ന്യൂദല്‍ഹി: മലയാളിയായ ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരെ നവകേരളം എന്ന സാംസ്കാരിക സംഘടന നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും.
2009ല്‍ ഉത്തേജക പരിശോധന നടത്തിയ നാഷണല്‍ ഡോപ്പിംഗ് ടെസ്റ്റ് ലബോറട്ടറിക്കു അംഗീകാരം ഇല്ലായിരുന്നു. പിന്നീടാണ് ലാബിന് അംഗീകാരം ലഭിച്ചത്. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രഞ്ജിതിനെ മൂന്ന് മാസത്തേക്കു വിലക്കിയെങ്കിലും അംഗീകരമില്ലാത്ത ലാബായതിനാല് വിലക്കിനെ രഞ്ജിത് ചോദ്യം ചെയ്തിരുന്നില്ല.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു വിലക്കു നേരിട്ട വിവരം കഴിഞ്ഞ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിനുള്ള അപേക്ഷയില്‍ രഞ്ജിത് മഹേശ്വരി മറച്ചുവച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ഇതാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം പുരസ്കാരം സമ്മാനിക്കാതിരുന്നതിന്റെ കാരണം, കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2010-12 കാലത്ത് രഞ്ജിത് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നു സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.
അതിനിടെ അര്‍ജുന അവാര്‍ഡിനുള്ള പട്ടികയില്‍ രഞ്ജിത് മഹേശ്വരിയുടെ പേര് വീണ്ടും പുരസ്കാരത്തിനായി നിര്‍ദേശിച്ചിട്ടുണ്ട്. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ നല്കിയ പട്ടികയിലാണ് രഞ്ജിത് മഹേശ്വരിയുടെ പേരുള്‍പ്പെടുത്തിയത്. അര്‍ജുന അവാര്‍ഡ് നല്കുന്നതില് കായിക മന്ത്രാലയത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രഞ്ജിത് മഹേശ്വരിയുടെ പേരു വീണ്ടും നിര്‍ദേശിച്ചതെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
















