ഈ പകലറുതിയിലെനിക്കെന്താണ്
വേണ്ടത്
ഉള്ളം പൊളളിയിരിക്കുന്നതിനാല്‍
വാരിപുതയ്‌ക്കാനൊരു തണുപ്പിന്റെ
കമ്പളമോ?
ശബ്ദം കവര്‍ച്ച ചെയ്യപ്പെട്ടതിനാല്‍
കേട്ടുമയങ്ങാനൊരീണമോ?
കാഴ്ചയുടെ പെരുംപാതയില്‍
തിമിരാന്ധത പൂത്തതിനാല്‍
മുഖം മറയ്‌ക്കാനൊരു
സാന്ത്വനത്തിന്റെ ഭൂതക്കണ്ണാടിയോ?
ഓട്ടക്കൈവെള്ളയിലൂടെ
വസന്തകാലത്തിന്റെ
കതിര്‍മണികളത്രയുമൂര്‍ന്ന്
പോയതിനാല്‍
കഴുകി കമഴ്‌ത്തുവാനൊരു ഓട്ടുരുളിയോ?
കലഞ്ഞൂര്‍ ജയകൃഷ്ണന്‍
















