ചെന്നൈ സൂപ്പര്‍ കിംഗ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും ഐപിഎല്ലില്‍ ഉശിരന്‍ കുതിപ്പു നടത്തുകയാണ്. അവരെ മറ്റൊരു സംഘം വിടാതെ പിന്തുടരുന്നുണ്ട്, പേര് രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ആകുലതകളേറ്റി ശനിയാഴ്ച രാവില്‍ റോയല്‍സ് നേടിയ ഏഴു വിക്കറ്റ് ജയം അവരുടെ ബാറ്റിങ് കരുത്തറിയിക്കുന്നതായി. ആദ്യം ബാറ്റ് ചെയ്ത ഡെവിള്‍സ് 5 വിക്കറ്റിന് 152 എന്ന തരക്കേടില്ലാത്ത സ്കോര്‍ കുറിച്ചു.
ക്വിന്റന്‍ ഡി കോക്ക് (42), ജെപി ഡുമിനി (39), കേദാര്‍ യാദവ് (28 നോട്ടൗട്ട്) എന്നിവര്‍ അതിലെ പ്രധാന സംഭാവനക്കാര്‍. ജെയിംസ് ഫാല്‍ക്നറും പ്രവീണ്‍ താംബെയും റോയല്‍സിനുവേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം പിഴുതു. താരതമ്യേന ഭേദപ്പെട്ട ലക്ഷ്യം വെറും മൂന്നു വിക്കറ്റുകള്‍ മാത്രം കളഞ്ഞ് 18.3 ഓവറില്‍ റോയല്‍സ് മറികടന്നു.
രണ്ട് മലയാളി യുവതാരങ്ങളുടെ ബാറ്റിങ് വെടിക്കെട്ടുകളാണ് റോയല്‍സിന് ആധികാരിക ജയമൊരുക്കിയത്, സഞ്ജു.വി. സാംസണും കരുണ്‍ നായരും. സഞ്ജുവില്‍ നിന്ന് ഉശിരന്‍ പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കരുണ്‍ അത്ഭുതംകാട്ടി. 50 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന് കരുണ്‍ രാത്രിയുടെ അധിപതിയായി. സഹ ഓപ്പണര്‍ അജിന്‍ക്യ രഹാനെയു(12) മൊത്ത് 20 റണ്‍സിന്റെ സഖ്യമുണ്ടാക്കിയ കരുണിന്റെ തുടക്കം അത്ര ഭദ്രമായിരുന്നില്ല. രഹാനെയ്‌ക്കുശേഷം വന്ന സഞ്ജുവും കരുണിനെ തന്റെ നിഴലിലാക്കി.
സഞ്ജു തകര്‍പ്പന്‍ സ്ട്രോക്ക് പ്ലേ പുറത്തെടുത്തു. റോയല്‍സിന് നല്ല അടിത്തറയേകിയ സഞ്ജുവിനെ (28 പന്തില്‍ 34) ഷഹ്ബാദ് നദീം ഡഗ് ഔട്ടിലെത്തിച്ചു. സഞ്ജുവിന്റെ മടക്കത്തോടെ റോയല്‍സ് ഇന്നിങ്ങ്സിന്റെ സ്റ്റിയറിങ് കരുണിന്റെ കൈകളില്‍. ആ ദൗത്യം കരുണ്‍ അത്യന്തം ഭംഗിയായി നിര്‍വ്വഹിച്ചു. നേരിട്ട ആദ്യ 30 പന്തുകളില്‍ 29 റണ്‍സില്‍ തട്ടിമുട്ടി നിന്ന കരുണ്‍ പിന്നത്തെ 20 പന്തില്‍ 44 റണ്‍സ് വാരി. ആ വേളയില്‍ അഞ്ചു ഫോറുകളും രണ്ടു സിക്സറുകളും കരുണിന്റെ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. അപ്പോഴേക്കും ഡെയര്‍ ഡെവിള്‍സ് കളി കൈവിട്ടിരുന്നു. രജത് ഭാട്ടിയ (17) നിരാശപ്പെടുത്തി. റോയല്‍സ് ജയത്തിലെത്തുമ്പോള്‍ നായകന്‍ ഷെയ്ന്‍ വാട്സന്‍ (16 നോട്ടൗട്ട്) കരുണിന് കൂട്ടായുണ്ടായിരുന്നു.
















