ന്യൂദല്‍ഹി: ക്രിക്കറ്റ് ഭരണ രംഗത്തേക്ക് തിരിച്ചുവരാനുള്ള മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയുടെ ശ്രമങ്ങളുടെ ഫലപ്രാപ്തി ജനുവരി 17ന് അറിയാം. മോദി മത്സരാര്‍ത്ഥിയായ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സുപ്രീം കോടതി താത്കാലികമായി മാറ്റിവച്ചു.
തെരഞ്ഞെടുപ്പ് ഫലം അടങ്ങുന്ന സീല്‍ ചെയ്ത പെട്ടി 17ന് തുറന്ന് പരിശാധിക്കുമെന്ന് കോടതി അറിയിച്ചു. ലളിത് മോദി ജയിക്കുകയാണെങ്കില്‍ ബിസിസിഐ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങളിന്‍മേല്‍ വാദം കേള്‍ക്കുമെന്നും എ.ആര്‍. ഡാവെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനിലേക്ക് ഡിസംബര്‍ 19നാണ് വോട്ടെടുപ്പ് നടന്നത്. ഐപിഎല്‍ ക്രമക്കേടുകളുടെ പേരില്‍ വിലക്ക് നേരിടുന്ന ലളിത് മോദി മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ബിസിസിഐ കോടതിയെ സമീപിച്ചത്.
















