കൊച്ചി: പുല്ലേപ്പടി മുതല്‍ തമ്മനം വരെയുള്ള മേഖലയിലെ ജനങ്ങള്‍ ശരിക്കും രോഷാകുലരാണ്. ഞങ്ങള്‍ക്കു വേണ്ടി കെ.വി.തോമസ് ഒന്നും ചെയ്തിട്ടില്ല എന്നാണ് സ്ഥലവാസികള്‍ പറയുന്നത്. വോട്ടര്‍മാര്‍ എന്ന നിലയില്‍ ഇതിനുള്ള പ്രതിഷേധമായി നിഷേധ വോട്ട് ചെയ്യുമെന്നാണ് ഇവിടുത്തെ ജനവികാരം. മെട്രോ സ്റ്റേഷന് റെയില്‍വെ സ്ഥലം വിട്ടു നല്കാന് വിമുഖത കാണിക്കുന്നത് കണ്ടതാണ്. എന്നാല്‍ യാതൊരു തടസ്സവാദവും ഇല്ലാതെ ആദ്യം മുതല്‍ തന്നെ ജനിച്ചു വളര്‍ന്ന വീടും സ്ഥലവും വരെ റോഡ് വികസനത്തിന് വേണ്ടി വിട്ടു കൊടുത്തവര്‍ക്കാണ് ഈ ദുര്‍ഗ്ഗതി.
ഈ ഭാഗത്തെ ഗതാഗതകുരുക്ക് ദൈനം ദിനം ഏറി വരികയാണ്. ഗതാഗതകുരുക്ക് കാരണം നാട്ടുകാര്‍ക്ക് വീടിനു വെളിയില്‍ ഇറങ്ങാന്‍ കഴിയുന്നില്ല എന്നാണ് സ്ഥലവാസി പ്രതികരിച്ചത്. കൂടാതെ കടുത്ത പൊടിശല്ല്യവും. റോഡ് വികസനം മരീചികയായി തുടരുമ്പോള്‍ കുടിവെള്ള പ്രശ്നവും രൂക്ഷമാകുന്നു. ഇവിടുത്തെ കുടിവെള്ള പൈപ്പ് ലൈനുകള്‍ ഒട്ടുമിക്കവയും താറുമാറായി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. റോഡ് വികസനവുമായി ബന്ധപ്പെടുത്തിയാണ് ഇവയുടെ അറ്റകുറ്റപ്പണികള്‍ നടക്കാത്തത് എന്നാണ് നാട്ടുകാരുടെ പരാതി.
കെ.വി.തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കാന്‍ തെരഞ്ഞെടുത്ത ഞാറക്കലിന്റെയും അവസ്ഥ മറ്റൊന്നല്ല. എല്ലാ തെരഞ്ഞെടുപ്പിലും ഇവിടുത്തെ സമ്മദിദായകര്‍ മുന്നോട്ട് വക്കുന്ന ആവശ്യം ശുദ്ധമായ കുടിവെള്ളമാണ്. ചാമ്പ് പൈപ്പ് തന്നെയാണ് ഇപ്പോഴും ആശ്രയം എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ശുദ്ധജലം സംഭരിക്കുന്നതിനുള്ള ടാങ്കിന്റെ പണി പോലും പൂര്‍ത്തിയാക്കാതെയാണ് റോഡ് വെട്ടി പൊളിച്ച് ജപ്പാന് കൂടിവെള്ളത്തിനുള്ള പൈപ്പുകള്‍ ഇട്ടത് എന്നും ആക്ഷേപമുണ്ട്.
നായരമ്പലം, വൈപ്പിന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നം നിലനില്ക്കുന്നു. ഈ സ്ഥിതിയില്‍ 22ന് ആരംഭിക്കുന്ന ബൂത്ത് കണ്‍വന്‍ഷനുകളിലും ഭവന സന്ദര്‍ശന വേളയിലും ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ജനങ്ങളുടെ അനവധി ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി ഉത്തരം പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. എന്തായാലും യുഡിഎഫ് വികസന നായകന് എന്ന് വിശേഷിപ്പിക്കുന്ന കെ.വി.തോമസിന് ഇനിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: