ന്യൂദല്‍ഹി: നരേന്ദ്രമോദിയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കേസില്‍ ബിജെപി നേതാവ് അമിത് ഷാക്കെതിരേയും തെളിവില്ലാതായതിനെ തുടര്‍ന്ന് സിബിഐ ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. ഐ ബി മുന്‍ ഡയറക്ടര്‍ രജീന്ദ്രകുമാര്‍ ഐപിഎസ്, പി.മിത്തല്‍, എം.കെ സിന്‍ഹ, രാജീവ് വാങ്കഡെ എന്നിവരെയാണ് കേസിലെ പ്രതികളായി സിബിഐ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ യാതൊരു തെളിവുകളും സൃഷ്ടിക്കാന്‍ സാധിക്കാതായതോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും മുന്‍ ആഭ്യന്തരമന്ത്രി അമിതി ഷായേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. അഹമ്മദാബാദിലെ പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
തികച്ചും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സിബിഐയെ ഉപയോഗിച്ചു കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും നടത്തിയ നീക്കങ്ങളുടെ അവസാനമാണ് ഐ.ബി ഉദ്യോഗസ്ഥരെ കേസില്‍ പ്രതിസ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്. ഇതോടെ സിബിഐ- ഐ.ബി ഭിന്നതയും രഹസ്യാന്വേഷണ വിഭാഗവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഭിന്നതയും രൂക്ഷമായി. ഐ ബി ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാനുള്ള നീക്കം ആരംഭിച്ചപ്പോള്‍ തന്നെ രഹസ്യാന്വേഷണ വിഭാഗം രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നതാണ്. ആദ്യമായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ഐബി ഉദ്യോഗസ്ഥര്‍ കൊലക്കേസ് പ്രതികളാകുന്നത്. ഐ ബി ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്ന ആവശ്യം അംഗീകരിക്കണമെങ്കില്‍ മതിയായ തെളിവുകള്‍ ആഭ്യന്തര വകുപ്പിന് കൈമാറണമെന്ന നിര്‍ദ്ദേശം അവഗണിച്ചാണ് ധൃതിയില്‍ അഹമ്മദാബാദ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതെന്നാണ് സൂചന.
സെക്ഷന്‍ 120 ബി ക്രിമിനല്‍ ഗൂഢാലോചന,കൊലപാതകം,തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ആയുധ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 1979 ബാച്ചിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രജീന്ദ്രകുമാര്‍ ഐബി സ്പെഷ്യല്‍സെല്‍ ഡയറക്ടറായി രണ്ടു മാസം മുമ്പ് സര്‍വ്വീസില്‍ നിന്നു വിരമിച്ചിരുന്നു. മറ്റു മൂന്ന് ഉദ്യോഗസ്ഥരും നിലവില്‍ ഐബിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
ഇസ്രത് ജഹാന്, മലയാളിയായ പ്രാണേഷ് പിള്ളയെന്ന ജാവേദ് ഷെയ്ഖ് എന്നിവര്‍ ഭീകരര്‍ അല്ലെന്നാണ് സിബിഐയുടെ രണ്ടാം കുറ്റപത്രത്തിലും പറയുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നല്കിയ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് പോലീസ് ഇവരെ വെടിവെച്ചു കൊന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതിചേര്‍ക്കപ്പെട്ട നാലുപേരും ഗുജറാത്ത് പോലീസുമായി ഗൂഢാലോചന നടത്തിയാണ് ഇസ്രത്തിനേയും കൂട്ടരേയും കൊന്നതത്രേ. തുടര്‍ന്ന് രജീന്ദ്രകുമാറിന്റെ കൈവശമിരുന്ന എ കെ 56 തോക്കുകള്‍ മൃതദേഹത്തില്‍ വയ്ക്കുകയും ഭീകരരായി വരുത്തി തീര്‍ക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.
2004 ജൂണ്‍ 15നാണ് നരേന്ദ്രമോദിയെ വധിക്കുന്നതിനുള്ള ദൗത്യവുമായി സഞ്ചരിക്കുന്നതിനിടെ ഐ.ബി നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രത് ജഹാന് അടക്കം നാലു ഭീകരര്‍ അഹമ്മദാബാദില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ മോദിയും ആഭ്യന്ത്രമന്ത്രിയായിരുന്ന അമിത് ഷായും ഗൂഢാലോചന നടത്തി വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇസ്രത്തിനേയും കൂട്ടരേയും കൊന്നതെന്നായിരുന്നു മോദിവിരുദ്ധ ക്യാമ്പുകളുടെ പ്രചാരണം. നരേന്ദ്രമോദിയെ പ്രതിസ്ഥാനത്തെത്തിക്കാനുള്ള രാഷ്ട്രീയ ആയുധമായി കോണ്‍ഗ്രസ് കേസിനെ മാറ്റിയതോടെയാണ് ഐ.ബി ഉദ്യോഗസ്ഥര്‍ക്കു കള്ളക്കേസില്‍ അകപ്പെടേണ്ടി വന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: