കണ്ണൂര്‍: ഈമാസം 11, 12, 13 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിയുടെ മുന്നോടിയായി ഇന്നലെ നടന്ന വിളംബര മത്സരത്തില്‍ നടന്‍ മോഹന്‍ലാല്‍ ജഴ്സിയണിഞ്ഞു. കണ്ണൂര്‍ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന് വേണ്ടിയാണ് മോഹന്‍ലാല്‍ കളത്തിലിറങ്ങിയത്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് അംഗങ്ങള്‍ ഉള്‍പ്പെട്ട കലക്ടേഴ്സ് ടീമും കണ്ണൂര്‍ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ 25-13 എന്ന സ്കോറിന് മോഹന്‍ലാല്‍ ഉള്‍പ്പെട്ട ബറ്റാലിയന്‍ ടീം വിജയം നേടി. ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ലഫ് കേണല്‍ എന്ന നിലയിലാണ് മോഹന്‍ലാല്‍ ടീമിനുവേണ്ടി കളത്തിലിറങ്ങിയത്. മേജര്‍ രവിയും അദ്ദേഹത്തോടൊപ്പം ടീമിനു വേണ്ടി ജഴ്സിയണിഞ്ഞു.
തുടര്‍ന്ന് പോലീസ് ഓഫീസേഴ്സ് ടീമും കളക്ടേഴ്സ് ടീമും തമ്മിലും ഏറ്റുമുട്ടി. കളക്ടേഴ്സ് ടീമിനെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ നയിച്ചു.കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എന്‍. ബാബു അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ. വിനീഷ് സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബ് സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍ സംബന്ധിച്ചു.
















