ന്യൂദല്‍ഹി: തെലങ്കാനയെന്ന നിഷ്ക്കളങ്കയായ പെണ്‍കുട്ടിയേയും ആന്ധ്രയെന്ന വികൃതിപ്പയ്യനേയും ചേര്‍ത്തുവച്ചതിനു ജവഹര്‍ലാല്‍ നെഹ്റു പല ന്യായങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ 58 വര്‍ഷങ്ങള്‍ക്കു ശേഷം ദാമ്പത്യം പിരിക്കാനുള്ള നെഹ്റുവിന്റെ പിന്‍ഗാമികളുടെ ഉദ്യമങ്ങള്‍ ദുരന്തമായി മാറുകയാണ്. അതിന്റെ അവസാനത്തെ നാണംകെട്ട കാഴ്ചകള്‍ പാര്‍ലമെന്റില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ മൂകസാക്ഷിയായി ഭരണപക്ഷ ബെഞ്ചില്‍ നെഹ്റു കുടുംബത്തിലെ പിന്‍ഗാമി രാഹുല്‍ഗാന്ധിക്ക് ഇരിക്കേണ്ടിവന്നു. സ്വന്തം പാര്ട്ടിക്കാര് തമ്മില്‍ത്തല്ലുന്നതും ആയുധം പ്രയോഗിക്കുന്നതും കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടു തന്നെ.
1956 നവംബര്‍ 1ന് തെലങ്കാനയും ആന്ധ്രയും ചേര്‍ത്ത് ആന്ധ്രാപ്രദേശ് രൂപീകരിച്ചപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തില്‍ തെലങ്കാനയെ വിശേഷിപ്പിച്ചത് നിഷ്ക്കളങ്കയായ പെണ്‍കുട്ടിയായും ആന്ധ്രയെ വികൃതിപ്പയ്യനായും. ഇരുഭാഗങ്ങളേയും ചേര്‍ത്തുവയ്ക്കുന്നതിന് നല്ലതും ചീത്തയുമായ ഭാഗങ്ങളുണ്ടെന്നു സമ്മതിച്ച നെഹ്റു പക്ഷേ, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്ലതാണ് തീരുമാനമെന്ന് പറഞ്ഞു. ആറു പതിറ്റാണ്ടിനു ശേഷം സംസ്ഥാന വിഭജനവുമായി മുന്നോട്ടു പോകുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് “ദാമ്പത്യം” പിരിക്കുന്നതിന്റെ ന്യായം സ്വന്തം പാര്‍ട്ടിക്കാര്‍ക്കു പോലും മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കുന്നില്ല.
യാദവകുലം തമ്മില്‍ത്തല്ലി ഇല്ലാതായ പുരാണ സന്ദര്‍ഭത്തോടു ചേര്‍ത്തുവയ്ക്കാമായിരുന്നു പാര്‍ലമെന്റിലെ ഇന്നലത്തെ കാഴ്ചകളെ. കോണ്‍ഗ്രസിന്റെ ലോക്സഭാംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ലമെന്റിനുള്ളില്‍ അഴിഞ്ഞാടി. പാര്‍ലമെന്റിന്റെ പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ആസൂത്രിതമായ നീക്കങ്ങളാണ് പാര്‍ലമെന്റില്‍ നടന്നതെന്ന് വ്യക്തമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിനെ കളങ്കപ്പെടുത്തിയതിനു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നെന്ന് വ്യക്തം.
ആന്ധ്രാപ്രദേശില്‍ നിന്നും ലോക്സഭയിലുള്ള കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം 31 ആണ്. രാജ്യസഭയില്‍ 13ഉം. ആകെയുള്ള 60ല്‍ 42പേരും കോണ്‍ഗ്രസ് അംഗങ്ങളാണ്. നിയമസഭയിലും കോണ്‍ഗ്രസിനു മൃഗീയ ഭൂരിപക്ഷം. എന്നിട്ടും 2013 ജൂലൈ 30ന് സംസ്ഥാന വിഭജനം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ കൈമാറുമ്പോള്‍ ദേശീയ നേതൃത്വത്തെ പിന്തുണയ്ക്കാന്‍ പാര്ലമെന്റംഗങ്ങളാരുമുണ്ടായിരുന്നില്ല. സ്വന്തം പാര്‍ട്ടിയിലുള്ള ദേശീയ-സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുപ്പിക്കാന് രാഹുല്‍ഗാന്ധിക്കും സോണിയാഗാന്ധിക്കും ഒരുഘട്ടത്തിലും സാധിച്ചിരുന്നില്ല. സ്വന്തം പാര്‍ട്ടിക്കകത്തെ പ്രതിഷേധത്തെ പണവും അധികാരവും നല്കി തണുപ്പിക്കാമെന്ന പരമ്പരാഗത രീതിയില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് വിശ്വസിച്ചിരുന്നത്. എന്നാല്‍ വിഷയം വൈകാരിത തലത്തിലേക്ക് വളര്‍ന്നതോടെ ആന്ധ്രാ വിഭജനം കോണ്‍ഗ്രസിന്റെ അടിവേരിളക്കുന്നതായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാജ്യതലസ്ഥാനവും ആന്ധ്രാപ്രദേശും ഒരിക്കലുമുണ്ടാകാത്ത പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷിയായി. ഒടുവില്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിനും കാരണക്കാരാക്കി കോണ്‍ഗ്രസ് നേതൃത്വം വികൃതിപ്പയ്യനേയും നിഷ്ക്കളങ്കയായ പെണ്‍കുട്ടിയേയും എന്നന്നേയ്ക്കുമായി അകറ്റുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: