ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോളം സ്ഥിരത കാട്ടിയ ടീമില്ല. താരബലത്തിലും പ്രകടനപരതയിലും എന്നും മുന്‍നിരയിലാണ് അവര്‍ക്കു സ്ഥാനം. ഇത്തവണയും ചെന്നൈ അരങ്ങുവാഴുമെന്നതിന്റെ സൂചനയായി ആദ്യ മത്സരഫലങ്ങള്‍. ഷാര്‍ജയിലെ വേഗംകുറഞ്ഞ പിച്ചില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിന്റെ ബൗളിങ് വൈവിധ്യത്തെ അതിജീവിച്ച് എം.എസ്. ധോണിയും സംഘവും നേടിയ ജയം അതിലേക്കു വിരല്‍ചൂണ്ടുന്നു.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് റണ്‍വേട്ട ദുഷ്കരമായ പിച്ചില്‍ നേടിയ 5ന് 145 എന്ന സ്കോര്‍ അത്ര മോശമായിരുന്നില്ല. ആരോണ്‍ ഫിഞ്ച് (44), ലോകേഷ് രാഹുല്‍ (25) എന്നിവരുടെ തരക്കേടില്ലാത്ത ബാറ്റിങ്ങാണ് സണ്‍റൈസേഴ്സിനെ താങ്ങിനിര്‍ത്തിയത്. അവസാന ഓവറുകളില്‍ ഡാരന്‍ സമ്മിയും (23) കരണ്‍ ശര്‍മ്മയും (17) നടത്തിയ ചെറുവെടിക്കെട്ടും സണ്‍റൈസേഴ്സിനെ മാന്യമായ സ്കോറിലെത്തിച്ചു. പക്ഷേ, സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിച്ച് ശീലമുള്ള സൂപ്പര്‍ കിംഗ്സ് അഞ്ചു വിക്കറ്റുകളും മൂന്നു പന്തുകളും ബാക്കിവച്ച് ലക്ഷ്യം മറികടന്നു. രണ്ടു വിക്കറ്റുകള്‍ വീതം പിഴുത മോഹിത് ശര്‍മ്മയുടെയും ബെന്‍ ഹില്ഫനോസിന്റെയും റണ്‍സ് വിട്ടുകൊടുക്കുന്നില് പിശുക്കു കാട്ടിയ ആര്. അശ്വിന്റെയും (4 ഓവറില്‍ 17) ബൗളിങ്ങും ചെന്നൈയുടെ വിജയത്തിനാധാരമായി. ടൂര്‍ണമെന്റില്‍ ഇതവരുടെ നാലാം ജയം. എട്ടു പോയിന്റുള്ള ധോണിപ്പട കിംഗ്സ് ഇലവനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. സ്കോര്‍: സണ്‍റൈസേഴ്സ്- 5ന് 145 (20 ഓവര്‍). സൂപ്പര്‍ കിംഗ്സ്- 5ന് 146 (19.3).
വെടിക്കെട്ടിനു ശേഷിയുള്ളവര്‍ കടമ നിര്‍വ്വഹിച്ചതായിരുന്നു സൂപ്പര്‍ കിംഗ്സിന്റെ ജയം ഉറപ്പിച്ചത്. ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും (46 പന്തില്‍ 66, നാലു ഫോര്‍, അഞ്ച് സിക്സ്) ബ്രണ്ടന്‍ മക്കല്ലവും (33 പന്തില്‍ 40, മൂന്നു ഫോര്‍, രണ്ട് സിക്സ്) ചെന്നൈയ്ക്ക് മികച്ച അടിത്തറ നല്കി. ഉശിരന്‍ ടൈമിങ് പുറത്തെടുത്ത സ്മിത്ത് സണ്‍റൈസേഴ്സ് പന്തേറുകാരെ കടന്നാക്രമിച്ചു. മക്കല്ലവും ഹിറ്റിങ് പവര്‍ പ്രദര്ശിച്ചപ്പോള് ചെന്നൈ കുതിച്ചു. സ്കോര്‍ 85ല്‍ നില്‍ക്കെ മക്കല്ലം മടങ്ങി, കരണ്‍ ശര്‍മ്മയുടെ പന്തില്‍. സുരേഷ് റെയ്നയും (14) അധികംവാണില്ല. അവസാന 8 ഓവറില്‍ വെറും 32 റണ്‍സ് മാത്രമേ ചെന്നൈയ്ക്ക് വേണ്ടിയിരുന്നുള്ളു. അവിടെവച്ച് സണ്‍റൈസേഴ്സ് തിരിച്ചടിക്ക് തിരികൊളുത്തി.
സ്മിത്തിനെയും ഫാഫ് ഡു പ്ലെസിസി (0)നെയും ഒരോവറില്‍ ഡഗ് ഔട്ടിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ചെന്നൈയെ അങ്കലാപ്പിലാക്കിക്കളഞ്ഞു.
ഭുവനേശ്വറിനൊപ്പം ഡെയ്ല്‍ സ്റ്റെയിനും റണ്ണൊഴുക്കിന് കടിഞ്ഞാണിട്ടു. രവീന്ദ്ര ജഡേജയെ (6) ഇഷാന്ത് ശര്‍മ ബൗള്‍ഡാക്കുകകൂടി ചെയ്തതോടെ ചെന്നൈ കൂടുതല്‍ പ്രതിസന്ധിയിലായി. എങ്കിലും ഒരു വശത്ത് പിടിച്ചുനിന്ന ധോണി സ്കോര്‍ ചലിപ്പിച്ചു. അവസാനം അമിത് മിശ്രയെ അതിര്‍ത്തി കടത്തി ചെന്നൈയുടെ വിജയ റണ്‍സ് കുറിച്ചതും ധോണി തന്നെ. സണ്‍റൈസേഴ്സിനു വേണ്ടി ഇഷാന്തും ഭുവനേശ്വറും രണ്ടിരകളെ വീതം കണ്ടെത്തി.
















