റോം: യൂറോപ്പ ലീഗ് ഫൈനലില്‍ പോര്‍ച്ചുഗീസ് ടീം ബെനഫിക്കയും സ്പാനിഷ് ടീം സെവിയയും ഏറ്റുമുട്ടും. ബെനഫിക്ക ആദ്യപാദത്തില്‍ നേടിയ വിജയത്തിന്റെ കരുത്തില്‍ ജുവന്റസിനെയും സെവിയ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ വലന്‍സിയയെയും പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഇഞ്ച്വറി സമയത്ത് സ്റ്റീഫന്‍ എംബിയ നേടിയ ഗോളാണ് സെവിയയക്ക് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തത്. മെയ് 14ന് ടൂറിനിലെ ജുവന്റസ് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്ന് ഗോളിന് സെവിയയെ തോല്‍പ്പിച്ചിട്ടും സെമിഫൈനലില്‍ നിന്ന് പുറത്താകാനായിരുന്നു വലന്‍സിയയുടെ വിധി. ഒന്നാം പാദത്തില്‍ വഴങ്ങിയ രണ്ട് ഗോളിന് പ്രായശ്ചിത്തമെന്നോണം ആദ്യ വിസില്‍ മുതല്‍ വലന്‍സിയ, സെവിയ പ്രതിരോധത്തെ പരീക്ഷിച്ചു. 14-ാം മിനിറ്റില്‍ സോഫിയാന്‍ ഫെഗൂലിയിലൂടെ വലന്‍സിയ ആദ്യ ഗോള്‍ നേടി. എഡ്വോര്‍ഡോ വര്‍ഗാസുമായി നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഫെഗൂലിയുടെ ഗോള്‍. 25-ാം മിനിറ്റില്‍ ലഭിച്ച സെല്‍ഫ് ഗോളിലൂടെ വലന്‍സിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ക്രോസ് ബാറില്‍ തട്ടിത്തെറിച്ച വലന്‍സിയ താരം ജോനാസിന്റെ ഹെഡര്‍ സെവിയ്യ ഗോളി ബെറ്റോയുടെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു. ഇതോടെ ഗോള്‍ ഗോള്‍നില ഇരുപാദങ്ങളിലുമായി 2-2 എന്ന നിലയിലായി. തൊട്ടടുത്ത നിമിഷം സെവിയക്ക് ലഭിച്ച സുവര്‍ണാവസരം ജൂവാന്‍ ബെര്‍ണെറ്റ് പാഴാക്കി. വിജയം ലക്ഷ്യമാക്കി സെവിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറിയ വലന്‍സിയ എഴുപതാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. റിക്കാര്‍ഡോ കോസ്റ്റ നല്‍കിയ പാസ് പിടിച്ചെടുത്ത ജെര്‍മി മത്യാവു തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് അനായാസം ഗോളിയെ കീഴടക്കി. വിജയത്തോടൊപ്പം ഫൈനല്‍ പ്രവേശനവും സ്വപ്നം കണ്ടിരിക്കെയാണ് ഇടിത്തീ കണക്കെ വലന്‍സിയ വലയില്‍ പന്ത് വീണത്. ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റിലാണ് വലന്‍സിയയെ സങ്കടത്തിലാഴ്‌ത്തി സെവിയയുടെ എവേ ഗോള്‍ പിറന്നത്. ഫെഡറികോ ഫാസിയോ ഹെഡ്ഡറിലൂടെ നല്‍കിയ പാസ്സാണ് സ്റ്റീഫന്‍ എംബിയ മറ്റൊരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചത്. ആദ്യ പാദത്തില്‍ നേടിയ രണ്ട് ഗോളുകളാണ് തോറ്റിട്ടും സെവിയക്ക് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തത്. സെവിയയുടെ മൂന്നാം ഫൈനലാണിത്. 2006, 07 വര്‍ഷങ്ങളില്‍ ഫൈനലില്‍ കളിച്ച അവര്‍ കിരീടവും സ്വന്തമാക്കിയിരുന്നു.
ഇറ്റാലിയന്‍ വമ്പന്മാരായ ജുവന്റസിനെ സമനിലയില്‍ തളച്ചാണ് ബെനഫിക്ക ഫൈനലില്‍ എത്തിയത്. ആദ്യപാദത്തില്‍ നേടിയ 2-1 ന്റെ വിജയം ബെന്‍ഫിക്കക്ക് രണ്ടാം പാദ സെമിയില്‍ തുണയായി. 67-ാം മിനിറ്റില്‍ നിക്കോളാസ് പെരസും 89-ാം മിനിറ്റില്‍ ലസാര്‍ മാര്‍ക്കോവിച്ചും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടും സ്വന്തം മൈതാനത്ത് ജുവന്റസിന് ബെനഫിക്കയെ കീഴടക്കാനായില്ല. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ജുവന്റസ് 19 ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്തു. ഇതില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. കൂടാതെ 9 കോര്‍ണറുകളും അവര്‍ക്ക് ലഭിച്ചു. എന്നിട്ടും ബെനഫിക്ക വല കലുക്കാന്‍ ആന്ദ്രെ പിര്‍ലോയും കാര്‍ലോസ് ടെവസും ലോറന്റയും വിദാലും ഉള്‍പ്പെട്ട ജുവന്റസ് താരനിരക്ക് കഴിയാതിരുന്നതാണ് തിരിച്ചടിയായത്. കരുത്തുറ്റ പ്രതിരോധത്തിനൊപ്പം ബെനഫിക്ക ഗോളി ബാറിന് കീഴില്‍ നടത്തിയ ഉജ്ജ്വല പ്രകടനവും ജുവന്റസിന്റെ വിജയം തടഞ്ഞുനിര്‍ത്തി. ബെനഫിക്കയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശമാണിത്. കഴിഞ്ഞ വര്‍ഷം ചെല്‍സിയോട് അവര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.
















