ധ്യാനത്തിന് മന്ത്രം ഒരു സഹായമാണ് എന്നതുപോലെ ‘കാളി’യുടെയും ‘ദുര്‍ഗ’യുടെയും മറ്റും ആരാധനവും ധ്യാനത്തിന് സഹായകമാണ്. ഒടുവില്‍ പറഞ്ഞത് പ്രതീകത്തിലൂടെയോ പ്രതിമയിലൂടെയോ ഉള്ള ഈശ്വരാരാധനമാണ് എന്ന് പറയപ്പെടുന്നു. ഇവിടെ എന്നും പ്രതീകമോ പ്രതിമയോ അല്ല ആരാധിക്കപ്പെടുന്നത് എന്നും പ്രതീകത്തിലോ പ്രതിമയിലോ ഉള്ള ഈശ്വരനെ മാത്രമാണെന്നും പ്രതീകവും പ്രതിമയും ഈശ്വരന്റെ ഒരു സങ്കല്‍പ്പം മാത്രമാണെന്നും മനസ്സിലാക്കണം.
ആരാധനയുടെ ഈ വിവിധ രൂപങ്ങള്‍ ആത്മീയോല്‍ക്കര്‍ഷത്തിന്റെ വ്യത്യസ്തപതനങ്ങളില്‍പ്പെട്ട വ്യത്യസ്ത വ്യക്തികളുടെ ആവശ്യങ്ങള്‍ക്കുതകുന്നതിന് വേണ്ടി ഏര്‍പ്പെടുത്തപ്പെട്ടവയാണ്. ആദ്യമായി എഴുതാന്‍ പഠിക്കുന്ന ഒരുവന്‍ വലിയ അക്ഷരങ്ങളില്‍ എഴുതുന്നു. പിന്നീട് മാത്രമേ അവന് ചെറിയ കയ്‌പടയില്‍ എഴുതാന്‍ കഴിയുകയുള്ളൂ. അതുപോലെ ആദ്യം ഈശ്വരരൂപങ്ങളില്‍ മനസ്സിനെ ഉറപ്പിച്ചുവേണം ഏകാഗ്രധ്യാനശക്തി നേടാന്‍. രൂപത്തില്‍മനസ്സുറപ്പിക്കുന്ന കാര്യത്തില്‍ സാമാന്യം വിജയിച്ചാല്‍ പിന്നീട് അരൂപചൈതന്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയും.
– സ്വാമി ചിന്മയാനന്ദന്‍
















