ന്യൂദല്‍ഹി: ഹൈദരാബാദിനെ പത്തുവര്‍ഷത്തേക്ക് തെലങ്കാനയുടേയും സീമാന്ധ്രയുടേയും പൊതു തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് ആന്ധ്രാപ്രദേശ് വിഭജന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന രണ്ടുമണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗമാണ് തെലങ്കാന ബില്‍ അംഗീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിക്കു തയ്യറായിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും കിരണ്‍കുമാര്‍ റെഡ്ഡിയും ഭൂരിപക്ഷം എംഎല്‍എമാരും രാജിവെച്ചേക്കുമെന്നാണ് സൂചന.
ഹൈദ്രാബാദിനെ പൊതു തലസ്ഥാനമാക്കണമെന്ന സീമാന്ധ്രയില്‍ നിന്നുള്ള നേതാക്കളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. സംസ്ഥാന വിഭജനത്തിനെതിരെ രാജ്യതലസ്ഥാനത്തും ആന്ധ്രാപ്രദേശിലും വലിയ പ്രക്ഷോഭ പരിപാടികള്‍ വിഭജന തീരുമാനത്തോടെ ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളെ നേരിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വരും ദിവസങ്ങള്‍ സംഘര്‍ഷഭരിതമായി മാറും.
തെലങ്കാന ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ഫെബ്രുവരെ 12ന് രാജ്യസഭയിലെത്തുമെന്നാണ് സൂചന. ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ കോടതി തള്ളുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും അതിശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി.
കേന്ദ്രസര്‍ക്കാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയേയോ സോണിയാഗാന്ധിയേയോ രാഹുല്‍ ഗാന്ധിയേയോ വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലിതെന്നും ഒന്‍പത് കോടി തെലുങ്കരുടെ വിഷയമാണെന്നും വ്യക്തമാക്കി. തെലങ്കാന വിഷയത്തില്‍ ഒരു തവണയെങ്കിലും വായ തുറന്ന് പ്രധാനമന്ത്രി അഭിപ്രായം പറയണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്രമന്ത്രിസഭ പാസാക്കിയ തെലങ്കാന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതു മുതല്‍ തെലങ്കാന വിഷയത്തില്‍ ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ്, ടിഡിപി അംഗങ്ങള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയാണ്. ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും അനുവദിക്കില്ലെന്നാണ് ആന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ നിലപാട്. ഇന്നലെയും തെലങ്കാന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: