ക്വലാലംപൂര്‍: മലേഷ്യന്‍ വിമാനം കാണാതായ സംഭവത്തില്‍ അന്വേഷണം ഇറാനി പൗരനിലേക്ക്. വ്യാജ പാസ്‌പോര്‍ട്ടുകളുമായി വിമാനത്തില്‍ കയറിയ രണ്ട് പേര്‍ക്ക് ഇറാനില്‍ നിന്നുള്ള അലി എന്ന ആളാണ് ടിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്ന് മലേഷ്യന്‍ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അലിയെന്ന പേര് വ്യാജമാണെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് തീവ്രവാദബന്ധം ഉള്ളതായി കരുതുന്നില്ലെന്ന് മലേഷ്യന്‍ പോലീസ് വ്യക്തമാക്കി
വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തിരുന്ന ഒരാളെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. പത്തൊമ്പതുകാരനായ പൗറിയ നൂര്‍ മുഹമ്മദ് മെഹര്‍ദാദ് എന്ന ഇറാനിയന്‍ സ്വദേശിയാണ് ഇയാള്‍. വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്ത ശേഷം രണ്ട് പേര്‍ വിമാനത്തില്‍ കയറിയിട്ടില്ലെന്നും വ്യക്തമായി. അതേസമയം അമേരിക്കയുടെയും ചൈനയുടേതും ഉള്‍പ്പടെയുള്ള ഇന്റലിജന്‍സ് ഏജസികള്‍ക്കടക്കം വിമാനത്തിന് എന്ത് പറ്റിയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തെരച്ചിലാണ് വിമാനം കണ്ടെത്തുന്നതിനായി നടന്നു കൊണ്ടിരിക്കുന്നത്. 34 വിമാനങ്ങളും 40 കപ്പലുകളും 10 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ കാണാതായ എം എച്ച് 370 എന്ന വിമാനത്തിനു വേണ്ടി തെരച്ചില്‍ നടത്തുന്നത്.
തെക്കന്‍ ചൈനക്കടല്‍ ,തായ്‌ലന്റ് ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയിട്ടും വിമാനത്തെയോ യാത്രക്കാരെയോ സംബന്ധിച്ച് സൂചനകള്‍ ലഭിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
















