ആദര്‍ശത്തെ വലിച്ചാഴ്‌ത്താതെ, നമ്മാലാവുംപോലെ ഭംഗിയായിട്ട് കാര്യങ്ങള്‍ ചെയ്യണം. ഇതാണ് ലക്ഷ്യം. ഒരുവന് ഹൃദയത്തില്‍ ‘ഞാന്‍’ ഇല്ലാതാകുമ്പോള്‍, നിഷ്കിഞ്ചനനാകുമ്പോള്‍, ‘ഞാനെ’ന്നും ‘എന്റേതെന്നും വിളിക്കാനൊന്നുമില്ലാതാകുമ്പോള്‍, തന്നെത്താന്‍ നിശേഷം ഉപേക്ഷിച്ചുകഴിയുമ്പോള്‍, ‘ഞാന്‍’ തന്നെ തകര്‍ന്നുകഴിയുമ്പോള്‍, അയാളുടെ ഉള്ളില്‍ ഭഗവാന്‍ സ്വയം വന്നു. കാരണം, അയാളുടെ താന്‍ തോന്നിത്തം (അഹങ്കാരം) പോയി, ഞെരിഞ്ഞു തകര്‍ന്നു.
അവനാണ് ആദര്‍ശപുരുഷന്‍. നമുക്കിനിയും ആ അവസ്ഥയെത്താന്‍ കഴിയുന്നില്ല; എന്നിരുന്നാലും, നമുക്ക് ആദര്‍ശത്തിന് അജ്ഞലിയര്‍പ്പിക്കാം; പതുക്കെ ലക്ഷ്യത്തിലെത്താന്‍, ഇടയ്‌ക്ക് ഉരുണ്ടുവീണാലും കാലിടറിയാലും പിച്ചവച്ച് അവിടെയെത്താന്‍, പ്രയത്നിക്കാം. നാളെയാകാം, ഒരായിരം വര്‍ഷം കഴിഞ്ഞായെന്ന് വരാം. എന്നാലും ലക്ഷ്യത്തിലെത്തിയേ തീരൂ. അത് ഉപേയം മാത്രമല്ല, ഉപായവുമാണ്, സ്വാര്‍ത്ഥമില്ലായ്‌മ, സമ്പൂര്‍ണ നിസ്വാര്‍ത്ഥത, അത് മുക്തിതന്നെ. എന്തെന്നാല്‍, അകത്തുള്ള മനുഷ്യന്‍ നശിക്കുന്നു; ഈശ്വരന്‍ മാത്രം ശേഷിക്കുന്നു.
– സ്വാമി വിവേകാനന്ദന്‍
















