ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീ-ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി. ഗ്രീക്ക് ക്ലബായ ഒളിമ്പിയാക്കോസാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കെട്ടുകെട്ടിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഒളിമ്പിയാക്കോസ് സ്വന്തം മൈതാനത്ത് വിജയം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഗംഭീര വിജയം സ്വന്തമാക്കി. റഷ്യന്‍ ക്ലബായ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബൊറൂസിയ മുക്കിയത്.
ഏതന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഡൊമിനിഗസും രണ്ടാം പകുതിയില്‍ കാംബെല്ലുമാണ് ഒളിമ്പിയാക്കോസിനായി വിജയഗോളുകള്‍ നേടിയത്. മാര്‍ച്ച് 19ന് ഓള്‍ഫ് ട്രാഫോഡില്‍ നടക്കുന്ന രണ്ടാപാദത്തില്‍ തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ 1999നുശേഷം ആദ്യമായിട്ടായിരിക്കും യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്താകുന്നത്. 1984-ല്‍ നടന്ന കപ്പ് വിന്നേഴ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ റിട്ടേണ്‍ മാച്ചില്‍ ഡീഗോ മാറഡോണയുടെ ബാഴ്സലോണയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് മറികടന്ന് തിരിച്ചെത്തിയ ചരിത്രവുമുണ്ട് യുണൈറ്റഡിന്. പന്ത് കൂടുതല്‍ സമയം സ്വന്തം നിയന്ത്രണത്തില്‍ വെച്ചിട്ടും ലക്ഷ്യബോധമില്ലാതെ കളിച്ച സ്ട്രൈക്കര്‍മാരാണ് യുണൈറ്റഡിന്റെ പരാജയത്തിന് കാരണം. വെയ്ന്റൂണിയും വാന്‍പെഴ്സിയും അന്റോണിയോ വലന്‍സിയയും അവസരങ്ങള്‍ പാഴാക്കുന്നതിലാണ് ശ്രദ്ധചെലുത്തിയത്. 90 മിനിറ്റ് പോരാട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് അവര്‍ക്ക് ഗ്രീക്ക് പടയെ വിറപ്പിക്കാന്‍ പോന്നൊരു ഷോട്ട് ഗോളിലേക്ക് പായിക്കാന്‍ കഴിഞ്ഞത്. അതേസമയം ഒളിമ്പിയാക്കോസ് 12 ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു.
തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഒളിമ്പിയാക്കോസ് 38-ാം മിനിറ്റില്‍ ഗോള്‍ നേടി. പെനാല്‍ട്ടി ബോക്സിലേക്ക് ജോയല്‍ കാംബെല്‍ നല്കിയ ക്രോസില്‍ മധ്യനിരതാരം മാന്റിയാറ്റിസ് അടിച്ച ശക്തി കുറഞ്ഞ ഷോട്ട് ഡൊമിനിഗസ് പുറം കാലുകൊണ്ട് പോസ്റ്റിലേക്ക് തിരിച്ചു വിട്ടപ്പോള്‍ യുണൈറ്റഡ് ഗോളി നിസ്സഹായനായി നോക്കി നിന്നു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ യുണൈറ്റഡ് സമനില നേടേണ്ടതായിരുന്നു. റൂണിയുടെ ഫ്രീകിക്ക് കോസ്റ്റാസ് മനോലസ് സ്വന്തം പോസ്റ്റിനു മുകളിലൂടെ കുത്തിയകറ്റി. രണ്ടാം പകുതിയിലും യുണൈറ്റഡ് കളിക്കാര്‍ പന്തു കിട്ടാന്‍ ബുദ്ധിമുട്ടി. പിന്നീട് 54-ാം മിനിറ്റില്‍ ഒളിമ്പിയാക്കോസ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മൈക്കല്‍ ഒലൈറ്റാന്റെ പാസില്‍ നിന്ന് ജോയല്‍ കാംപെല്‍ ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ടാണ് യുണൈറ്റഡ് വലയില്‍ കയറിയത്.
അലക്സ് ഫെര്ഗൂസണ് യുഗത്തിലെ ടീമിന്റെ വെറും നിഴല്‍രൂപത്തെയാണ് ഗ്രീക്ക് മണ്ണില്‍ കണ്ടത്. ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം വന്‍ പരാജയമായിരുന്നു ഡേവിഡ് മോയെസിന്റെ ടീം. പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് മോയെസ് പറഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെ ദയനീയമായിരുന്നു ടീമിന്റെ പ്രകടനം.
മറ്റൊരു മത്സരത്തില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എവേ മത്സരത്തില്‍ റഷ്യന്‍ ടീമായ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ തകര്‍ത്തുവിട്ടത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബൊറൂസിയയടെ വിജയം. തകര്‍പ്പന്‍ വിജയത്തോടെ ബൊറൂസിയ ക്വാര്‍ട്ടര്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. രണ്ടാം പാദത്തില്‍ നാല് എവേ ഗോളുകളുടെ മുന്‍തൂക്കത്തിലാണ് ബൊറൂസിയ സ്വന്തം മൈതാനത്ത് ഇറങ്ങുക.
നാലാം മിനിറ്റില്‍ ഹെന്റിക് കിതാറയനും, അഞ്ചാം മിനിറ്റില്‍ മാര്‍ക്കോ റൂയിസും തുടങ്ങിയ ഗോള്‍ വേട്ട സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പൂര്‍ത്തിയാക്കി. 61, 71 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്സ്കിയുടെ ഗോളുകള്‍. 57-ാം മിനിറ്റില്‍ ഒലെഗ് ഷാറ്റോവ്, 69-ാം മിനിറ്റില്‍ പെനാല്റ്റിയിലടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഹള്‍ക്ക് എന്നിവരാണ് സെനിത്തിന്റെ ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: