ദുബായ്: രാജസ്ഥാന്‍ റോയല്‍സിന് 141 റണ്‍സിന്റെ വിജയലക്ഷ്യം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടത്തു. 28 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്തിന്റെയും 33 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത മധ്യനിരതാരം രവീന്ദ്ര ജഡേജയുടെയും മികച്ച ബാറ്റിംഗാണ് ചെന്നൈക്ക് തരക്കേടില്ലാത്ത സ്കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ചെന്നൈക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ 35 റണ്‍സ് ഓപ്പണര്‍മാരായ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 10 പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത മക്കല്ലത്തെ ഫള്‍ക്നറുടെ പന്തില്‍ സ്റ്റീവന്‍ സ്മിത്ത് പിടികൂടിയതോടെ ആദ്യ വിക്കറ്റ് ചെന്നൈ സൂപ്പര്‍കിംഗ്സിന് നഷ്ടമായി. പിന്നീട് സ്കോര്‍ 59-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. വെടിക്കെട്ട് വേഗത്തില്‍ 28 പന്തില്‍ നിന്ന് ആറ് ഫോറും മൂന്നുസിക്സറുമടക്കം 50 റണ്‍സ് നേടിയ ഡ്വെയ്ന്‍ സ്മിത്തിനെ സ്റ്റുവര്‍ട്ട് ബിന്നിയുടെ പന്തില്‍ ഷെയ്ന്‍ വാട്സണ്‍ കയ്യിലൊതുക്കി. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സുരേഷ് റെയ്നക്ക് ഇന്നലെ ശോഭിക്കാനായില്ല. 9 പന്തുകള്‍ നേരിട്ട് നാല് റണ്‍സ് മാത്രമെടുത്ത റെയ്നയെ രജത് ഭാട്ട്യയുടെ പന്തില്‍ ധവാല്‍ കുല്‍ക്കര്‍ണി പിടികൂടി. സ്കോര്‍ മൂന്നിന് 64. പിന്നീട് ഡുപ്ലെസിസ്-ധോണി സഖ്യത്തിലായിരുന്നു ചെന്നൈയുടെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ സ്കോര്‍ 71-ല്‍ എത്തിയപ്പോള്‍ ഡുപ്ലെസിസ് (7) റണ്ണൗട്ടായി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ധോണിയും കൂടാരം കയറി. എട്ട് പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സ് മാത്രമെടുത്ത ധോണിയെ പ്രവീണ്‍ താംബെയുടെ പന്തില്‍ ഫള്‍ക്നര്‍ പിടികൂടുകയായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജയും മന്‍ഹാസും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. 14.2 ഓവറിലാണ് ചെന്നൈ സ്കോര്‍ 100-ലെത്തിയത്. എന്നാല്‍ 101-ല്‍ എത്തിയപ്പോള്‍ 10 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത മന്‍ഹാസിനെ രജത് ഭാട്ട്യയുടെ പന്തില്‍ അജിന്‍ക്യ രഹാനെ പിടികൂടി. പിന്നീട് രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും (9 നോട്ടൗട്ട്) ചേര്‍ന്നാണ് ചെന്നൈ സ്കോര്‍ 140-ല്‍ എത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി രജത് ഭാട്ട്യ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
















