എതിരാളിയെ ഇങ്ങനെ തല്ലിയൊതുക്കാന്‍ എബി ഡിവില്ലിയേഴ്സിനല്ലാതെ മറ്റാര്‍ക്കു കഴിയും. ലോകക്രിക്കറ്റില്‍ ഇന്നുള്ളതില്‍ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്സ്മാന് തന്റെ കഴിവിനൊത്ത് ഉയര്‍ന്നപ്പോള്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് നാലു വിക്കറ്റിന്റെ അത്ഭുത ജയം.
കളിയുടെ തിരക്കഥ ഇങ്ങനെ: ടോസ് നേടിയ ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലി സണ്‍റൈസേഴ്സിനെ ബാറ്റിങ്ങിനു വിളിക്കുന്നു. ഡേവിഡ് വാര്‍ണര്‍ (61), ക്യാപ്റ്റന്‍ ശിഖര്‍ ധവാന് (37) എന്നിവരുടെ മികവില്‍ സണ്‍റൈസേഴ്സ് ആറു വിക്കറ്റിന് 155 എന്ന സ്കോര്‍ കുറിക്കുന്നു. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും വരുണ്‍ ആരോണും ബാംഗ്ലൂരിന്റെ പന്തേറുകാരില്‍ കേമന്മാരായി.
ലക്ഷ്യംതേടിയ റോയല്‍ ചലഞ്ചേഴ്സിന് രണ്ടാം ഓവറില്‍ തന്നെ പാര്‍ഥിവ് പട്ടേലിനെയും (3) കോഹ്ലിയെയും (0) നഷ്ടപ്പെട്ടു. ഭുവനേശ്വര്‍ കുമാര്‍ ഇരുവരുടെയും അന്തകന്‍. പിന്നാലെ ക്രിസ് ഗെയ്ലും (27) ബാറ്റു താഴ്ത്തി. പതിനാലു റണ്‍സ് വീതം നേടിയ റിലി റൂസോയും യുവരാജ് സിങ്ങും നിരാശപ്പെടുത്തിയതോടെ ബാംഗ്ലൂര്‍ പരാജയം മണത്തു.
അവസാന 33 പന്തില്‍ അവര്‍ക്കുവേണ്ടിയിരുന്നത് 61 റണ്‍സ്. എന്നാല്‍ എബിഡി തീക്കാറ്റായി മാറാന്‍ ഒരുങ്ങുകയായിരുന്നു. ഡാരന്‍ സമ്മിയെ ഇരട്ട സിക്സറുകള്‍ക്കും ബൗണ്ടറിക്കും ശിക്ഷിച്ച് എബിഡി എതിരാളികള്‍ക്ക് ആപല്‍ സൂചന നല്കി. എന്നാല്‍ ഡെയ്ല്‍ സ്റ്റെയിനും ഭുവനേശ്വറും പങ്കിട്ട പതിനേഴ്, പതിനെട്ടാം ഓവറുകളില്‍ വന്നത് വെറും 12 റണ്‍സ്. രണ്ടോവറില്‍ റോയല്‍ ചലഞ്ചേഴ്സിന് ലക്ഷ്യം 28. എബിഡിക്കു മുന്നില്‍ മൂര്ച്ചകാട്ടാന് എത്തി മറ്റൊരു ദക്ഷിണാഫ്രിക്കക്കാരനായ സ്റ്റെയ്ന്. ആദ്യ പന്ത് സ്ക്വയര്‍ ലെഗ് വഴി ഗ്യാലറിയില്‍. പിന്നാലെ സൈറ്റ് സ്ക്രീനിലേക്ക് പന്ത് പറന്നുവീണു. അടുത്തത് ലോങ്ങ് ഓഫ് വഴിയ ബൗണ്ടറിയിലേക്ക്. അതുകൊണ്ടും തീര്‍ന്നില്ല എബിഡിയുടെ സ്കൂപ്പ് ഫൈന്‍ ലെഗ് വഴി സ്റ്റാന്‍ഡില്‍, സ്റ്റെയ്ന് വഴങ്ങിയത് 24 റണ്‍സ്. അവസാന ഓവറില്‍ സ്റ്റാര്‍ക്ക് (5) റണ്ണൗട്ടായി.
എങ്കിലും അഞ്ചാം പന്ത് അതിര്‍ത്തി കടത്തി ഡിവില്ലിയേഴ്സ് റോയല്‍ ചലഞ്ചേഴ്സിന് ഒരിക്കലും മറക്കാനാവാത്ത ജയം സമ്മാനിച്ചു.
അപ്പോഴേക്കും എബിഡിയുടെ ബാറ്റില്‍ നിന്ന് 41 പന്തില്‍ 89 റണ്‍സ് പിറന്നു കഴിഞ്ഞിരുന്നു. ആറു ഫോറുകളും എട്ട് സിക്സറുകളും ആ സൂപ്പര്‍ ഇന്നിങ്ങ്സിനു തൊങ്ങലുചാര്‍ത്തി. കളിയിലെ കേമനും എബിഡി തന്നെ.
















