ലണ്ടന്‍: ചുവന്ന ചെകുത്താന്‍മാരെന്നു വിളിപ്പേരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയത്തിന്റെ വേട്ടനായ്‌ക്കള്‍ പിന്തുടരുന്നു. എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ സ്വന്തം തട്ടകത്തില്‍ സ്വാന്‍സിക്കു മുന്നില്‍ മാന്‍.യു മുട്ടുകുത്തി (2-1). പുതുവര്‍ഷ ദിനത്തിലെ പ്രീമിയര്‍ ലീഗ് പോരാട്ടത്തിലും യുണൈറ്റഡ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ തോല്‍വിയുടെ കയ്‌പ്പുനീര്‍ കുടിച്ചിരുന്നു. അതിനു പിന്നാലെയാണ് എഫ്‌എകപ്പിലെ തിരിച്ചടി. അതേസമയം, ഡെര്‍ബിയെ മറികടന്ന് ചെല്‍സി നാലാം റൗണ്ടിലേക്കു കുതിച്ചു.
സ്വാന്‍സിക്കെതിരായ അങ്കത്തില്‍ മാന്‍.യു പ്രതീക്ഷാ നിര്‍ഭരമായ തുടക്കമാണിട്ടത്. എന്നാല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണിയുടെ കുറവും പ്രതിരോധ ഭടന്‍ ഫാബിയോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും ഡേവിഡ് മോയസിന്റെ ടീമിന്റെ പ്രകടനത്തെ ഏറെ ബാധിച്ചു. അതവരെ സ്വാന്‍സിയോടുള്ള ആദ്യ തോല്‍വിയിലേക്ക് നയിച്ചു.
മത്സരത്തിന്റെ ഒഴുക്കിനു വിരുദ്ധമായൊരു ഗോളിലുടെ 12-ാം മിനിറ്റില്‍ തന്നെ സ്വാന്‍സി യുണൈറ്റഡിനെ ഞെട്ടിച്ചുകളഞ്ഞു. അലക്സ് പൗസ്യുലോ നീട്ടിയെറിഞ്ഞ ത്രോ പിടിച്ചെടുത്ത് വെയ്ന്‍ റൗട്ട്ലഡ്ജ് തൊടുത്ത വലം കാലന്‍ ഷോട്ട് യുണൈറ്റഡിന്റെ വലയില്‍ ഓളങ്ങള്‍ തീര്‍ക്കുമ്പോള്‍ ഗ്യാലറി തരിച്ചിരുന്നു (1-0). എന്നാല്‍ നാല് മിനിറ്റുകള്‍ക്കുശേഷം യുണൈറ്റഡ് സമനില പിടിച്ചു. അലക്സാണ്ടര്‍ ബട്ട്നര്‍ നല്‍കിയ ക്രോസില്‍ ജാവിയര്‍ ഹെര്‍ണാണ്ടാസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു (1-1).
80-ാം മിനിറ്റില്‍ സ്വാന്‍സിയുടെ ജോസ് കനാസിനെ ഫൗള്‍ചെയ്തതിന് ഫാബിയോക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചു. പത്ത് മിനിറ്റിന് ശേഷം സ്വാന്‍സി വിജയഗോളും സ്വന്തമാക്കി. വെയ്ന്‍ റൗട്ട്ലഡ്ജിന്റെ ക്രോസിന് തകര്‍പ്പനൊര് ഹെഡ്ഡറിലൂടെ വില്‍ഫ്രെഡ് ബോണി പൂര്‍ണതയേകി (2-1).
മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഡെര്‍ബിക്കുമേല്‍ ചെല്‍സിയുടെ ജയം. 66-ാം മിനിറ്റില്‍ നൈജീരിയന്‍ താരം ജോണ്‍ ഒബി മൈക്കലും 71-ാം മിനിറ്റില്‍ ഓസ്കറും നീലപ്പടയുടെ ഗോള്‍ ദാഹമടക്കി. 2-0ത്തിന് ഓള്‍ഢാമിനെ പരാജയപ്പെടുത്തി ലിവര്‍പൂളും നാലാം റൗണ്ടിലെത്തി. 54-ാം മിനിറ്റില്‍ ലാഗോ ആസ്പാസിന്റെ സ്ട്രൈക്കും 82-ാം മിനിറ്റില്‍ ടാര്‍കോവ്സ്കി ദാനമായി നല്‍കിയ സെല്‍ഫ് ഗോളമാണ് ലിവര്‍പൂളിന് തുണയായത്.
വെസ്താമിനെ അട്ടിമറിച്ച് നോട്ടിംഘാം ഫോറസ്റ്റും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. 5-0ത്തിനായിരുന്നു നോട്ടിംഘാം ഫോറസ്റ്റിന്റെ ജയം. ജാമി പാറ്റേഴ്സന്‍ ഹാട്രിക്ക് നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാര്‍ലിസ്ലിയെ പുറത്തേക്കടിച്ച സണ്ടര്‍ലാന്റും മുന്നേറിയവരില്‍പ്പെടുന്നു.
















