അബുദാബി: ഐപിഎല്‍ ഏഴാ പതിപ്പില്‍ മൂന്നാം വിജയം പ്രതീക്ഷിച്ചിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ അടിപതറി. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് കീഴടങ്ങിയ ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഇന്നലെ നടന്ന മത്സരത്തില്‍ 6 വിക്കറ്റിന് ബാംഗ്ലൂരിനെ തകര്‍ത്താണ് രാജസ്ഥാന്‍ റോയലായത്. നാല് മത്സരങ്ങള്‍ കളിച്ച രാജസ്ഥാന്റെ രണ്ടാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ രാജസ്ഥാന്‍ ബൗളര്‍മാര്‍ 70 റണ്‍സിന് എറിഞ്ഞിട്ടു. മൂന്നുപേര്‍ മാത്രമാണ് റോയല്‍ ചലഞ്ചേഴ്സ് നിരയില്‍ രണ്ടക്കം കടന്നത്. 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ടോപ് സ്കോറര്‍. കോഹ്ലിക്ക് പുറമെ സ്റ്റാര്‍ക്ക് (18), രവി രാംപാല്‍ (13) എന്നിവരാണ് രണ്ടക്കം കടന്നത്. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ പ്രവീണ്‍ താംബെയും 18 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ പിഴുത റിച്ചാര്‍ഡ്സനുമാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 23 റണ്‍സെടുത്ത രഹാനെയും 24 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണുമാണ് രാജസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ബാംഗ്ലൂരിന് തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. ഒരുഘട്ടത്തില്‍ അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ പിന്നീട് 28ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പാര്‍ത്ഥിവ് (1) തകാവാലെ (0), യുവരാജ് (3), ഡിവില്ലിയേഴ്സ് (0), സച്ചിന്‍ റാണ (3), മോര്‍ക്കല്‍ (7) എന്നിവരാണ് യാതൊരു സംഭാവനയും നല്‍കാതെ പുറത്തായത്. പിന്നീട് സ്കോര്‍ 46-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത കോഹ്ലിയും മടങ്ങി. ഒടുവില്‍ വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കും രാംപാലും ചേര്‍ന്നാണ് സ്കോര്‍ 70-ല്‍ എത്തിച്ചത്.
71 റണ്‍സിന്റെ ദുര്‍ബല ലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു. രഹാനെ (23), കരുണ്‍ നായര്‍ (8), സഞ്ജു വി. സാംസണ്‍ (2) എന്നിവര്‍ പുറത്തായപ്പോള്‍ 36 റണ്‍സ് മാത്രമായിരുന്നു സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് വാട്സണും അഭിഷേക് നായരും ചേര്‍ന്ന് സ്കോര്‍ 68-ല്‍ എത്തിച്ചു. തുടര്‍ന്ന് വാട്സണ്‍ പുറത്തായശേഷം അഭിഷേക് നായര്‍ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ബാംഗ്ലൂരിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
















