ റൂണിയും ഡിഫന്റര്‍ ഫില്‍ ജോണ്‍സും ഇംഗ്ലണ്ടിനുവേണ്ടി ലോകകപ്പ് കളിക്കാന്‍ പാകത്തില്‍ കായികക്ഷമത വീണ്ടെടുക്കുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താത്കാലിക കോച്ച് ഋയാന്‍ ഗിഗ്സ്. മാന്‍.യുവിന്റെ കളിക്കാരായ റൂണിക്കും ജോണ്‍സിനും പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ജോണ്‍സിന്റെ തോളിനു പരിക്കേറ്റപ്പോള്‍ റൂണിക്ക് പേശിവലിവാണ് പ്രശ്നം സൃഷ്ടിച്ചത്. തിങ്കളാഴ്‌ച്ചയാണ് ലോകകപ്പ് ഫുട്ബോളിനുള്ള ഇംഗ്ലണ്ടിന്റെ 30 അംഗ പ്രാഥമിക ടീം പ്രഖ്യാപിക്കുന്നത്.
റൂണി പരിശീലിക്കുന്നുണ്ട്. ലോകകപ്പിനുണ്ടാവും. ട്രെയ്നിങ് തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. അതിനാല്‍ത്തന്നെ ഞായാറാഴ്ച റൂണിയെ കളത്തിലിറക്കുന്നത് എടുത്തുചാട്ടമാവും, ഗിഗ്സ് പറഞ്ഞു.
ജോണ്‍സിന്റെ പരിക്ക് പ്രതീക്ഷിച്ചത്ര ഗുരതരമല്ല. എങ്കിലും ക്ലബ്ബിന്റെ അടുത്ത മത്സരത്തില്‍ അദ്ദേഹത്തിനും ഇറങ്ങാനാവില്ല. ലോകകപ്പിന് മുന്‍പ് എല്ലാം ശരിയാവും. പുതിയ പരിശീലകനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെന്നും സതാമ്പ്റ്റനെതിരായ പോരാട്ടമാണ് ഇപ്പോള്‍ തന്റെ മനസിലെന്നും ഇതേക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി ഗിഗ്സ് പറഞ്ഞു.
















