ഷാര്‍ജ: തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയിക്കാന്‍ 151 റണ്‍സ് വേണം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ക്രിസ് ലിനും 43 റണ്‍സെടുത്ത ജാക്ക് കല്ലിസും 22 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും പുറത്താകാതെ 24 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് കൊല്‍ക്കത്തക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് എതിരാളികളെ ബാറ്റിംഗിനയച്ചു. സ്കോര്‍ബോര്‍ഡില്‍ വെറും 10 റണ്‍സുള്ളപ്പോള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. നേരിട്ട ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഗംഭീറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ അഞ്ച് റണ്‍സെടത്ത മനീഷ് പാണ്ഡെയെ മോര്‍ക്കല്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കല്ലിസിനൊപ്പം ക്രിസ് ലിന്‍ ഒത്തുചേര്‍ന്നതോടെ കൊല്‍ക്കത്ത മത്സരത്തില്‍ തിരിച്ചെത്തി. ഇരുവരും ശ്രദ്ധയോടെ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 80 റണ്‍സാണ് തകര്‍ച്ചയില്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കരകയറ്റിയത്. ഒടുവില്‍ സ്കോര്‍ 90-ല്‍ എത്തിയപ്പോള്‍ 31 പന്തില്‍ നിന്ന് മൂന്നുവീതം സിക്സറും ബൗണ്ടറിയുമടക്കം 45 റണ്‍സെടുത്ത ക്രിസ് ലിന്‍നെ വരുണ്‍ ആരോണിന്റെ പന്തില്‍ എ.ബി. ഡിവില്ലിയേഴ്സ് പിടികൂടി. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ റണ്ണൊന്നുമെടുക്കാതിരുന്ന യൂസഫ് പഠാനെ ആരോണ്‍ കോഹ്ലിയുടെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 107-ല്‍ എത്തിയപ്പോള്‍ 42 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം 43 റണ്‍സെടുത്ത കല്ലിസിനെ യുവേന്ദ്ര ചാഹല്‍ യോഗേഷ് തക്‌വാലെയുടെ കൈകളിലെത്തിച്ചു. പിന്നീട് റോബിന്‍ ഉത്തപ്പയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 129-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 18 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ ആരോണിന്റെ പന്തില്‍ സ്റ്റാര്‍ക്ക് പിടികൂടി. പിന്നീട് സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്കോര്‍ 151-ല്‍ എത്തിച്ചത്. ഇന്നിംഗ്സിലെ അവസാന പന്തില്‍ വിനയ്‌കുമാറിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ മോര്‍ക്കല്‍ പിടികൂടുകയും ചെയ്തു. ബാംഗ്ലൂരിന് വേണ്ടി വരുണ്‍ ആരോണ്‍ മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
















