എക്കാലത്തും ലോകമാകെ ചിന്താശക്തി വളരാത്ത സാമാന്യജനത്തിന്റെ വിശ്വാസം ലോകത്തിന് പുറത്ത് വര്‍ത്തിക്കുന്ന ഒരീശ്വരനെപ്പറ്റി, സ്വര്‍ഗവാസിയും അവിടെ ഇരുന്ന് വിശ്വഭരണം നടത്തിപ്പോരുന്നവനും ദുഷ്ടശിക്ഷകനും ശിഷ്ടരക്ഷകനുമൊക്കെയായ ഒരീശ്വരനെപ്പറ്റി, ആയിരിക്കാനേ നിവൃത്തിയുള്ളൂ. അതങ്ങനെയായിരുന്നുതാനും. മനുഷ്യന്‍ ആധ്യാത്മികമായി വളര്‍ന്നപ്പോള്‍, ഈശ്വരന്‍ സര്‍വവ്യാപിയാണെ ന്നും തന്റെ ഉള്ളില്‍ വാഴുന്നുണ്ടെന്നും എല്ലാറ്റിനും സന്നിഹിതനായിരിക്കണെമെന്നും വിദൂരത്തിലല്ലെന്നും തന്റെ ആത്മാവിന്റെയും ആത്മാവാണെന്നും അവന് തോന്നിത്തുടങ്ങി. എ ന്റെ ആത്മാവ് എന്റെ ശരീരപ്രചോദകനായിരിക്കും പോലെ, ഈശ്വരന്‍ എന്റെ ആത്മപ്രചോദകനുമായിരിക്കണം ആത്മാവിനകത്താത്മാവ്. വേണ്ടത്ര വളര്‍ച്ച പ്രാപിച്ചവരും ചിത്തശു ദ്ധി ലഭിച്ചവരുമായ ചുരുക്കം ചിലര്‍ കുറേക്കൂടി മുമ്പോട്ടു പോ യി ഒടുവില്‍ ഈശ്വരനെ കണ്ടെത്തി. പുതിയ നിയമം പറയുംപോലെ ‘പവിത്രചിത്തര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ അവര്‍ ഈശ്വരനെ ദര്‍ശിക്കും.’ തങ്ങളും തങ്ങളുടെ താതനും ഒന്നുതന്നെ എന്ന് അവരൊടുവില്‍ കാണുകയും ചെയ്തു.
– സ്വാമി വിവേകാനന്ദന്‍
















