ചങ്ങനാശേരി: നഗരത്തില്‍നിന്നും റേഷന്‍ സാധനങ്ങളും മൂന്നു ലോറികളും പിടിച്ചെടുത്ത സംഭവം എഫ്‌സിഐയിലെ ക്വാളിറ്റി കണ്‍ട്രോളറെക്കൊണ്ട് പരിശോധിപ്പിച്ച് റേഷന്‍സാധനങ്ങളാണോയെന്ന് ഉറപ്പുവരുത്തണമെന്നു കാണിച്ച് ചങ്ങനാശേരി പോലീസ് ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കി. 309 ചാക്ക് റേഷന്‍ സാധനങ്ങളാണ് ഞായറാഴ്ച പുലര്‍ച്ചെ ചങ്ങനാശേരി പോലീസ് പിടിച്ചെടുത്തത്. ഇതില്‍ 142 ചാക്കുകളിലായി ചാക്കരി, 151 ചാക്ക് പച്ചരി, 16 ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവ തിങ്കളാഴ്‌ച്ച വൈകുന്നേരത്തോടെയാണ് അളന്ന് തിട്ടപ്പെടുത്തി സ്ഥിരീകരിച്ചത്. ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി കെ. ശ്രീകുമാര്‍, സിഐ കെ.കെ. സജീവ്, എസ്‌ഐ ജെര്‍ളിന്‍ വി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു ലോറികളിലായി കടത്താന്‍ ശ്രമിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ലോറി ഡ്രൈവര്‍മാരുടെ പേരിലും വണ്ടിപ്പേട്ടയിലുള്ള ഒരു സ്വകാര്യ ഗോഡൗണ്‍ ഉടമയ്‌ക്കെതിരെയും കേസെടുത്തെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗോഡൗണ്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്നും റേഷന്‍ സാധനങ്ങള്‍ എഫ്‌സിഐയുടെ സീലുള്ള ചാക്കുകളിലാണ് നിറച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ക്വാളിറ്റി കണ്‍ട്രോളര്‍ പരിശോധന നടത്തി സ്ഥിരീകരിച്ചെങ്കില്‍ മാത്രമേ പിടിച്ചെടുത്ത റേഷന്‍ സാധനങ്ങളാണോയെന്ന് ഉറപ്പുവരുത്താനാകുകയുള്ളൂ.
















