മഞ്ചേരി: സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് മഞ്ചേരിയില്‍ ഡെംപോ ഗോവയും കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗും കൊമ്പുകോര്‍ക്കും. രാത്രി 7.30നാണ് സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കാനുള്ള ആവേശകരമായ പോരാട്ടത്തിന് കിക്കോഫ്. ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങളും വിജയിച്ച് ഡെംപോക്കും മുഹമ്മദന്സിനും ആറ് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മുഹമ്മദന്സിനേക്കാള് ഒരു ഗോള്‍ കൂടുതല്‍ ഡെംപോ നേടിയിട്ടുണ്ട്. അതിനാല്‍ ഇന്നത്തെ പോരാട്ടത്തില്‍ ഒരു സമനില മാത്രം മതി ഡെംപോക്ക്സെമിയില് പ്രവേശിക്കാന്‍. അതേസമയം മുഹമ്മദന്‍സിന് അവസാന നാലില്‍ ഇടംപിടിക്കാന്‍ വിജയം അനിവാര്യമാണ്. വൈകിട്ട് 4.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഭവാനിപൂര്‍ എഫ്സിയും യുണൈറ്റഡ് സിക്കിം എഫ്സിയുമാണ് ഏറ്റുമുട്ടുക. ഇരു ടീമുകളും കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പുറത്തായതിനാല്‍ പോരാട്ടത്തിന് പ്രസക്തിയില്ല. എങ്കിലും ആശ്വാസജയം തേടിയായിരിക്കും ഭവാനിപൂരും യുണൈറ്റഡ് സിക്കിമും മൈതാനത്തിനിറങ്ങുക.
ഗ്രൂപ്പ് ഡിയിലെ നിര്‍ണായക പോരാട്ടം നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. മഞ്ചേരിയില്‍ നടന്ന മറ്റ് മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. കാല്‍ലക്ഷത്തോളം ഫുട്ബേള്‍ പ്രേമികളാണ് കഴിഞ്ഞ ദിവസങ്ങളില്‍നടന്ന പോരാട്ടം കാണാന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഡെംപോ 2-1ന് ഭവാനപൂര് എഫ്സിയെയും മുഹമ്മദന്‍സ് ഇതേ സ്കോറിന് യുണൈറ്റഡ് സിക്കിമിനെയും പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ഡെംപോ 3-0ന് യുണൈറ്റഡ് സിക്കിമിനെ കീഴടക്കിയപ്പോള്‍ മുഹമ്മദന്‍സിന്റെ രണ്ടാം വിജയം ഭവാനിപൂര്‍ എഫ്സിക്കെതിരെ 2-0നായിരുന്നു. ഇതോടെയാണ് ഒരു ഗോളിന്റെ മുന്‍തൂക്കം ഡെംപോക്ക് സ്വന്തമായത്.
ഓസ്ട്രേലിയക്കാരനായ ടോള്‍ഗെ ഒസ്ബെയും ബ്രസീലുകാരനായ റോബര്‍ട്ടോ മെന്‍ഡസുമാണ് ഡെംപോയുടെ കരുത്ത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഡെംപോ നേടിയ അഞ്ച് ഗോളുകളില്‍ നാലെണ്ണവും സ്വന്തമാക്കിയത് ഈ വിദേശി താരങ്ങളാണ്. റോബര്‍ട്ടോ മെന്‍ഡസ് ഭവാനിപൂര്‍ എഫ്സിക്കെതിരെയും യുണൈറ്റഡ് സിക്കിമിനെതിരെയും ഓരോ ഗോള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയക്കാരനായ ടോള്‍ഗെ ഒസ്ബെ രണ്ട് ഗോളുകളും നേടിയത് യുണൈറ്റഡ് സിക്കിമിനെതിരെയാണ്. പ്രതിരോധനിരക്ക് കരുത്തുപകാരാന് മറ്റൊരു ഓസ്ട്രേലിയക്കാരനായ സിമോണ്‍ കൊളോസിമോയും രംഗത്തുണ്ട്. ബ്രസീലുകാരനായ ജോസിമറും നൈജീരിയക്കാരനായ പെന്‍ ഒര്ജിയുമാണ് മുഹമ്മദന്‍സിന്റെ കരുത്ത്. കൂടാതെ മുന്‍ ഇന്ത്യന്‍ ഫുട്ബോളറായ സയിദ് റഹിം നബി, പ്രതിരോധത്തിലെ കരുത്തനായ നിര്‍മല്‍ ഛേത്രി, ബ്രസീലുകാരനായ ലൂസിയാനോ സബ്റോസ എന്നിവരാണ് മുഹമ്മദന്‍സിന്റെ കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: