ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് മികച്ച വിജയം. ലീഗിലെ 34-ാം മത്സരത്തില്‍ വെസ്റ്റ് ഹാമിനെയാണ് ആഴ്സണല്‍ തകര്‍ത്തത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ആഴ്സണല്‍ മൂന്നെണ്ണം തിരിച്ചടിച്ചത്. വിജയത്തോടെ ആഴ്സണല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ജര്‍മ്മന്‍ താരം ലൂക്കാസ് പൊഡോള്സ്കിയുടെ ഇരട്ടഗോളുകളാണ് ആഴ്സണലിന് വിജയം സമ്മാനിച്ചത്.
ആഴ്സണല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ആദ്യമിനിറ്റില്‍ തന്നെ തോമാസ് റോസിക്കിയുടെ ഒരു ഷോട്ട് വെസ്താം ഗോളി രക്ഷപ്പെടുത്തി. പിന്നീട് 29-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡിന്റെ ഇടംകാലന്‍ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. ഇതിനിടെ വെസ്താമും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 40-ാം മിനിറ്റില്‍ വെസ്താം മുന്നിലെത്തി. അന്റോണിയോ നൊസേറിനോടയുടെ ഷോട്ട് ആഴ്സണല്‍ ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്ത് നല്ലൊരു ഹെഡ്ഡറിലൂടെ മാത്യു ജാര്‍വിസ് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ആഴ്സണലിന്റെ കിം കാള്സ്റ്റോമിന്റെ ഷോട്ട് വെസ്താം ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ നാല് മിനിറ്റിനുശേഷം ആഴ്സണല്‍ സമനില പിടിച്ചു. സാന്റി കാസോര്‍ള ബോക്സിലേക്ക് നല്കിയ ത്രൂബോള്‍ രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പൊഡോള്സ്ക ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് 55-ാം മിനിറ്റില്‍ ആഴ്സണല്‍ ലീഡ് നേടി. തോമസ് വെര്മാലന് മൈതാമധ്യത്തുനിന്ന് വെസ്താം ബോക്സിലേക്ക് നീട്ടിനല്‍കിയ പന്ത് ഒളിവര്‍ ഗിറൗഡ് അനായാസം വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 78-ാം മിനിറ്റില്‍ ആരോണ്‍ റംസി ഹെഡ്ഡറിലൂടെ നല്കിയ പാസ് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന പൊഡോള്സ്കി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വെസ്റ്റ് ഹാം വലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: