ദുബായ്: മോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബൗളിംഗും ബ്രണ്ടന്‍ മക്കല്ലം പുറത്താകാതെ നേടിയ അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ മൂന്നാം വിജയം. ധോണിയുടെ നൂറാം ഐപിഎല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തത്. കളിച്ച മൂന്നുമത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന് ഇതുവരെ പോയിന്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. സ്കോര്‍ ചുരുക്കത്തില്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 141. ചെന്നൈ സൂപ്പര്‍ കിംഗ്സ്: 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142.
ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയ മോഹിത് ശര്‍മ്മയുടെ മികച്ച ബൗളിംഗിന്റെ കരുത്തിലാണ് ചെന്നൈ മുംബൈയെ 141-ല്‍ ഒതുക്കിയത്. 41 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ്സ്കോറര്‍. കോറി ആന്‍ഡേഴ്സണ്‍ 39ഉം ആദിത്യ താരെ 23ഉം പൊള്ളാര്‍ഡ് 12ഉം റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ കോറി ആന്‍ഡേഴ്സണും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നേടിയ 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് മുംബൈയെ രക്ഷിച്ചത്. മോഹിതിന് പുറമെ ഹില്‍ഫനാസ് രണ്ടു വിക്കറ്റും വീഴ്‌ത്തി. മോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 53 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്സറുമുള്‍പ്പെടെ പുറത്താകാതെ 71 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും 29 റണ്‍സ് നേടിയ സ്മിത്തിന്റെയും 20 റണ്‍സ് നേടിയ ഡുപ്ലെസിസിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് ഒരു ഓവര്‍ ബാക്കിനില്‍ക്കേ വിജയലക്ഷ്യം മറികടന്നത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ മക്കല്ലത്തിനൊപ്പം 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയായിരുന്നു ക്രീസില്‍. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹര്‍ഭജന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും സ്ട്രൈക്ക് ബൗളര്‍മാരായ സഹീര്‍ഖാനും മലിംഗയും പ്രഗ്യാന്‍ ഓജയും വിക്കറ്റ് വീഴ്‌ത്താന്‍ കഴിയാതെ കളംവിട്ടത് തിരിച്ചടിയായി.
ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍കിംഗ്സ് ആറ് പോയിന്റോടെ ലീഗില്‍ രണ്ടാമതെത്തി. നാലുമത്സരങ്ങള്‍ കളിച്ച ചെന്നൈയുടെ മുന്നാം വിജയമായിരുന്നു ഇത്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും സണ്‍ റൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും നേടിരും.
















